മാല്‍സൂപ്പിയന്‍ ഗാഥകള്‍ 29

മാൽസൂപ്പിയൻ ഗാഥകൾ അവസാനിച്ചിരിക്കുന്നു. ഞാൻ മാൽസൂപ്പിയയ്ക്ക് പുറത്തെത്തിയിരിക്കുന്നു. മാൽസൂപ്പിയയിൽ മനുഷ്യർ ഉണ്ടായിരുന്നു. മാൽസൂപ്പിയ കുറേ രഹസ്യങ്ങൾ ഒളിപ്പിച്ചതെങ്കിലും തികച്ചും സാധാരണമായ ഒരു ലോകമായിരുന്നു. കുറച്ചു വർഷങ്ങൾക്കകം ലോകത്തെ മറ്റേതൊരു പ്രദേശവുമായും ബന്ധപ്പെടാവുന്ന തികച്ചും സാധാരണമായ ഒരു ദേശമാകും മാൽസൂപ്പിയ. അതിന്റെമേൽ ചാർത്തപ്പെട്ട അസാധാരണത്വം എന്റെ മനസിന്റെ സൃഷ്ടി ആയിരുന്നിരിക്കാം. ഞാൻ എന്തോ അസാധാരണ, അസാമാന്യ പ്രവൃത്തി ചെയ്തു എന്ന് എന്നെതന്നെ വിശ്വസിപ്പിക്കാനുള്ള ശ്രമം.
ഇപ്പോൾ ശരിക്കും ഞാൻ ഒരു മാൽസൂപ്പിയയിൽ എത്തിയിരിക്കുന്നു. ഏറെ നടന്നു പർവതത്തിന്റെ മടിത്തട്ടിലൂടെ. പക്ഷികളുടെ കലമ്പലോ ചീവീടുകളുടെ മന്ത്രജപമോ ഇല്ല. കാടുമാത്രം. കനത്ത കൊഴുത്ത കാട്. കടലിന്റെ ഇരമ്പമൊഴിച്ചാൽ ദൂരെ ഒരു ഹുങ്കാരം കേൾക്കാം. ജലം ഒഴുകുന്നതാണ്. ഉറപ്പാണ്. ആ ഹുങ്കാരത്തിലേയ്ക്ക് കാതുറപ്പിച്ച് നടന്നു. ഒഴുകുന്ന ജലമാണ്. ശുദ്ധജലമാകും.

   ശബ്ദത്തെ പിൻതുടർന്ന് എത്തിച്ചേർന്നത് വെള്ളച്ചാട്ടത്തിന് അരികിലാണ്. അത്യധികം ഉയരത്തിൽ നിന്നു പതിക്കുന്ന ഒരു മഹാനദി. വെള്ളം പതിക്കുന്ന ചെങ്കുത്തായ പാതയിൽ ആകെ കൂർത്തു നിൽക്കുന്ന കല്ലുകളാണ്. കല്ലുകളിൽ തട്ടി പതഞ്ഞുയരുന്ന ജലം. പാൽനുര പോലെ ഭൂമിയിൽ പതിക്കുന്ന ജലം. ഭ്രാന്തനെപ്പോലെ അതിലേയ്ക്ക് ഞാൻ ഓടി. ആരും തടഞ്ഞില്ല. കടലിൽ നിന്നുയർന്നു കണ്ട മലകളിലേയ്ക്കു ഞാൻ വന്നു. ഇവിടെ കാത്തിരുന്നത് അമൃതുപോലെ വിശുദ്ധമായ പാൽ. ആഴം ഏറെയില്ല നീരൊഴുക്കിന്. നിലാവുപോലെ തെളിഞ്ഞ ജലം അകവും പുറവും നനച്ചു. മുടിയിലും ചുണ്ടിലും ഓരോ രോമത്തിലും കട്ടിപിടിച്ച ഉപ്പിനെ കടലിലേയ്ക്ക് ഒഴുക്കികളഞ്ഞു. ദാഹവും വിശപ്പും മണിക്കൂറുകൾ നീണ്ട ആ കുളിയിൽ ശമിച്ചു. വസ്ത്രങ്ങൾ പാറമേൽ ഉണക്കാനിട്ട് വിവസ്ത്രനായി നടന്നു. എനിക്ക് നാണം തോന്നിയില്ല. ഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട ആദമാണ് ഞാനെന്നു തോന്നി. ഒരു ഹൗവയുടേയും പ്രേരണയില്ലാതെ കനികൾ ആവോളം ഭക്ഷിച്ച് പശിയടക്കി. വിശപ്പായിരുന്നുവോ ഹൗവ.

     വിശപ്പുവറ്റിയപ്പോൾ ഉറക്കം വന്നു. ഉണർന്നപ്പോൾ ലോകത്തിന് മാറ്റമൊന്നുമില്ല. ഉറങ്ങിയതും ഉണർന്നതും പകലായിരുന്നു. ഇവയ്ക്കിടയിൽ എത്ര രാത്രികൾ കടന്നുപോയി.

