മാല്‍സൂപ്പിയന്‍ ഗാഥകള്‍ 10

ബോധം വന്നപ്പോൾ ഞാൻ കിടക്കുകയാണ്. ഇത്തവണ ആശുപത്രിയിൽ അല്ല, ആഢംബരം ഏറെ ഇല്ലാത്ത ഒരു മുറി. മൺ ചുവരുകൾ. മുറിയ്ക്കു നടുവിലായി തറയിൽ നിന്നും കെട്ടി ഉയർത്തിയ ഒരു തിട്ട. അതിലാണ് ഞാൻ കിടക്കുന്നത്. തിട്ട മണ്ണുകൊണ്ടുള്ളത് ആണെന്നു തോന്നുന്നു. ബോധം തെളിയും വരേയും എന്റെ കണ്ണിനു പിന്നിൽ തീ കത്തുകയായിരുന്നു. എന്റെ ചെവികൾക്ക് കേൾവി ശക്തി നഷ്ടപ്പെട്ടോ എന്ന് ഞാൻ സംശയിച്ചു. അത്രയ്ക്കായിരുന്നു ഇടി മുഴക്കം.
                       മുറിയുടെ വാതിൽ തുറന്ന് മറിയം അകത്തു വന്നു. ഇത്തവണ യും കൂടെ ഒരു സ്ത്രീ ഉണ്ട്. അൻപതു കഴിഞ്ഞ ഒരു അമ്മ. മിറിയം പരിചയപ്പെടുത്തി.
''എന്റെ അമ്മയാണ് ''
ക്യാച് പിച്ചിൽ കാര്യങ്ങൾ ഗ്രഹിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞിരുന്നു.
                          അപ്പോൾ ഇത് മിറിയത്തിന്റെ ഭവനം ആയിരിക്കും. ഞാൻ മരിച്ചിട്ടില്ല. എന്റെ കേൾവി ശക്തിയും നശിച്ചിട്ടില്ല.
                          മിറിയത്തിന്റെ അമ്മ സ്നേഹത്തോടെ എന്റെ സമീപത്തു വന്നു. ആശുപത്രിവാസം എനിക്ക് മോശമില്ലാത്ത രീതിയിൽ ക്യാച് പിച്ച് സംസാരിക്കാനുള്ള കളരി കൂടി ആയിരുന്നു. അതുകൊണ്ട് മറ്റൊരു ദേശത്തു പോയാൽ ആദ്യം പിടിപെടുന്ന ഭാഷാ ഭ്രമം അൽപം അകലത്തിൽ മാറിനിൽക്കുകയാണ്‌. മിറിയത്തിന്റെ അമ്മയെ ഞാനും പുഞ്ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തു.
"ഈ ലോകത്തിന് പുറത്തു നിന്നും വന്ന ആളാണെന്ന് മിറിയം പറഞ്ഞു ."
"ലോകത്തിന് പുറത്തു നിന്നൊന്നുംഅല്ല അമ്മേ. ഈ കടലിനപ്പുറം റേയും കരകളുണ്ട്. അവിടെ നിന്നാണ് ഞാൻ വരുന്നത്. ഇന്ത്യയിൽ നിന്ന് ''
നാടിനെ കുറിച്ചുള്ള ഓർമ തന്നെ എന്നിൽ എന്തോ വികാരം നിറച്ചു.
" ഞങ്ങൾക്ക് ഈ മണ്ണാണ് ലോകം. ഈ മണ്ണിന് പുറത്തുള്ളവർ സാധാരണ ഇവിടേയ്ക്ക് വരാറില്ല. ഞങ്ങൾ അവരെയും ശല്യപ്പെടുത്താറില്ല. ഇത് ഞങ്ങൾക്ക് പിതാമഹന്മാരുടെ പിതാവായ ദൈവം നൽകിയ മണ്ണാണ്‌. ഒരു അല്ലലും അലട്ടലും ഇല്ലാതെ കഴിയാൻ. ''
''എനിക്ക് അറിയാം അമ്മേ. ദൈവത്തിന്റെ കൊച്ചു മക്കളെ കാണാനല്ലേ ഇത്രയും സാഹസങ്ങൾ സഹിച്ച് ഞാൻ മാൽസൂപ്പിയയിൽ എത്തിയത്. മാൽസൂപ്പിയ ഒരു അത്ഭുത ഭൂമിയാണ് എന്നാണ് എന്റെ രാജ്യത്തു വച്ച് ഞാൻ കേട്ടിട്ടുള്ളത്. ''
" മാൽസൂപ്പിയയോ.....! മിറിയവും ചിലപ്പോൾ ആ വാക്ക് ഉപയോഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതൊക്കെ ഞങ്ങളുടെ ലോകത്തിന് പുറത്തുള്ളവർ ഞങ്ങളെ വിളിക്കുന്ന പേരല്ലേ.... ഇത് ദൈവം സൃഷ്ടിച്ച ഭൂമിയാണ്. ദൈവത്തിന്റെ മക്കൾക്കും അവരുടെ പരമ്പരകൾക്കും വേണ്ടി. ''
