മാൽസൂപ്പിയൻ ഗാഥകൾ 5

ഡോക്ടർ ആശ്വസിപ്പിച്ചതിലും ഏറെ, ഒരാഴ്ച ആ കിടപ്പ് കിടക്കേണ്ടി വന്നു. യാത്രകൾ ചെയ്യാറുണ്ടെങ്കിലും വ്യായാമം ഇല്ലായ്മ ശരീരത്തെ നശിപ്പിച്ചിരുന്നു.മിറിയത്തിന്റെ കുറച്ചു സുഹൃത്തുകൾ സന്ദർശകരായി ഉണ്ടായിരുന്നു. അവരിൽ ചിലരെങ്കിലും മാൽസൂപ്പിയക്കാരൻ അല്ലാത്ത ഒരു മനുഷ്യനെ ആദ്യമായി കാണുകയായിരുന്നു. അവർ എന്നെ കൗതുകത്തോടെ നോക്കി. ഞാൻ അവരെയും .
                         അതിനോടകം മാൽസൂപ്പിയയിലെ ഭാഷ,  "ക്യാച് പിച്ച് ", എന്നെ പഠിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു മിറിയം. ഇംഗ്ലീഷും സ്പാനിഷും ഹിന്ദിയും ഫ്രഞ്ചും ഒന്നും അവിടെ വിലപ്പോകില്ല. പുറത്തിറങ്ങി നടക്കണമെങ്കിൽ ക്യാച് പിച് അറിഞ്ഞേ തീരൂ. രണ്ടു പേരുടേയും മുറി ഇംഗ്ലീഷ് വച്ച് പുതുതായി ഒരു ഭാഷ പഠിക്കുക എന്നത് വളരെ പ്രയാസപ്പെട്ട ഒരു കാര്യം ആയിരുന്നു. പക്ഷേ പതിയെ പതിയെ അത് രസകരമാകുകയും ഒരു മത്സരമായി മാറുകയും ചെയ്തു. എന്നെ കാണാൻ വരുന്ന മിറിയത്തിന്റെ സുഹൃത്തുകളും ആശുപത്രി ജീവനക്കാരും എന്റെ ക്യാച് പിച്ച് അദ്ധ്യാപകർ ആയി. ഒരാഴ്ചകൊണ്ട് കയ്യും കാലും അനക്കാം എന്നായപ്പോൾ ക്യാച്ച് പിച്ചിൽ തമാശ പറയാനും ഞാൻ പഠിച്ചിരുന്നു.
                        പതിയെ പതിയെ ചെറിയ വ്യായാമങ്ങളിലേയ്ക്ക് കടന്നു തുടങ്ങി. മറ്റു മരുന്നുകൾ ഒന്നും ഉണ്ടായിരുന്നില്ല. അതിശക്തമായ തലവേദന ഇടയ്ക്കിടെ ഉണ്ടാകുമായിരുന്നു. അത് ക്യാറ്റിലയിലെ അന്തരീക്ഷമർദ്ദം ഇടയ്ക്കിടെ മാറുന്നതു കൊണ്ടാണെന്നും ശീലമാകുന്നതിലൂടെയും ശരീരത്തെ അതിനോട് പൊരുത്തപ്പെടുത്തുന്നതിലൂടെയും മാത്രമേ അതിനെ അതിജീവിക്കാൻ ആകൂ എന്നും ഡോക്ടർ പറഞ്ഞു. തലവേദനയുടെ മൂർദ്ധന്യത്തിൽ ഞാൻ ഛർദിക്കാൻ തുടങ്ങും.  അതെന്നെ നിമിഷങ്ങൾ കൊണ്ട് പഞ്ഞി കെട്ട് പോലെ ആക്കി മാറ്റും.
                              ജയ് എന്ന യുവാവ് ആണ് എന്നെ വ്യായാമം ചെയ്യിക്കാൻ നിയുക്തനായിരിക്കുന്നത്. ജയ് ഡോക്ടർ ആണ്. മൽസൂപ്പിയക്ക് പുറത്ത് ധാരാളം സഞ്ചരിച്ചിട്ടുണ്ട്. ആദ്യമായി മാൽസൂപ്പിയക്ക് പുറത്ത് പോയപ്പോൾ തനിക്കും ഇത്തരം അനുഭവങ്ങളെ നേരിടേണ്ടി വന്നതായി ജയ്പറഞ്ഞു. ശരീരത്തെ ദൃഢമായി നിലനിർത്തുക എന്നതു മാത്രമാണ് ജയ് പറഞ്ഞ പരിഹാരം. വ്യായാമം ആണെങ്കിൽ എന്റെ നിഘണ്ടുവിൽ ഇല്ലാത്ത കാര്യവും. ഇംഗ്ലീഷും ഹിന്ദിയും അടക്കം ഇരുപതിൽ അധികം ഭാഷകൾ ജയ്ക്ക് അറിയാം. ഡോക്ടർ ആണെങ്കിലും യാത്രകളോടും പുസ്തകങ്ങളോടും ആണ് ജയ്ക്കും താത്പര്യം. ഇന്ത്യയിൽ നിന്ന് ഒരാൾ എത്തിയിട്ടുണ്ട്, ആരോഗ്യനില മോശമാണ് എന്ന് അറിഞ്ഞ് എത്തിയതാണ് ജയ്. എന്നെ ചികിത്സിച്ച ഡോക്ടറുടെ സമ്മതത്തോടെ എന്റെ വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും ഉത്തരവാത്തം ജയ് ഏറ്റെടുക്കുക ആയിരുന്നു. ജയ് വന്നതിനു ശേഷം ഞാൻ കൂടുതൽ വേഗത്തിൽ സുഖപ്പെടാൻ തുടങ്ങി.

                                            

                                               തുടരും ....
                                       A Work by Hari ....

ഇത് ഒരു തുടര്‍ കഥ ആയതിനാല്‍ കൂടുതല്‍ മികച്ച വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....

                  

Comments