കണ്ണുചിമ്മുന്ന മഞ്ഞവെളിച്ചങ്ങളുടെ ഒരു ഇടനാഴിയിലൂടെ ആണ് ഞങ്ങള്‍ നടന്നു നീങ്ങിയത്. തൊട്ടടുത്ത് നില്‍ക്കുന്നവരെപ്പോലും കാണാന്‍ ആകാത്ത ഇരുട്ടും കട്ടികൂടിയ മഞ്ഞും. മിറിയത്തിന്‍റെ കൈപിടിച്ച് എങ്ങോട്ടെന്നില്ലാതെ ഞാന്‍ നടന്നു. തണുപ്പ് കട്ടി കമ്പളങ്ങളെ തോല്‍പ്പിച്ച് ശരീരത്തെ കുത്തിനോവിച്ചുകൊണ്ടിരിക്കുന്നു. മിറിയത്തിന്‍റെ കൈകളില്‍ നിന്നും പ്രവഹിച്ച ചൂട് പകര്‍ന്നുതന്ന ധൈര്യം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ വിമാനത്താവളത്തിനുള്ളിലെ ഇരുട്ടില്‍ മരിച്ചുവീഴുമായിരുന്നു. ഇങ്ങനെ ഒരാള്‍ ഇവിടെ മരിച്ചുകിടക്കുന്നതായി ഇരുട്ട് മാറുംവരെ ആരും അറിയുകപോലും ഇല്ല.
മിറിയം എന്നെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് നയിച്ചു. യാത്രാ രേഖകളുടെ പരിശോധനയോ ശരീര പരിശോധനകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പോലീസിനെയോ പട്ടാളത്തിനെയോ അതുപോലെ ആരെയെങ്കിലും കണ്ടതായിപ്പോലും ഓര്‍ക്കുന്നില്ല.
വിമാനത്താവളത്തിന് പുറത്തുകടന്നതോടെ മിറിയം മുഖത്തുനിന്നും കണ്ണാടി എടുത്തുമാറ്റി. എന്നോടും ഗ്ലാസ് മാറ്റാന്‍ ആവശ്യപ്പെട്ടു. മൂക്കില്‍ വച്ചിരുന്ന മാസ്ക് മാറ്റിയപ്പോള്‍ അതില്‍ ആകെ രക്തമാണ്. ഞാന്‍ പരിഭ്രാന്തനായി. മിറിയം കൈകളിലെ ഗ്ലൗസും ഊരി എടുത്തു. മൂക്കില്‍ നിന്നും ചോര ഒഴുകുകയാണ്.എന്‍റെ പരിഭ്രാന്തികണ്ടില്ലെന്നു നടിച്ച് മിറിയം എന്നെ ഒരു കാറിനു സമീപത്തേയ്ക്ക് നയിച്ചു. മിറിയത്തെ കൊണ്ടുപോകാന്‍ വന്നുകിടക്കുന്ന കാര്‍ ആണ്. നമ്മുടെ നാട്ടിലെപ്പോലെ വിമാനത്താവളത്തിന് പുറത്ത് ടാക്സി കാറുകാരുടെ ബഹളം ഒന്നും ഇല്ല. ശാന്തമാണ്. കനത്ത മഞ്ഞുവീഴ്ചയും ഇരുട്ടും. എനിക്കാണെങ്കില്‍ മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര പൊയ്ക്കൊണ്ടിരിക്കുന്നു. വേദനയോ നീറ്റലോ ഒന്നും ഇല്ല. മിറിയത്തിന്‍റെ കൈയില്‍ നിന്നും ഇതുവരെ പിടിവിട്ടിട്ടില്ലെങ്കിലും അവളുടെ കൈയില്‍ സ്പര്‍ശിച്ചതായിപ്പോലും അറിയാന്‍ വയ്യ.എന്തൊരു തണുപ്പ്.
മിറിയത്തിനൊപ്പം കാറിനുള്ളിലേയ്ക്ക് കയറി. ഡ്രൈവര്‍ യന്ത്രക്കുതിരയെ ചാട്ട കൊണ്ട് അടിച്ചതുപോലെ അത് ആദ്യമൊന്ന് മുറുമുറുത്തു. പിന്നെ അനുസരണയോടെ ഓടാന്‍ തുടങ്ങി. പിന്നില്‍ നിന്നും വിമാനത്താവളം മറഞ്ഞുതുടങ്ങി. മുന്നില്‍ റോഡുമാത്രം. അതിന് മുന്നിലും വശങ്ങളിലും ഇരുട്ടുമാത്രം പിന്നെ മഞ്ഞുമാത്രം.
മിറിയം സാരധിയോട് മാല്‍സൂപ്പിയന്‍ ഭാഷയില്‍ എന്തോ പറഞ്ഞു. അപ്പോഴും ഞാന്‍ മിറിയത്തിന്‍റെ കൈയില്‍ പിടിച്ചിരുന്നു. പതിയെ എന്റെ ബോധം മറഞ്ഞു.
തുടരും ...
A work by Hari...
കഥയുടെ തുടര്‍ച്ച ലഭിക്കാനായി മാല്‍സൂപ്പിയന്‍ ഗാഥകളുടെ മുന്‍ അദ്ധ്യായങ്ങള്‍ വായിക്കുക........... അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുക.....................
Comments
Post a Comment