ഭൂമി സൃഷ്ടിച്ച ദൈവം ഭൂമി മുഴുവനും തന്‍റെ ദത്തുപുത്രന്മാരെക്കൊണ്ടു നിറച്ചെന്നും ഭൂമിയില്‍ തന്‍െ വംശത്തിനും സാനിധ്യമുണ്ടാകാന്‍ വേണ്ടി മൂത്ത പുത്രന്മാരെയും അവരുടെ സഖിമാരെയും മാല്‍സൂപ്പിയയില്‍ പാര്‍പ്പിച്ചെന്നുമാണ് മാല്‍സൂപ്പിയക്കാരുടെ വിശ്വാസം. താന്‍ മടങ്ങിക്കഴിയുമ്പോള്‍ തന്‍റെ ദത്തുപുത്രന്മാരും സ്വന്തം പുത്രന്മാരും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും എണ്ണത്തില്‍ കൂടുതലുള്ളവരും കൂടുതല്‍ ശക്തരുമായ ദത്തുപുത്രന്മാര്‍ തന്‍റെ ചോരയെ എന്നെന്നേയ്ക്കുമായി ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും ദൈവം ഭയപ്പെട്ടിരുന്നത്രെ!! അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇതര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയാത്ത വിധത്തില്‍ മാല്‍സൂപ്പിയക്കു ചുറ്റും പ്രകൃതി പ്രതിഭാസങ്ങള്‍ കൊണ്ട് അത്ഭുതകരമായ ഒരു കോട്ട തീര്‍ത്തു. അങ്ങനെ ദൈവത്തിന്‍റെ സ്വന്തം ചോര തങ്ങളുടെ വിശുദ്ധി ഒട്ടും ചോര്‍ന്നുപോകാതെ, ഭൂമിയുടെ നെറികേടുകളില്‍ പങ്കുചേരാതെ മാല്‍സൂപ്പിയയില്‍ സുരക്ഷിതരായി കഴിഞ്ഞു.
വിമാനത്തില്‍ വച്ച് ആന്‍ മിറിയം പറഞ്ഞുതന്ന കഥയാണ് ഇത്. മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ ഭാവ പൊലിമയോടെ കഥ പറഞ്ഞുതരാന്‍ മിറിയത്തിന് കഴിഞ്ഞു. തന്‍റെ രക്തത്തിലെ കലര്‍പ്പില്ലായ്മയെപ്പറ്റി മിറിയം അഭിമാനിക്കുന്നുണ്ടെന്ന് കഥപറയുമ്പോള്‍ കൂടുതല്‍ വിടര്‍ന്ന കണ്ണുകളും പ്രകാശം ചൊരിഞ്ഞ മുഖവും വ്യക്തമാക്കി. മിറിയത്തിന്‍റെ കഥ കേട്ടു തീര്‍ന്നപ്പോള്‍എനിക്കും മിറിയത്തോട് ഒരു ബഹുമാനം തോന്നി. ദൈവത്തിന്‍റെ കൊച്ചുമകളില്‍ നിന്നാണ് മുത്തശ്ശിമാര്‍ കുഞ്ഞുമക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്ന കഥകള്‍ കേള്‍ക്കുന്നതെന്ന് ഓര്‍ത്ത് ഞാന്‍ ചിരിച്ചു...
'' മിറിയം ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ?'' ഒരു വിഡ്ഢിച്ചോദ്യംപോലെ ഞാന്‍ ചോതിച്ചു.
'' നിങ്ങള്‍ മാല്‍സൂപ്പിയയിലൂടെ സഞ്ചരിച്ചു തുടങ്ങുമ്പോള്‍ അതു നിങ്ങള്‍ക്ക് മനസിലാകും. പതിയെ നിങ്ങളും വിശ്വസിക്കാന്‍ തുടങ്ങും.'' മിറിയം പരിഭവം കണ്ണുകളില്‍ മിന്നിച്ച് മറുപടി പറഞ്ഞു. ''ശാസ്ത്രത്തിനു മാത്രം വിശദീകരിക്കാന്‍ കഴിയുന്ന ഭൂമിയല്ല മാല്‍സൂപ്പിയയിലേത്.''
