മാല്‍സൂപ്പിയന്‍ ഗാഥകള്‍ -1

മാല്‍സൂപ്പിയന്‍ ഗാഥകള്‍ -1

യാത്രാരേഖകള്‍ ഒന്നുമില്ലാതെ ആര്‍ക്കും കടന്നുചെല്ലാവുന്ന ഒരിടം.അതാണ് മാല്‍സൂപ്പിയ എന്ന മാസ്മരിക ഭൂമിയിലേക്ക് എന്നെ ആകര്‍ഷിച്ചത്. കര്‍ക്കശമായ രാജ്യാതിര്‍ത്തികളോ മീശപിരിച്ച് നെഞ്ചുപിരിച്ച് കണ്ണുരുട്ടി പേടിപ്പിക്കുന്ന പട്ടാളക്കാരോ ഇല്ലാത്ത രാജ്യം. മാല്‍സൂപ്പിയയിലേക്ക് ഒരിക്കല്‍ പോയിട്ടുള്ളവരെല്ലാം പറഞ്ഞു, ''ധൈര്യമായി പൊയ്കോള്‍ക, നിരാശപ്പെടേണ്ടിവന്നാല്‍ തിരിച്ചുവന്ന് തല്ലിക്കൊള്ളുക''. അത്രയ്ക്ക് സുന്ദരമായ സ്ഥലമോ.. എങ്കില്‍ അതൊന്ന് കണ്ടിട്ടുതന്നെ കാര്യം. അങ്ങനെ ഞാന്‍ മാല്‍സൂപ്പിയയിലേയ്ക്ക് തിരിച്ചു.

പഞ്ഞി മേഖക്കെട്ടുകള്‍ക്കിടയിലൂടെ മണിക്കൂറുകള്‍ പറന്നുകഴിഞ്ഞിരിക്കുന്നു വിമാനം. ചിറകുകളില്‍ കറുത്ത ചായവും അരികില്‍ സ്വര്‍ണ പട്ടയും ഉള്ള മാല്‍സൂപ്പിയന്‍ എയര്‍വേയ്സിന്‍റെ ആകാശ നൗക. ഏതോ കായികമേളയ്ക്കുപോയ മാല്‍സൂപ്പിയന്‍ കായികസംഘത്തിന് അനുയാത്രചെയ്ത് മടങ്ങിവരുന്ന മാല്‍സൂപ്പിയന്‍ പത്രപ്രവര്‍ത്തക 'ആന്‍ മിറിയം ' ആണ് എന്‍റെ പാര്‍ശ്വത്തില്‍. ഭാഷ ഒരു പ്രശ്നമായതിനാല്‍ മിറിയവുമായി വലിയ ഒരു കത്തിവൈക്കലിലേയ്ക്ക് കടക്കാന്‍ എനിക്ക് ആയില്ല.എങ്കിലും ഇടയ്ക്കിടയ്ക്കെങ്കിലും കുറുനിരകള്‍ അനുസരണയില്ലാതെ വീണുകിടക്കുന്ന മുഖത്തേയ്ക്ക് നോക്കാതിരിക്കാന്‍ എന്‍റെ മലയാളി മനസ്സിന് കഴിഞ്ഞില്ല. മാല്‍സൂപ്പിയയിലെ വലിയ ഒരു പത്രത്തിന്‍റെ റിപ്പോര്‍ട്ടറായ മിറിയം കായികമത്സരങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വിദഗ്ധ ആയി ആണ് സ്വയം പരിചയപ്പെടുത്തിയത്.
         ഒരുപാര്‍ശ്വത്തില്‍ നിശബ്ദയായ ആന്‍മിറിയത്തെയും മറുപാര്‍ശ്വത്തില്‍ ചില്ലുജനാലകള്‍ക്കപ്പുറം പാറിനടക്കുന്ന തൂവല്‍ മേഘങ്ങളേയും പിന്നില്‍വിട്ട് എന്‍റെ മനസ്സ് മെല്ലെ ഒരുഉറക്കത്തിലേയ്ക്ക് വഴുതിവീണു. കൈയില്‍ വാച്ചോ ഫോണോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഉരുണ്ട ഭൂമിയില്‍ സ്ഥാനം മാറുന്നതിനൊപ്പം കൈത്തണ്ടയിലെ സമയം തിരിച്ചുവൈക്കാന്‍ വിമാനത്തില്‍നിന്നും കേള്‍ക്കുന്ന അനൗണ്‍സ്മെന്‍റുകളൊന്നും എനിക്ക് ശ്രദ്ധിക്കേണ്ടി വന്നില്ല.

