മാൽസൂപ്പിയൻ ഗാഥകൾ 26

അങ്ങനെ അതു തീരുമാനിക്കപ്പെട്ടു. മാൽസൂപ്പിയയിൽ നിന്നും ഉള്ള മടക്കം. നീക്കങ്ങൾ പരമ രഹസ്യമായി ആണ്. മിറിയത്തിന്റെ മാതാവിനോട് യാത്ര പറയണം എന്നുണ്ടായിരുന്നു. അതുനടന്നില്ല. 'അമ്മ' അറിഞ്ഞാൽ യാത്ര മുടങ്ങും. പോകാൻ അനുവദിക്കില്ല. പണ്ട് കടൽ കോപിച്ച മാസങ്ങളിൽ ഒന്നിൽ വഞ്ചിയിൽ ചക്രവാളം നോക്കി തുഴഞ്ഞു പോയ ആളാണ് മിറിയത്തിന്റെ പിതാവ്. ഇതുവരെ തിരിച്ചുവന്നിട്ടില്ല.

  '' മരിക്കില്ല എന്നു പറഞ്ഞിട്ട്... !''

'' കടലിൽ മരിച്ചാൽ ശവം കരയ്ക്കടിയും. മിറിയത്തിന്റെ പിതാവിന്റെ ശവം കരയ്ക്കടിഞ്ഞിട്ടില്ല.
അതായത്; അദ്ദേഹം മരിച്ചിട്ടില്ല.. ''

'' മരിച്ചിട്ടില്ലെങ്കിൽ മടങ്ങാത്തതെന്ത്...? ''

'' മാൽസൂപ്പിയയ്ക്ക് ഉള്ളിൽ നിന്നും പുറത്തേയ്ക്കുള്ള യാത്രയിലേ 'അ' രക്ഷകനാവൂ... മാൽസൂപ്പിയയിലേയ്ക്ക് ഈ സമയം കടൽ വഴി കടക്കാൻ ശ്രമിച്ചാൽ 'അ' ശരിക്കുള്ള മുഖം കാട്ടും...''

'' ഒരു ദിശയിൽ മാത്രം സഞ്ചരിക്കാവുന്ന പാത... മിത്തിൽ എനിക്ക് വിശ്വാസം ഇല്ല... ''

'' ശാസ്ത്രത്തിന്റെ ഭാഷയാണ് വേണ്ടത് എങ്കിൽ സമുദ്രജല പ്രവാഹം ആവാം മാൽസൂപ്പിയയുടെ ഒറ്റപ്പെടലിന് കാരണം.
'അ' യും 'മ' യും ഒന്നും അല്ല സുഹൃത്തേ...
അതി ശക്തമായ സമുദ്രജല പ്രവാഹമാണ്...
ഈ കാലാവസ്ഥയുടെ പിതാവും കടലിലെ ആ ഭീകരൻ നദികൾ തന്നെ...''

     കടലിലെ നദികൾ. എനിക്ക് ഇഷ്ടമായി ആ പ്രയോഗം.

'' കരയിൽ നിന്നും കടലിലേയ്ക്ക് അതിശക്തമായ അടിയൊഴുക്ക് ഉണ്ട് ഇപ്പോൾ. തിരകൾ വെറും മുഖം മൂടികൾ. ജലപ്രവാഹത്തിന്റെ ശക്തിയിൽ വളളങ്ങൾക്ക് വേഗം കൂടും. പക്ഷേ ആഴങ്ങളിലേയ്ക്ക് മുങ്ങിപ്പോകില്ല. ''

'' അപ്പോൾ വമ്പൻ യാനങ്ങളിൽ യാത്ര ചെയ്യാൻ പറ്റാത്തതിന് കാരണം... ''

'' അവയുടെ വേഗത നിയന്ത്രണാതീതം ആവും. കപ്പലുകൾ തകരും. ''

'' ചെറിയ വള്ളങ്ങളെ വേഗത അധികം ബാധിക്കില്ല അല്ലേ... ''

'' വള്ളത്തെ സ്വതന്ത്രമായി ചലിക്കാൻ വിടുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ''

  സംശയങ്ങൾ തീർന്നു. ശാസ്ത്രം കളിതുടങ്ങുമ്പോൾ മിത്തുകളോടുള്ള കൗതുകം പറന്നു പോകും. പിന്നെ ചിന്തകൾ ഗൗരവമാകും
മിത്തുകൾക്ക് ഒരു ലാളിത്യമുണ്ട്. മുത്തശ്ശി കഥകളുടെ ലാളിത്യം.