വീണ്ടും പ്രലോഭനം. മാല്‍സൂപ്പിയയിലേക്ക് കാലുകുത്തുന്നതിന് മുന്നേ മാല്‍സൂപ്പിയ കരുതിവച്ചിരിക്കുന്ന മാന്ത്രികതകളെ കുറിച്ചുള്ള പ്രലോഭനങ്ങള്‍ എന്നെ കൊല്ലുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.
വിമാനം പതിയെ ''ക്യാറ്റല'' വിമാനത്താവളത്തില്‍ പറന്നിറങ്ങി. ചുറ്റും ഇരുട്ടും മഞ്ഞും മാത്രം. അകലം തിട്ടപ്പെടുത്താനാകാതെ മിന്നുന്ന ഫോഗ് ലൈറ്റുകളെ മാത്രം ചുറ്റും കാണുന്നു. ഒരു നിമിഷം വിമാനത്തിലെ ഊര്‍ജ്ജവിതരണത്തിന് എന്തോ തകരാറുവന്നതാണെന്ന ക്ഷമാപണത്തോടെ വിമാനത്തിന് ഉള്ളിലെ പ്രകാശം തിരിച്ചുവന്നു.
യാത്രക്കാരുടെ എല്ലാം മുഖത്ത് ഉറക്കച്ചടവ് വ്യക്തമായിരുന്നു. എല്ലാവരും മാല്‍സൂപ്പിയക്കാരാണ്. പുറത്തുനിന്നുള്ളത് ഞാന്‍ മാത്രം. കഴുത്തും ചെവിയും നന്നായി മൂടുന്ന തരത്തില്‍ ഉള്ള വസ്ത്രം ധരിക്കാനും കണ്ണുകളില്‍ പ്രത്യേക ഗ്ലാസ് ധരിക്കാനും മിറിയം എന്നെ സഹായിച്ചു. കൈകളും കാലുകളും ഉറകളാല്‍ മൂടി വച്ചു. ശരീരത്തിന്‍റെ ഒരു ഭാഗവും പുറത്തുകാണരുതെന്ന് മിറിയം പ്രത്യേകം നിര്‍ദ്ദേശം നല്‍കി. വസ്ത്രങ്ങളുടെ നിലവാരം പരിശോധിക്കാനായി അവള്‍ എന്‍റെ കൈഉറകള്‍ അണിഞ്ഞുനോക്കി. എല്ലാവരും കനത്ത ജാഗ്രതയോടെയാണ് ശരീരം വസ്ത്രത്തിനുപിന്നില്‍ മറയ്ക്കുന്നത്.
ഈ വിമാനങ്ങളെല്ലാം അണുശക്തി ഉപയോഗിച്ചാണ് പറക്കുന്നത്. ഓരോ വിമാനവും ഓരോ അണുബോംബ് ആണെന്ന് വേണമെങ്കില്‍ പറയാം. ആണവ ശക്തി ഉപയോഗിച്ച് പറക്കുന്നതിനാല്‍ ആണ് വേഗംകൊണ്ട് പല പ്രതിബന്ധങ്ങളേയും തരണംചെയ്യാന്‍ അവയ്ക്കു കഴിയുന്നത്. പുറത്തെ കട്ടപിടിച്ച മഞ്ഞില്‍ റേഡിയോ ആക്ടിവിറ്റി ഉള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ സാധ്യത ഉണ്ട്. ഇപ്പോള്‍ പറന്നിറങ്ങിയ വിമാനം ചുറ്റും ഉള്ള മഞ്ഞിലേയ്ക്ക് വിഷപ്പുക തുപ്പിയേക്കാം. ഇതുകൂടാതെ മറ്റനേകം യന്ത്രപ്പറവകളും ഇവിടെ ഉണ്ട്. അവയ്ക്കൊക്കെ ആണവ ഇന്ധനം നിറയ്ക്കുന്നതും വിമാനത്താവളത്തിന് ഉള്ളില്‍ തന്നെ ആണ്. അതും അന്തരീക്ഷത്തെ, പ്രത്യേകിച്ച് മഞ്ഞിനെ റേഡിയോആക്ടീവത ഉള്ളതാക്കി മാറ്റിയേക്കാം.