സമയവും സ്ഥലകാല മിധ്യകളും ഇല്ലാത്ത നിഷ്കളങ്കമായ ഉറക്കത്തില്‍ നിന്ന് കരയ്ക്ക് കയറുമ്പോള്‍ ആ സ്വപ്നലോകത്തില്‍ എത്രനേരം ഞാന്‍ ചിലവഴിച്ചു എന്നതിന് ഉരു ഊഹവും ഇല്ലായിരുന്നു. സുന്ദരി ഇരിക്കുന്ന വശത്തേയ്ക്ക് നോക്കി. നിവര്‍ത്തിപ്പിടിച്ച മാഗസീനില്‍ നിന്നും കണ്ണെടുക്കാതെ ഗാഢമായ ചിന്തയിലാണ് യുവതി. അവളുടെ കയ്യില്‍ വാച്ച് കാണും. ചോദിച്ചാല്‍ ഇപ്പോള്‍ സമയം എന്തായെന്നും ഞാന്‍ എത്രനേരം ഉറങ്ങി എന്നും അറിയാം. വേണ്ട, ഉറങ്ങിതീര്‍ത്തസമയത്തിന്‍റെ കണക്കെടുത്തിട്ട് എന്തിനാണ്..
             എന്‍റെ മനസ്സുവായിച്ചതുപോലെ പാര്‍ശ്വവര്‍ത്തിനി എന്നെ നോക്കി ചിരിച്ചു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മാത്രം മനസിലാകുന്ന ഇംഗ്ലീഷില്‍ പറഞ്ഞു,
'' നല്ല ഉറക്കമായിരുന്നു. ഉണര്‍ന്നില്ലെങ്കിലും ഞാന്‍  ഉടനേ വിളിച്ചുണര്‍ത്തിയേനെ. നീണ്ട യാത്ര അവസാനിക്കാന്‍ ഇനി ഏറെ നേരം ഇല്ല. ചില്ലുജനാലയിലൂടെ പുറത്തേയ്ക്ക് നോക്കുക. എന്നിട്ട് ഞങ്ങളുടെ രാജ്യത്തെപറ്റി ലോകത്തോടു പറയുക.''
അവളുടെ വശ്യമായ പുഞ്ചിരിയില്‍ ഞാന്‍ മറ്റൊരു മയക്കത്തിലേയ്ക്ക് വീണുപോകുന്നതുപോലെ തോന്നി. ചില്ലുജാലകത്തിനുവെളിയില്‍ കനത്ത മൂടല്‍മഞ്ഞുമൂലം എനിക്ക് നഷ്ടപ്പെട്ട  മാല്‍സൂപ്പിയയുടെ ആകാശകാഴ്ചയെപ്പറ്റി അവള്‍ വാചാലയായി. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നന്നായി ഇംഗ്ലീഷോ മറ്റുഭാഷകളോ അറിയില്ലെങ്കിലും വാചാലമായ അവളുടെ കണ്ണുകളും സുന്ദരമായ അംഗചലനങ്ങളും മാല്‍സൂപ്പിയ എന്ന മാസ്മരിക ഭൂമിയിലേയ്ക്കുള്ള സ്വാഗതഗീതമായി തോന്നി.
              കനത്ത മഞ്ഞുവീഴ്ചയില്‍ ജാലകത്തിനു പുറത്തെ ലോകം അദൃശ്യമായിരുന്നെങ്കിലും ഇന്‍സ്ട്രുമെന്‍റേഷന്‍ ലാന്‍റിങ് സിസ്റ്റം ഉപയോഗിച്ച് പൈലറ്റ് കൂറ്റന്‍ യന്ത്ര പക്ഷിയെ നിഷ്പ്രയാസം നിലത്തിറക്കി. ഇത്രയും നേരം ഞങ്ങളുടെ ജീവനും കയ്യില്‍ പിടിച്ച് സമയത്തെപ്പോലും തോല്‍പ്പിച്ച് അന്തമില്ലാത്ത ആഴിക്കുമുകളിലൂടെ തളരാതെ പറന്ന  പുഷ്പകവിമാനത്തെ നിയന്ത്രിച്ച ആ രാവണന് ഞാന്‍ മനസ്സില്‍ നന്ദി പറഞ്ഞു.