     കടലിലേയ്ക്കുനോക്കിയിരിക്കുന്നതിൽ അർത്ഥമൊന്നുമില്ല എന്ന് അറിയാമായിരുന്നു. മിറിയമോ അഖായ്യോ ജോഫ്രയോ ഈ തീരത്തുതന്നെ എത്തും എന്ന് ഉറപ്പുണ്ട്. കൂടുതൽ സാധ്യത അവരും ഇതേ വെളളച്ചാട്ടത്തിലേയ്ക്ക് ആകർഷിക്കപ്പെടാനാണ്. കൂട്ടുകാരുടെ വരവുകാത്ത് കുറേ പകലുകളും ഇരവുകളും അവിടെത്തന്നെ കഴിഞ്ഞു. മാൽസൂപ്പിയ ഒരു അടഞ്ഞ അദ്ധ്യായമാണെന്ന് തിരിച്ചറിഞ്ഞതാവണം അവിടം ഉപേക്ഷിച്ച് നടക്കാൻ എന്നെ പ്രേരിപ്പിച്ചത്. മലയുടെ മറ്റേതെങ്കിലും തീരത്താവാം അവരുടെ വഞ്ചികൾ വന്നുപെടുന്നത് എന്ന പ്രതീക്ഷയുമാവാം. അത്ഭുതമെന്തെന്നു വച്ചാൽ ഒരിക്കൽ പോലും കടലിലേയ്ക്കുനോക്കി ഒന്നുറക്കെ വിളിച്ചു കൂവാനോ കടലിലേയ്ക്ക് സന്ദേശങ്ങൾ ഒഴുക്കി നോക്കാനോ എനിക്ക് തോന്നിയില്ല എന്നതാണ്. എന്നെ രക്ഷിക്കാൻ പുറത്തുനിന്നൊരാൾ ആ ദ്വീപിൽ എത്തിച്ചേരും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു. വരുന്നെങ്കിൽ മിറിയമോ ജോഫ്രയോ അഖായ്യോ. അവരും ഇല്ലെങ്കിൽ, ആരുമില്ല.

     കടലിൽ നിന്നേറെ അകലെയല്ലാത്ത ആ നടത്തം അത്ഭുതകരമായ ഒരു തിരിച്ചറിവാണ് എനിക്കു തന്നത്. ഇവിടെ കിളികളില്ല, പക്ഷേ കിളിക്കൂടുകളുണ്ട്. പാമ്പുകളില്ല പക്ഷേ അവ പൊഴിച്ചുകളഞ്ഞ പടങ്ങളുണ്ട്. തറയിൽ പക്ഷികാഷ്ഠവും അസ്ഥികൂടങ്ങളുമുണ്ട്. ഇത് ഉപേക്ഷിക്കപ്പെട്ട ഒരു സ്വർഗ്ഗമാണ്. കിളികളാൽ ഉപേക്ഷിക്കപ്പെട്ട, പാമ്പുകളാൽ ഉപേക്ഷിക്കപ്പെട്ട.... അവയെല്ലാം എവിടെപ്പോയി! മറ്റേ മലയിലേയ്ക്ക്...!

   ദേശാടനത്തിനിറങ്ങുന്ന വഴിയിൽ ഇടത്താവളമായി ഇവിടെ ചേക്കേറിയവരാകാം കിളികൾ. അവരെ ഭക്ഷിക്കാൻ കടലിൽ നിന്നും കയറി വരുന്നവരാകാം പാമ്പുകൾ. ഞാനും ഒരു ദേശാടനക്കിളി അല്ലേ... എന്നെ പിടിക്കാനും കടലിൽ നിന്നും പാമ്പുകൾ കയറിവരുമോ... എനിക്കു പേടിയായി. അങ്ങനെ കടലിലെ പാമ്പുകൾക്ക് കരയിൽ ഇരതേടാനാകുമോ..?
സംശയമാണ്. കടൽയാത്രയ്ക്കിറങ്ങിതിരിക്കും മുൻപ് ഇത്തരം കാര്യങ്ങൾ തിരക്കണമായിരുന്നു. പൊട്ടൻ. ഒന്നും തിരക്കാതെ ഇറങ്ങി പുറപ്പെട്ടതല്ലേ.

    മെത്ത പോലെ പതുപതുത്ത ഒരു പാമ്പിൻപടത്തിന്റെ ചൂടിനെയാണ് അന്ന് ഞാൻ പുതപ്പാക്കിയത്. ഭയമല്ല, ഒരു സുരക്ഷിതത്വ ബോധമാണ് ആ സർപഭീകരന്റെ ഭൗതികാവശിഷ്ടം എനിക്കു നൽകിയത്.

തുടരും ....
                                      A Work by Hari ....

ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു  വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....

Comments