      നാല് ചെറു വള്ളങ്ങൾ. ആളേറെ ഇല്ലാത്ത തീരമാണ്. യാത്ര പറയാൻ ആരുമില്ല, യാത്ര അയയ്ക്കാനും ഓരോ വള്ളത്തിലും ഒരാൾക്ക് മാത്രം കയറാം.
കടലിന്റെ പ്രലോഭനം ഒരുവശത്ത്, അപകടം ഉണ്ടായേക്കും എന്ന ഭയം മറുവശത്ത്. ഇതുപോലെ ഉത്തരമില്ലാത്ത ഒരു ചോദ്യത്തെ ഇതിനു മുൻപ് നേരിട്ടിട്ടില്ല.
ഇനിയും പിൻതിരിയാം. യാത്ര ഉപേക്ഷിക്കാം. കുറേ നാൾ കൂടി കാത്തിരുന്നാൽ സുരക്ഷിതമായി വിമാനത്തിലോ കപ്പലിലോ കയറിപ്പറ്റാം. പരാജയപ്പെടുമെന്ന പേടിയാണോ.
പരാജയമെന്നാൽ ഇവിടെ മരണമാണ്.
പക്ഷേ ഭയമില്ല.
സഞ്ചരിക്കുക എന്നതാണ് ധർമം. മാർഗ്ഗം മരണത്തിലേയ്ക്കെങ്കിൽ സ്വീകരിക്കുക തന്നെ.

നാലു വള്ളങ്ങൾക്കും കുറുകേ ഒരു കയർ വിരിച്ചിരിക്കുന്നു. കെട്ടിയിട്ടില്ല.

'' 'അ' അനുവതിക്കുവോളം നമുക്ക് ഒരുമിച്ച് പോകാം. 'അ' യുടെ പ്രതിഷേധം ഉണ്ടാക്കുന്നതു വരെ കയർ നമ്മളെ ഒന്നിച്ചു നിർത്തും. പലവഴിക്ക് പിരിയാൻ 'അ' കൽപ്പിച്ചാൽ അനുസരിക്കാം... ''

'' യാത്രയ്ക്ക് മുൻപ് എന്തൊക്കെ കരുതണം?  ''

'' ഭക്ഷണം. എത്ര നാൾ വേണ്ടിവരും എന്ന് അറിയില്ല. ശുദ്ധജലം ഏറ്റവും പ്രധാനം.    അതോർത്ത് നിങ്ങൾ ആകുലപ്പെടേണ്ട, ധീരന്മാർ കരുതേണ്ട ഭക്ഷ്യ ശേഖരം എത്രയെന്ന് നമുക്കു മുന്നേ പോയവർ കൃത്യമായി കുറിച്ചു വച്ചിട്ടുണ്ട്... ''

'' നമുക്കു മുന്നേ ഈ കടൽ കടന്ന് തിരിച്ചു വന്നവരുണ്ടോ..? ''

'' തീർച്ചയായും... നമ്മൾ ഒരു തിര മാത്രം. നമുക്ക് മുന്നേ കടന്നു പോയ അനേകം തിരകളെ അനുകരിക്കാൻ നോക്കി തീരത്തു വന്ന് തലയിടിച്ച് വീഴുന്ന ഒരു തിര... ''

     രാത്രിയാണ് പുറപ്പെടാൻ ഉറച്ചിരിക്കുന്നത്. നിലാവുള്ള കാലമാണ്. തളരാതെ തിരവഴികൾക്ക് അപ്പുറം വരെ തുഴയണം. അതുകഴിഞ്ഞാൽ തോണിയെ ജലപ്രവാഹം വഹിച്ചുകൊള്ളും. മറിയാതെ നോക്കണമെന്നു മാത്രം.

എനിക്കായ് തിരഞ്ഞെടുത്ത തോണി അഖായ് കാട്ടിത്തന്നു. ഒരു തടിപ്പെട്ടിയിൽ ഉണങ്ങിയ റൊട്ടി ഉണ്ട്. ഗുഹായാത്രയുടെ സമയത്തു കഴിച്ച അതേ റൊട്ടി . മൂന്ന് മൺ കലങ്ങൾ നിറയെ ജലം. ഒരു തുഴ. തീർന്നു സന്നാഹങ്ങൾ.

പഴയ കപ്പലുകളിലെന്നപോലെ ഒരു കാറ്റു പായ ഉണ്ട്. അതു നിയന്ത്രിക്കുന്ന വിധം എനിക്ക് അറിയില്ല. അറിയാത്ത കാര്യങ്ങൾ കടൽ പഠിപ്പിച്ചു കൊളളുമെന്നായി അഖായ് ..  



തുടരും ....
                                      A Work by Hari ....

ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു  വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....

Comments