മിറിയത്തിന്റെ ഭവനം ഇപ്പോൾ എന്റെകൂടി ഭവനമായി മാറിയിരിക്കുന്നു. നാളെ ഞങ്ങൾ ഈ വീടുവിടും. മാൽസൂപ്പിയയെ പരമാവധി കണ്ടും അനുഭവിച്ചും അറിഞ്ഞു കൊണ്ടൊരു യാത്ര. അതിനു വേണ്ട ഊർജ്ജം ഞാൻ വീണ്ടെടുത്തു കഴിഞ്ഞു.
മാൽസൂപ്പിയക്കാർക്കിടയിൽ 'മാൽസൂപ്പിയ ' എന്ന പദം അത്ര പരിജിതമല്ല എന്ന് മിറിയത്തിന്റെ അമ്മ പറഞ്ഞിരുന്നല്ലോ. "പാനി'' അതാണ് അമ്മയുടെ പേര്. പാനി എന്നു കേൾക്കുമ്പോൾ നമുക്ക് ജലത്തെ ഓർമ വരും. രാഷ്ട്രഭാഷയിൽ 'പാനി ' എന്നാൽ ജലം എന്നല്ലേ അർദ്ധം, അതു ഞാൻ അമ്മയോടു പറഞ്ഞു. അമ്മ ചിരിച്ചു. ജലം പോലെ തെളിഞ്ഞ ചിരി. സഖിമാരോടൊപ്പം മാൽസൂപ്പിയയിൽ താമസമാക്കിയ പന്ത്രണ്ട് ദൈവപുത്രന്മാരിൽ ഒരാളാണ് 'പ' ആയോധന കലകളിൽ അതിവിദഗ്ധൻ. കഥകൾ കേട്ടപ്പോൾ നമ്മുടെ അർജ്ജുനന് തുല്യം നിൽക്കുന്നവൻ. ആ 'പ' യ്ക്ക് പ്രിയപ്പെട്ടവൾ എന്നാണ് ക്യാച് പ്പിച്ച് ഭാഷയിൽ 'പാനി' എന്ന വാക്കിന് അർദ്ധം. മിറിയത്തിന്റെ അമ്മ വിവരിച്ചുതന്നു.
മാൽസൂപ്പിയ എന്ന വാക്കിലേയ്ക്കു വരാം. മിറിയത്തിന്റെ അച്ഛൻ 'പാനി' അമ്മയ്ക്ക് പറഞ്ഞു കൊടുത്ത ലോകകഥകളിൽ കുറേയൊക്കെ അമ്മ എനിക്കു പറഞ്ഞു തന്നു. 'മാൽസൂപ്പിയ ' എന്ന പേരിനു പിന്നിലെ കഥയും അങ്ങനെയാണ് ഞാൻ അറിഞ്ഞത്.
ആണവോർജ്ജവും വിമാനങ്ങളും ഒക്കെ കണ്ടു പിടിക്കപ്പെടുന്നതിന് മുൻപും മാൽസൂപ്പിയക്കാർ പുറം ലോകത്തേയ്ക്ക് സഞ്ചരിക്കുകയും പുറംലോകത്തു നിന്നുള്ള സാഹസികർ മാൽസൂപ്പിയയെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. കടൽ ചുഴികളിലും കാറ്റിലും പെട്ട് സർവസ്വവും നഷ്ടപ്പെട്ട് ദിശതെറ്റി മാൽസൂപ്പിയൻ തീരത്തടുക്കുന്ന കപ്പലുകളും കുറവായിരുന്നില്ല. അവരെയൊക്കെ കരുത്തന്മാരായ മാൽസൂപ്പിയൻ നാവികർ സുരക്ഷിതമായി കടൽചുഴികളൊഴിഞ് സഞ്ചരിച്ച് കടൽ ക്കുടുക്കുകൾക്ക് പുറത്തെത്തിച്ച് സ്വന്തം നാടുകളിലേയ്ക്ക് മടക്കി അയയ്ക്കും. ഇന്ന് ആർക്കും അറിയാത്ത കടൽമാർഗ്ഗങ്ങളാണ് അന്ന് ഉപയോഗിക്കപ്പെട്ടിരുന്നത്. പിന്നീട് 'അ' കൂടുതൽ ദേഷ്യക്കാരനാകുകയും കടൽകുരുക്കുകൾ മുൻപൊന്നും കണ്ടിട്ടില്ലാത്ത വിധം ശക്തമാക്കുകയും ചെയ്തു. പണ്ട് മനോധൈര്യവും 'അ'യോടുളള ഭക്തിയും മാത്രം കൈമുതലാക്കി കടൽ ചെറുവഞ്ചികളിൽ തുഴഞ്ഞ് അപ്പുറമെത്തിയ ധീരന്മാരുടെ തലമുറ ആ രഹസ്യങ്ങൾ ആരോടും പങ്കു വൈക്കാതെ അവസാനിച്ചു.