''ഓ.... ക്ഷമിക്കണം.... മാൽസൂപ്പിയ എന്ന പദം ഇവിടുത്തുകാരും ഉപയോഗിക്കും എന്നാണ് ഞാൻ കരുതിയത്. "
'' അത് മിറിയത്തെപ്പോലെ ഈ മണ്ണു വിട്ട് പുറത്തു പോയവർ അവിടെ നിന്നും കേട്ടു പഠിച്ച് ഇവിടെ വന്ന് പറഞ്ഞതാണ്. മിറിയത്തിന്റെ അച്ഛനും കടൽ കടന്നിട്ടുണ്ട്. നിങ്ങളെപ്പോലെ കൂറ്റൻ യന്ത്രപ്പറവകളിൽ അല്ല, നാല് നല്ല നാവികർക്കൊപ്പം വള്ളത്തിൽ. ''അ'' യുടെ സഹായം മാത്രം മുറുകെ പിടിച്ച്. ''
''അത്ഭുതം.... ''
''അത്ഭുതമോ...!! ഞങ്ങളെ പറ്റി നീ എന്താണ് കരുതിയത്?! പുറം ലോകത്തിന് നീ പറഞ്ഞ ഈ 'മാൽസൂപ്പിയ ' മാത്രമേ അന്യമായുള്ളൂ. ഞങ്ങളുടെ ധീരന്മാർ കടൽ കടന്നു വന്ന് നിങ്ങളുടെ ലോകങ്ങളെക്കുറിച്ച് പഠിക്കുകയും അവിടത്തെ ശാസ്ത്ര വളർച്ചയും സാങ്കേതിക ജ്ഞാനങ്ങളും കൂടുതൽ മികവോടെ ഇവിടെ പുനർസൃഷ്ടിക്കുകയും ചെയ്യുന്നു."
ഞങ്ങളുടെ വർത്തമാനം കേട്ടുകൊണ്ട് 'മിറിയം' അടുത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവൾ അമ്മ സംസാരിച്ചു നിർത്തുമ്പോൾ എന്നെ നോക്കി മന്ദഹസിക്കും.
"ഇപ്പോൾ മനസിലായല്ലോ നിങ്ങളുടെ നാട്ടിൽ പോലും ഇനിയും പറന്നു തുടങ്ങാത്ത ആണവ വിമാനങ്ങൾ ഞങ്ങൾക്ക് സ്വന്തമായതെങ്ങനെയെന്ന് "
മിറിയം കൂട്ടിച്ചേർത്തു.
"മാൽസൂപ്പിയ എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കരുതെന്ന് എന്നോട് മിറിയത്തിന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്. അത് പുറം ലോകക്കാർ നമ്മെ കളിയാക്കി വിളിക്കുന്ന പേരാണെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് '''
മിറിയം പുഞ്ചിരിച്ചു. അവൾ അമ്മയോടു പറഞ്ഞു.
''അമ്മേ.... ഹരിക്ക് നല്ല ക്ഷീണമുണ്ടാകും. കടൽ കത്തുന്നത് ആദ്യമായി കണ്ട് പേടിച്ചിരിക്കുകയാണ് പാവം."
'' അത് ഇവിടെ വലിയ കാര്യമൊന്നുമല്ല. 'അ' കോപിച്ചതാണ്. മക്കൾ കുരുത്തക്കേട് കാട്ടുമ്പോൾ 'അ'  കോപിക്കും. ആകാശത്തേയ്ക്ക് തീതുപ്പും അലറി വിളിക്കും.''
''പക്ഷേ ഉത്സവകാലത്തിൽ ഇത് പതിവുള്ളതല്ല "  മിറിയം.
ഇന്നലെ കണ്ട പ്രതിഭാസത്തെ പറ്റി മിറിയം വിവരിച്ചുതന്നു. അമ്മ മകളുടെ ശാസ്ത്രത്തിന്റെ ഭാഷയിലുള്ള വിശദീകരണത്തെ നീരസത്തോടെ കേട്ടിരുന്നു. ഞാൻ അമ്മയുടെ വിശ്വാസത്തിന്റെ ഭാഷയും മകളുടെ ശാസ്ത്രത്തിന്റെ ഭാഷയും മനസിൽ പതിപ്പിച്ചു.