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് വിമാനത്തില്‍ നിന്നും പുറത്തിറങ്ങുംമുന്‍പ് ശരീരം പൂര്‍ണമായും മറയ്ക്കുന്ന തരത്തിലുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കണമന്ന് നിഷ്കര്‍ഷിക്കുന്നത്. മാല്‍സൂപ്പിയയിലേക്ക് യാത്ര പുറപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്രയ്ക്കൊപ്പം കൂടെക്കരുതേണ്ട വസ്ത്രങ്ങളുടെ ലിസ്റ്റും ഒരു ഗ്ലാസും മാല്‍സൂപ്പിയന്‍ എയര്‍വേയ്സ് തന്നെ നല്‍കും. ഇവിടുത്തുകാര്‍ക്ക് ഇതൊക്കെ ശീലമാണെന്ന് വിമാനത്തിനുള്ളില്‍ നിന്നും കേട്ട പൊട്ടിച്ചിരിയില്‍ നിന്നും സംസാരങ്ങളില്‍നിന്നും വ്യക്തമാണ്. എന്നെ പൊതിഞ്ഞു കെട്ടാന്‍ അതീവ ശ്രദ്ധകാട്ടിയ മിറിയം തന്‍റെ വസ്ത്രധാരണം ഞൊടിയിടയില്‍ കഴിച്ചു. സ്പേസ് സ്യൂട്ടൊക്കെ അണിഞ്ഞ് ഞാനും മിറിയവും കൂടി മറ്റൊരു ഗ്രഹത്തിലേയ്ക്ക് പോകുകയാണ് എന്ന് എനിക്ക് തോന്നി.
യാത്രക്കാരെല്ലാം വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ നിര്‍ദ്ദേശം വന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്തുകടക്കുന്നതുവരെ തന്‍റെ കൈയില്‍ നിന്നും പിടി വിടരുതെന്ന് മിറിയം എന്നോട് പറഞ്ഞു. ശരിക്കും മാല്‍സൂപ്പിയയെ പറ്റി അറിയാതെ ഇവിടെ വന്നു ചാടിയ ഒരു സാഹസികനാണ് ഞാനെന്ന് മിറിയത്തിനു മനസ്സിലായി കഴിഞ്ഞിരിക്കുന്നു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാന്‍ മിറിയത്തിന്‍റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു. വിമാനത്തിനുള്ളില്‍ അന്‍പതില്‍ താഴെ യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ.
വിമാനത്തിന്റെ പുറത്തുകടന്നപ്പോള്‍ മിറിയത്തിന്‍റെ കൈയില്‍ പിടിക്കേണ്ടതിന്റെ ആവശ്യകത എനിക്ക് ശരിക്കും ബോധ്യമായി. ചുറ്റും ഇരുട്ടുമാത്രം. വഴി കാട്ടാന്‍ തെളിയിച്ചിരിക്കുന്ന മഞ്ഞ വിളക്കുകള്‍ കൊണ്ട് പ്രത്യേകിച്ച് ഉപയോഗം ഒന്നും ഇല്ല. പുകമഞ്ഞ് അത്രയ്ക്ക് കട്ടപിടിച്ചിരിക്കുന്നു. മിറിയത്തിന്‍റെ കൈപിടിച്ച് അവള്‍ നയിച്ച പാതയിലൂടെ ഞാന്‍ നടന്നു...
തുടരും......
A Work by Hari
ഇത് ഒരു തുടര്‍ കഥ ആയതിനാല്‍ കൂടുതല്‍ മികച്ച വായനാനുഭവത്തിന് മുന്‍ ഭാഗം കൂടി വായിക്കുക.....
read malsuppian gadhakal 1 on http://harikrishnanmithirmala.blogspot.in/2016/08/2.html
ReplyDeletegood
ReplyDeletekollada
ReplyDelete