മാൽസൂപ്പിയയിലേയ്ക്ക് ആദ്യം വന്ന പുറംദേശങ്ങളിൽ നിന്നുള്ള മനുഷ്യർ ഇവിടത്തുകാരുടെ ജീവിതരീതികളിൽ പരിഹാസം കണ്ടെത്തി. കൊച്ചു കുഞ്ഞുങ്ങളെ മാറോടു ചേർത്തോ തോളത്തോ കെട്ടിയുറപ്പിച്ച സഞ്ചികളിൽ പേറിയാണ് ഇവിടെ അമ്മമാരുടേയും അച്ഛൻമാരുടേയും നടപ്പ്. കുഞ്ഞു ജനിച്ചെന്നു കരുതി അമ്മയുടെ ദിനചര്യകളിലും തിരക്കുകളിലും മാറ്റമൊന്നും ഇല്ല. കുഞ്ഞിനെ മാറിൽ ചേർത്തു കെട്ടിയ തുണി സഞ്ചിയിൽ പേറി അമ്മ തന്റെ ജോലികൾ ചെയ്യും കുഞ്ഞ് ദാഹിക്കുമ്പോൾ പാലുകുടിച്ചും, ലോകം മുഴുവൻ ഒറ്റ ശ്വാസത്തിൽ കണ്ടു തീർക്കാൻ കൗതുകമുള്ള കണ്ണുകൾ തുറന്ന് ചുറ്റുമുള്ള കാഴ്ചകൾ കണ്ടും, അമ്മയുടെ നെഞ്ചിലെ ചൂടു പറ്റി ചാച്ചിഉറങ്ങിയും വളരും. കുറച്ചു കഴിഞ്ഞാൽ അവർ അച്ഛന്മാരുടെ തോളിൽ കെട്ടിയുറപ്പിച്ച സഞ്ചികളിലേയ്ക്കു കൂടി ചേക്കേറും. ഇങ്ങനെ കാലുറയ്ക്കുന്നതു വരെ അച്ഛനും അമ്മയ്ക്കുമൊപ്പം അവർ പോകുന്നിടത്തൊക്കെ കൂടെ സഞ്ചരിച്ച്, പിച്ച നടന്ന്, കിളികൊഞ്ചൽ കേട്ട് അവനും അവളും ലോകത്തെ കണ്ടും കേട്ടും അനുഭവിച്ചും പഠിക്കും. ഇന്നും മാൽസൂപ്പിയയിലെ പതിവ് ഇതു തന്നെയാണ്.
ഇതു കണ്ട മാൽസൂപ്പിയയ്ക്ക് പുറത്തു നിന്നും വന്നവർക്ക് ഓസ്‌ട്രേലിയയിലെ കങ്കാരുക്കളെ ആകാം ആദ്യം ഓർമ വന്നത്. അവർ ഈ നാട്ടിലെ ജനങ്ങളെ കങ്കാരുകൾ എന്നും 'മാർസൂപ്പിയൻസ്' എന്നും കളിയാക്കി വിളിച്ചു. 'മാർസൂപ്പിയൻസ്' പിൽക്കാലത്ത് 'മാൽസൂപ്പിയൻസ്' ആയി. 'മാൽസൂപ്പിയൻസി'ന്റെ നാട് 'മാൽസൂപ്പിയ ' ആയി. അതാണ് 'മാൽസൂപ്പിയ ' എന്ന വാക്കിന്റെ പിന്നിലെ ചരിത്രം.
"മാൽസൂപ്പിയ എന്ന പേര് മിറിയത്തിന്റെ അച്ഛന് ഇഷ്ടമല്ലായിരുന്നു. നമ്മുടെ മഹത്തായ പാരമ്പര്യത്തെ കളിയാക്കി പുറത്തുള്ള കുരങ്ങന്മാർ വിളിയ്ക്കുന്ന പേര് എന്നായിരുന്നു അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞിരുന്നത്.''
പാനി അമ്മ പറഞ്ഞു.
'' നിങ്ങൾ നാളെ ഇവിടം വിടുകയല്ലേ... ഈ ദേശം ചുറ്റിക്കാണുന്നതിനിടയിൽ നിരവധി അമ്മമാരേയും കുഞ്ഞുങ്ങളേയും കാണും. അവരെ കളിയാക്കരുത്. അമ്മമാരെ ബഹുമാനിക്കുക, കുഞ്ഞുങ്ങളെ അനുഗ്രഹിക്കുക. ഓടിച്ചാടി നടക്കുന്ന കുസൃതിക്കുന്നിമണികൾക്ക് നിന്റെ ദേശത്തെ പറ്റി കേൾക്കാനും അവിടുത്തെ വിശേഷങ്ങളും കഥകളും അറിയാനും കൗതുകമുണ്ടാകും . നിനക്ക് അറിയാവുന്നതെല്ലാം നീ കുഞ്ഞുങ്ങളുമായി പങ്കുവൈക്കുക. അതു നിന്നെ കൂടുതൽ അറിവുള്ളവനും മഹത്വമുള്ളവനും ആക്കിത്തീർക്കും. കുഞ്ഞുങ്ങൾക്ക് അറിവുള്ളത് അവർ നിനക്ക് പകർന്നു തരും. അതാണ് ഭൂമിയിലെ ഏറ്റവും മഹത്തരമായ ജ്ഞാനം .''
മിറിയത്തിന്റെ അമ്മ എന്നെ അനുഗ്രഹിച്ചു. നാളെ ഞാൻ വീണ്ടും വീടുവിട്ടിറങ്ങുകയാണ് . എന്റെ വീട്ടിൽ നിന്നും ഏറെ അകലത്തിലുള്ള മറ്റൊരു വീടുവിട്ട്. യാത്ര എത്ര ഉയരങ്ങളിലേയ്ക്കായാലും വീടുവിട്ടുള്ള വേർപിരിയൽ സങ്കടകരമാണ്.
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍ കഥ ആയതിനാല്‍ കൂടുതല്‍ മികച്ച വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment