മാല്‍സൂപ്പിയന്‍ ഗാഥകള്‍ 28

  കടൽ പഠിപ്പിക്കുമെന്ന് അഖായ് പറഞ്ഞിരുന്നു. അറിയാത്ത കാര്യങ്ങൾ. പഠിച്ചു. അമിത വേഗത്തിലും വഞ്ചിമറിയാതെ തോണിപ്പായയെ നിയന്ത്രിക്കാൻ പഠിച്ചു. ചാഞ്ചാട്ടത്തിനിടയ്ക്ക് കുടിവെള്ളം നിറച്ച മൺകലങ്ങളിൽ രണ്ടും പൊട്ടി. ശേഷിച്ച ഒന്നിനെ നിധിപോലെ കാത്തുസൂക്ഷിക്കാൻ പഠിച്ചു. മേലുപൊള്ളിക്കുന്ന വെയിലിനെ നേരിടാൻ തോണിപ്പായയുടെ ഒരിത്തിരി നിഴലിൽ ഒളിച്ചിരിക്കാൻ പഠിച്ചു.

കടൽ പഠിപ്പിച്ചു. കടന്നുവന്ന വഴികളിൽ ചെയ്തുകൂട്ടിയ നീതികേടുകളെ പറ്റി, സ്വാർത്ഥതയെ പറ്റി, തുറന്നുപറയാതെ പിൻവാങ്ങിയ പ്രണയങ്ങളെപ്പറ്റി.
കടൽ ഒരു കാമുകിയാണ്...

   കടലിന് അടിയിൽ നിന്നും മെല്ലെ ആകാശത്തിലേയ്ക്ക് ശിരസ്സുയർത്തുന്ന രാക്ഷസന്റെ കൊമ്പുകൾ പോലെ ചക്രവാളത്തിൽ നിന്ന് എന്റെ അടുത്തേയ്ക്ക് അവ ഒഴുകി വന്നുകൊണ്ടിരുന്നു. ഓരോ നിമിഷവും വലിപ്പം കൂടിക്കൂടി വന്നു. ഒടുവിൽ ആകാശത്തോളം ഉയരത്തിൽ കൂർത്തുനിൽക്കുന്ന രണ്ട് മലകൾ. മലകൾ. വിശപ്പും ദാഹവും എന്നെ തളർത്തിക്കഴിഞ്ഞിരുന്നു. ശേഖരിച്ച ശുദ്ധജലം തീർന്നു പോയിരിക്കുന്നു. ഉപ്പുകാറ്റേറ്റ് ചുണ്ടു പൊട്ടിയിരിക്കുന്നു. വെള്ളം വേണം... വെള്ളം കിട്ടിയില്ലെങ്കിൽ ജലപ്രവാഹം കടൽ കടത്തുന്നത് എന്റെ ശവത്തിനെ ആയിരിക്കും.  മലകളിൽ ശുദ്ധജലം ഉണ്ടാകും. അവിടേയ്ക്കു തോണി അടുപ്പിക്കാം. 

   മനസും ശരീരവും ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. സമുദ്രത്തിൽ ഉയർന്നുനിൽക്കുന്ന പർവതങ്ങളെ പറ്റി മന്ത്രിക കഥകളിലൊഴികെ ഞാൻ കേട്ടിട്ടുകൂടി ഇല്ലായിരുന്നു. ഇവയുടെ പ്രലോഭനത്തിൽ വീഴണോ! പ്രലോഭിപ്പിച്ചത് കരയല്ല, അതിൽ ഉണ്ടാകാനിടയുള്ള ജലമാണ്. രണ്ടും പച്ചപ്പുനിറഞ്ഞ മലകളാണ്. ഞാൻ കാണുന്നത് സത്യമാണോ, അതോ മരുഭൂമിയിലെ മരീചികപോലെ ഇത് വെറും തോന്നലോ...

എന്തു സാഹസത്തിനും മനസ്സ് തയ്യാറായിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞാൽ ശരീരം ഇങ്ങനെ പ്രവർത്തിക്കണമെന്നില്ല. അന്ന് ഒരു മല കണ്ടാൽ തോണിയെ നിയന്ത്രിക്കാൻ കഴിയണമെന്നില്ല. ഇതാണ് ശരിയായ അവസരം. ആവശ്യത്തിന് ജലം ശേഖരിച്ച് മടങ്ങാം. വീണ്ടും ജലപ്രവാഹത്തിനൊപ്പം വലിയ കരതേടി നീങ്ങാം.

