മാല്‍സൂപ്പിയന്‍ ഗാഥകള്‍ 12

അധികം വലിയ പാണ്ടക്കെട്ടുമായി അല്ല ഞാൻ മാൽസൂപ്പിയയിൽ വിമാനമിറങ്ങിയത്. മൂന്നു നാലു ജോഡി വസ്ത്രങ്ങൾ മാത്രമേ കരുതിയിരുന്നുള്ളു. പോകുന്ന ദേശത്തും ഇതൊക്കെ കിട്ടുമല്ലോ എന്ന തിരിച്ചറിവ് യാത്രാ സഞ്ചിയുടെ കനം കുറയ്ക്കുകയായിരുന്നു. മാൽസൂപ്പിയയിലൂടെ ഉള്ള യാത്രയിലും തോൾസഞ്ചി പരമാവധി ചെറുതാക്കിയിട്ടുണ്ട്. മിറിയം ഒപ്പം തന്നെയുണ്ട്.
                  എന്താണ് മാൽസൂപ്പിയയിൽ പോയി കാണേണ്ടത്? ചോദ്യത്തിന് ഉത്തരം ഇനിയും കിട്ടിയിട്ടില്ല. കടൽ തീരവും മാമലകളും വെള്ളച്ചാട്ടവും പാറക്കെട്ടുകളും ആണെങ്കിൽ ഭൂമിയിലെ മറ്റെല്ലാ ഭാഗങ്ങളേയും പോലെ അവകൊണ്ട് സമ്പന്നമാണ് മാൽസൂപ്പിയയും. പക്ഷേ എനിക്കു കാണേണ്ടത് അതൊന്നുമല്ല. എനിക്ക് മാൽസൂപ്പിയയെ ആണ് കാണേണ്ടത്. ഇതൊന്നുമല്ലാതെ വേറെന്തു കാഴ്ച. വേറെന്തു മാൽസൂപ്പിയ! ആവോ... സഞ്ചരിക്കാം. തേടുന്നതെല്ലാം കാലം കാത്തു വച്ചിട്ടുണ്ടാകും. അതിനടുത്തേയ്ക്ക് നടന്നു പോകുകയാണ് നമ്മുടെ ലക്ഷ്യം.
                   മാൽസൂപ്പിയയെ പന്ത്രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ദൈവം മാൽസൂപ്പിയയിൽ പാർപ്പിച്ച പന്ത്രണ്ട് ദമ്പതിമാരുടെ സ്മരണാർത്ഥം ആണ് പന്ത്രണ്ട് ഭാഗങ്ങൾ. വലിപ്പത്തിൽ പന്ത്രണ്ടും തുല്യത പാലിക്കുന്നു. മാൽസൂപ്പിയയുടെ ഭരണ നിർവഹണം ഒരു സ്തിരം സഭയുടെ കയ്യിലാണ്. മൂന്നു വർഷത്തിൽ ഒരിക്കൽ സഭയുടെ മൂന്നിൽ ഒന്നു ഭാഗത്തിനെ പിരിച്ചുവിടുകയും അവിടേയ്ക്ക് തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. നമ്മുടെ രാജ്യസഭയിലേതു പോലെ. ഇരുപതു വയസുതികഞ്ഞ ആർക്കും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആകാം. രാഷ്ട്രീയ കക്ഷികളോ തിരഞ്ഞെടുപ്പു പ്രചാരണങ്ങളോ മാൽസൂപ്പിയയിൽ ഇല്ല. ഓരോ തവണയും പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞവനാണ് മാൽസൂപ്പിയയുടെ മുഖ്യ സചിവൻ. അതായത് മുമ്മൂന്ന് വർഷത്തിനിടയ്ക്ക് പ്രധാന ഭരണകർത്താവ് മാറിക്കൊണ്ടിരിക്കും. സ്വയം സ്ഥാനാർത്ഥി ആവാൻ തയ്യാർ ആകാത്തവരെ പോലും പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് സമിതി തന്നെ സ്ഥാനാർത്ഥി ആയി നിർദ്ദേശിക്കുകയും വിജയിക്കുകയും ചെയ്യുന്നരീതി ഇവിടെയുണ്ട്. എന്തു വാഗ്ദാനം നൽകുന്നു എന്നതല്ല എന്തു പ്രവൃത്തി ചെയ്യുന്നു എന്നതാണ് ഭരണാധികാരികളെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കുന്നത്. ഈ സ്ഥിരം സഭയിൽ പന്ത്രണ്ട് പ്രവിശ്യകളിൽ നിന്നും തുല്യ പ്രാതിനിധ്യമായിരിക്കും. അവർ തന്നെയാണ് പ്രവിശ്യകളുടെ ഭരണനിർവഹണവും നടത്തുന്നത്.
                  യാത്ര തുടങ്ങുന്നതിനു മുൻപു തന്നെ മാൽസൂപ്പിയയെ പറ്റി ഒരു ഏകദേശ ധാരണ ലഭിക്കാനാണ് ഞാൻ ഇതൊക്കെ പറയുന്നത്. ഈ പന്ത്രണ്ട് പ്രവിശ്യകളിലൂടെ ആണ് നമുക്ക് സഞ്ചരിക്കേണ്ടത്.
                       'ക്യാറ്റല' തന്നെയാണ് പ്രവിശ്യകളിൽ പ്രധാനം. 'ക' എന്ന ദൈവപുത്രന്റയും 'ഇല' എന്ന അവന്റെ പത്നിയുടേയും സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട പ്രവിശ്യ ആണ് ക്യാറ്റല. മാൽസൂപ്പിയയിലെ ഏക വിമാനത്താവളം ഇവിടെയാണ്. എന്റെ യാത്രകളുടെ തുടക്കവും ക്യാറ്റലയിൽ നിന്നു തന്നെ.
                            മിറിയത്തിന്റെ വീട്ടിൽ നിന്നിറങ്ങി കാറിൽ തിരിച്ചത് മാൽസൂപ്പിയയിലെ വലിയ അത്ഭുതങ്ങളിൽ ഒന്നിലേയ്ക്കായിരുന്നു. തിളയ്ക്കുന്ന ജലമുള്ള പാറക്കിണർ. പൊടിപറത്താതെ ഓടുന്ന കാറിൽ പാറക്കിണറിലേയ്ക്ക് ഞങ്ങൾ യാത്രയായി.

                                            

                                               തുടരും ....
                                       A Work by Hari ....

ഇത് ഒരു തുടര്‍ കഥ ആയതിനാല്‍ കൂടുതല്‍ മികച്ച വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....

Comments