                       മാല്‍സൂപ്പിയന്‍തലസ്ഥാനമായ ''ക്യാറ്റല''യില്‍ ആണ് ഞാനിപ്പോള്‍ വായുമാര്‍ഗ്ഗം വന്നിറങ്ങിയിരിക്കുന്നത്. കടല്‍മാര്‍ഗം ആയാലും വായുമാര്‍ഗ്ഗം ആയാലും മാല്‍സൂപ്പിയയിലേയ്ക്കുള്ള യാത്ര അതീവ ദുഷ്കരമാണ്. കടലിലും വായുവിലും തിരിച്ചറിയാനാകാതെ ഒളിച്ചിരിക്കുന്ന ചതിക്കുഴികള്‍ കൊണ്ട് പ്രകൃതി ഈ ദേശത്തെ അന്യദേശങ്ങളില്‍നിന്നും ഒളിപ്പിച്ചുവച്ചിരിക്കുന്നു. യാത്രകളോട് അന്ധമായ പ്രേമം ഉള്ളവര്‍ക്കുമാത്രം മാല്‍സൂപ്പിയന്‍ എയര്‍വേയ്സിന്‍റെ ആകാശ നൗകയിലോ ഔദ്യോഗികവും അനൗദ്യോഗികവും വ്യാജവും ആയ കടല്‍ മാര്‍ഗ്ഗങ്ങളിലൂടെയോ മാല്‍സൂപ്പിയയിലേയ്ക്ക് തിരിക്കാം.
                     അപ്രതീക്ഷിതമായി രൂപപ്പെടുന്ന മര്‍ദ്ദവ്യതിയാനങ്ങളും സ്ഥാനം മാറുന്ന കടല്‍ ചുഴലികളും അയണോസ്ഫിയറില്‍ നിന്നും സമുദ്രത്തിലേയ്ക്ക് ചാര്‍ജ്ജ്പ്രവഹിക്കുന്ന അത്ഭുതപ്രതിഭാസവും വൈദ്യുത ചാര്‍ജ്ജുനിറഞ്ഞമേഘങ്ങളും  മാല്‍സൂപ്പിയയെ പൊതിഞ്ഞുനില്‍ക്കുന്ന മഹാസമുദ്രത്തിന്‍റെ മാന്ത്രികസൃഷ്ടികളാണ്. അവയെ അതിജീവിച്ച് മാല്‍സൂപ്പിയയില്‍ എത്തുവാന്‍ സാധാരണ വിമാനങ്ങള്‍ക്കോ യാനങ്ങള്‍ക്കോ കഴിയില്ല.ഗോളാന്തരയാത്രകള്‍ നടത്തുംപോലെ വിഷമമാണ് മാല്‍സൂപ്പിയയിലേയ്ക്കുള്ള യാത്ര. അവയെ എല്ലാം തരണംചെയ്യാന്‍ കഴിയുന്ന ആകാശ നൗകകള്‍ മാല്‍സൂപ്പിയന്‍ എയര്‍വേയ്സ് ഉപയോഗിക്കുന്നുണ്ടെങ്കിലും നൂറുശതമാനം  സുരക്ഷിതമായ യാത്ര അവരും ഉറപ്പുതരുന്നില്ല.....

                                         തുടരും...........
                                      
                                     A work by Hari.......

Comments

  1. nice work with the blog . looking forward for more ! best wishes !!
    from : sanjay nair
    via : wowsome360

    ReplyDelete
  2. Ni ithrakk kidilam anenn arinjirunnilla.. All the best da...

    ReplyDelete
  3. നല്ല തുടക്കം...
    മാല്‍സൂപ്പിയ്യിലേയ്ക്ക് ​ഞാനമുണ്ട്

    ReplyDelete
    Replies
    1. നന്ദി ജ്യോതി ചേട്ടാ....
      അക്ഷര പിശകുകള്‍ എത്രയും വേഗം തിരുത്തും...

      Delete
  4. Brother ithoru sankalpika sthalam aano. malsuppi ennnano spelling. please guide me

    ReplyDelete

Post a Comment