കാറ്റ് അനുകൂലമായിരുന്നു. കാറ്റിന്റെ ഗതിക്ക് അനുസരിച്ച് വഞ്ചിനീങ്ങാൻ പായകളെ ഞാൻ മുറുക്കികെട്ടി. ജലപ്രവാഹത്തിനും മുൻപുള്ള ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഉറുമ്പു വേഗത്തിൽ തോണിയെ മുന്നോട്ടു നയിക്കാൻ മാത്രം ശക്തിയുള്ള ഒഴുക്കായി പ്രവാഹം പരിമിതപ്പെട്ടിരിക്കുന്നു. ഇതൊക്കെ എപ്പോഴാണ് സംഭവിച്ചത്. ഞാൻ ഒന്നും നിരീക്ഷിച്ചിരുന്നില്ല. ദൂരെ ഉയർന്നു വരുന്ന കുട്ടിച്ചാത്തന്റെ കൊമ്പുകൾ പോലെ മലകൾ കാണുമ്പോൾ പ്രവാഹം ശക്തമായിരുന്നു. മലകൾക്കടുത്തേയ്ക്ക് തോണി പറന്നാണ് വന്നത്. ഇപ്പോൾ മെല്ലെ ആയിരിക്കുന്നു. ഇടയ്ക്ക് എന്റെ മനസ്സ് തോണിയിൽ നിന്നും ഇറങ്ങി മലകൾ സന്ദർശിക്കാൻ പോയനേരമാകാം പ്രവാഹം അപ്രത്യക്ഷമായത്. ഇപ്പോൾ ഞാൻ പ്രവാഹത്തിന് പുറത്താണ്. പായയെ ആഞ്ഞു തളളുന്ന കാറ്റാണ് വഞ്ചിയെ തീരത്തേയ്ക്ക് അടുപ്പിക്കുന്നത്. തീരം അടുത്തതോടെ എന്റെ മനസുപോലെ വെള്ളച്ചാട്ടവും തിരതുള്ളാൻ തുടങ്ങി. ചില ചെറിയ തിരകൾ, ചില വലിയ തിരകൾ., തോണിക്ക് താങ്ങാവുന്നതിലും വലിയ തിരകൾ.

  ഒരു തിര.. തിരയിൽ തോണി ഒന്ന് വട്ടംകറങ്ങി. തോണിത്തലപ്പ് ഊകനൊരു പാറയിൽ പോയി ഇടിച്ചു. ഇവിടെ ഇങ്ങനെ ഒരു പാറ ഉണ്ടായിരുന്നോ... ഇത് ഞാൻ കണ്ടതേയില്ല. എന്റെ ദൃഷ്ടി കരയിൽ മാത്രമായിരുന്നു. അടുത്ത തിരയിൽ വളളം മറിഞ്ഞു. ഞാൻ ആദ്യം ജലത്തിലേയ്ക്ക് മുങ്ങിത്താണു. ഏറെ താണുപോകാതെ തറയിൽ കാലുറച്ചു. കഴുത്തറ്റം വെള്ളമേ ഉള്ളൂ, തിര ഇല്ലാത്തപ്പോൾ. രണ്ടു കാലിൽ നിൽക്കാം എന്നായപ്പോൾ അടുത്ത വലിയ തിരവന്നു. അതെന്നെ കരയ്ക്കടുത്തേയ്ക്ക് അടിച്ചുതെറിപ്പിച്ചു. ഭാഗ്യത്തിന് മുഴച്ചു നിൽക്കുന്ന പാറകളിൽ ഒന്നിലും തല ഇടിക്കാതെ രക്ഷപെടുകയായിരുന്നു. വലിയ തിരകൾ തുടർച്ചയായി ഇല്ല. ഇടയ്ക്കിടക്കേ ഉള്ളൂ. അടുത്ത വലിയ തിരയ്ക്കു മുന്നേ കര പിടിക്കണം. അരയോളം വെള്ളമേ ഉള്ളൂ. ഓടി. വീണ്ടും ഒരു തിര എന്നെ കീഴടക്കി കരയോട് കൂടുതൽ അടുപ്പിച്ചു. ഇത്തവണ മുട്ടുവരെ മാത്രം വെള്ളം.

വീണ്ടും ഒരു തിര വരുംമുന്നേ ഒരുവിധം കരയിലെത്തി. അവിടെ നിന്നും തിരിഞ്ഞുനോക്കിയപ്പോൾ മുന്നിൽ വിശാലമായ കടൽ മാത്രം. അറ്റമില്ലാതെ പരന്നു കിടക്കുന്ന കടൽ. എന്നെ ഇവിടെ എത്തിച്ച കടൽ. കടലിൽ എന്റെ മധ്യസ്ഥനായിരുന്ന തോണി പാറകളിൽ തലതല്ലി തകർന്നുപോയിരിക്കുന്നു...


തുടരും ....
                                      A Work by Hari ....

ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു  വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....

Comments