                     സാധാരണയായി ഉത്സവകാലത്ത് ആരും കടലിൽ അധികം ദൂരത്തേയ്ക്ക് പോകാറില്ല. കടലിൽ 'അ' കർക്കശക്കാരനായ കാവൽക്കാരനായി നിൽക്കുന്ന കാലമാണത്. കടലിൽ ചുഴികളും ഉഷ്ണജല പ്രവാഹവും മേഘങ്ങളിൽ നിന്നുള്ള ചാർജ്ജു വർഷവും അതിശക്തമായിരിക്കും. ഇതിനെയൊക്കെ ഭേതിച്ച് പുറത്തു കടക്കാനുള്ള ശ്രമങ്ങൾ ഇവിടുത്തെശാസ്ത്ര കുതുകികളുടെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്.
                          ഇന്നലെ ശാസ്ത്ര സംഘം വികസിപ്പിച്ച ആളില്ലാ വിമാനങ്ങളിൽ ഒന്ന് കടലിനു മേലേ പറന്ന് ഭൂമിയുടെ ഇതരഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്ന ദൂരത്തേയ്ക്ക് എത്തിക്കാനുള്ള പരീക്ഷണം നടക്കുകയായിരുന്നു. തീരത്തു നിന്നും സുരക്ഷിത ദൂരത്തിലെത്തിയ വിമാനം ഒരു ചാർജ്ജു നിറഞ്ഞ മേഘത്തിന്റെ ആകർഷണ വലയത്തിലാകുകയും കരയിൽ നിന്നുള്ള നിയന്ത്രണ സംവിധാനം പൂർണമായും നഷ്ടപ്പെട്ട് കടലിൽ പതിക്കുകയും ചെയ്തു.
                    ചിലപ്പോൾ ചെറിയ അനക്കങ്ങൾ പോലും കടലിനുളളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന മീഥേൻ വാതകം കടൽ നിരപ്പിന് മുകളിലേയ്ക്ക് വരാൻ കാരണമാകാം. ഇന്നലെ അത്തരത്തിൽ വലിയ ഒരു മീഥേൻ നിക്ഷേപം അന്തരീക്ഷത്തിലേയ്ക്ക് കലർന്നു. അതേ സമയം തന്നെ ചാർജ്ജു നിറഞ്ഞ മേഘം കടലിൽ ഒഴുകി നടക്കാൻ തുടങ്ങിയ വിമാനത്തിന്റെ ലോഹ ശരീരത്തിലേയ്ക്ക് മിന്നൽ പിണറുകൾ പായിക്കാനും തുടങ്ങി.
ഫലമോ........ അഗ്നി ആളിക്കത്തി. അന്തരീക്ഷത്തിലേയ്ക്ക് തുറന്നുവിടപ്പെട്ട മീഥേൻ നിക്ഷേപം കത്തി തീരും വരെ കടൽ മുതൽ ആകാശം വരെ ഒരു മതിൽ കെട്ടിയതുപോലെ അഗ്നി ആളി. മണിക്കൂറുകളോളം ഈ പ്രതിഭാസം നീണ്ടു നിന്നത്രെ! മണിക്കൂറുകളോളം ഒരു ഭീമൻ അഗ്നി മതിൽ സൃഷ്ടിക്കാനുള്ള മീഥേൻ നിക്ഷേപം. എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഒന്നു രണ്ടു മിനിട്ടുകൾ കൊണ്ടു തന്നെ എന്റെ ബോധം നഷ്ടപ്പെട്ടിരുന്നല്ലോ.
" അന്തരീക്ഷമർദ്ദം കുറഞ്ഞതുകൊണ്ടാകാം ബോധം പോയത്. "
മിറിയം ആശ്വസിപ്പിച്ചു.
"ഇതെല്ലാം സംഭവിച്ചത് 'അ' യെ ധിക്കരിച്ചതുകൊണ്ടാ മോനേ.  'അ' എല്ലാവരേയും കാക്കുന്നവനാണ്. അവനെ തോൽപ്പിക്കാൻ നോക്കുന്നു ഇവിടെ ചിലർ. ''
മിറിയം പുഞ്ചിരിച്ചു.

                                            

                                               തുടരും ....
                                       A Work by Hari ....

ഇത് ഒരു തുടര്‍ കഥ ആയതിനാല്‍ കൂടുതല്‍ മികച്ച വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....

Comments