മാല്‍സൂപ്പിയന്‍ ഗാഥകള്‍ 6

ആശുപത്രി വിട്ട് പുറത്തിറങ്ങാന്‍ എന്‍റെ  മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു. ശരിക്കും മാല്‍സൂപ്പിയയുമായി ഇണങ്ങുന്നതുവരെ ജയ് യുടെ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുന്നതാണ് നല്ലതെന്ന് മിറിയവും ഡോക്ടറും നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രിക്കകത്തെ ജിംനേഷ്യത്തില്‍ ഉള്ള വര്‍ക്കൗട്ട് അല്ലാതെ പുറത്തിറങ്ങി നടക്കാന്‍ പോലും ജയ് അനുവദിക്കുന്നുമില്ല. ഞാന്‍ ഇന്ന് മാല്‍സൂപ്പിയയില്‍  കാലുകുത്തിയിട്ട് പതിനഞ്ച് ദിവസം കഴിയും. ഇടയ്ക്കിടെ ഉണ്ടാകുന്ന കടുത്ത തലവേദന ഒഴിച്ചാല്‍ ഇപ്പോള്‍ മറ്റുപ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്‍റെ ശരീരം ഒരു ജീവനുള്ള ബാരോമീറ്റര്‍ ആണെന്നും തലവേദനയുടെ തോത് അനുസരിച്ച് ക്യാറ്റിലയിലെ അന്തരീക്ഷമര്‍ദ്ദം എത്രയെന്ന് കൃത്യമായി പറയാമെന്നും ജയ് കളിയാക്കാറുണ്ട്.
                             ഒരു അഞ്ചുനാൾ കൂടി കഴിഞ്ഞാൽ മാൽസൂപ്പിയയിലെ കാലാവസ്ഥ പ്രശാന്തമായി തീരുമത്രെ! പിന്നെ ഒരു മൂന്നു മാസത്തേയ്ക്ക് ഭൂമിയിലെ ഇതരഭാഗങ്ങളെ പോലെ തന്നെയാണ് മാൽസൂപ്പിയയും അന്തരീക്ഷമർദ്ദത്തിന്റെ കാര്യമാണ് പറഞ്ഞത്. ഇതു ഞാർ ദൽഹിയിൽ വച്ചേ അറിഞ്ഞിരുന്നതാണ് .
പക്ഷേ കര പ്രശാന്തമാകുമ്പോൾ കടൽ പ്രക്ഷുബ്ദമാകും. കരയിലെ സുന്ദരമായ കാലാവസ്ഥ മാൽസൂപ്പിയക്കാരെ അലസ്യത്തിലാക്കുമ്പോൾ കലിതുള്ളി നിൽക്കുന്ന കടൽ മാൽസൂപ്പിയക്ക് അകത്തേയ്ക്കും അവിടെ നിന്നും   ഭൂമിയുടെ മറ്റു ഭാഗങ്ങളിലേയ്ക്കും ഉള്ള യാത്ര അസാധ്യമാക്കും. വിമാനങ്ങളും കപ്പലുകളും ആ മൂന്നു മാസം അനക്കമില്ലാതെ കിടക്കും. അതിനു മുൻപുള്ള ഒരു മാസക്കാലമാണ് കടൽ ഏറ്റവും ഗതാഗത യോഗ്യമാകുന്നത് എന്നതാണ് ഏറ്റവും വലിയ അത്ഭുതം. ആ അത്ഭുതത്തിന്റെ ആനുകൂല്യത്തിൽ ആണ് ഞാനും വിമാനം കയറി മാൽസൂപ്പിയൻ മണ്ണിൽ എത്തിയത്. അതായത് ഇനി ഒരു അഞ്ചു ദിവസം കൂടി കര ശാന്തമായതും കടൽ തുടർച്ചയായ അന്തരീക്ഷമർദ്ദങ്ങൾ കൊണ്ട് നിറഞ്ഞതും ആയിരിക്കും. അഞ്ചു ദിവസങ്ങൾ കൊണ്ട് സ്വിച്ചിട്ടതു പോലെ കാര്യങ്ങൾ മാറിമറിയും എന്ന് ജയ് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്‌.
                         പ്രശാന്തിയുടെ മൂന്നു മാസവും മാൽസൂപ്പിയയിൽ ചിലവഴിച്ച് അതു കഴിഞ്ഞ് കടൽ അടങ്ങുമ്പോൾ തിരിച്ചു പറക്കാം എന്ന ഉദ്ദേശമാണ് എനിക്കുള്ളത്. പക്ഷേ മാൽസൂപ്പിയ ചുറ്റി കാണാൻ ജയ് കൂടെയുണ്ടാകില്ല എന്നാണ് ഇപ്പോൾ അറിയുന്നത്.
                               രണ്ടു ദിവസത്തിനകം, കടൽ കലിതുള്ളാൻ തുടങ്ങുന്നതിനു മുൻപേ മാൽസൂപ്പിയയിൽ നിന്നും പുറത്തേയ്ക്കു പറക്കുന്ന അവസാന വിമാനത്തിൽ ജയ് ഇന്ത്യയിലേയ്ക്ക് പറക്കുന്നു. എന്നെ കണ്ടതിനു ശേഷമാണ് ഇന്ത്യ തന്നെ തിരഞ്ഞെടുത്തതെന്നും ഞാൻ മാൽസൂപ്പിയയിൽ ചിലവഴിക്കുന്ന മൂന്നു മാസം ജയ് ഇന്ത്യയിൽ കാണുമെന്നും പറഞ്ഞു. ഞാൻ വീട്ടിലേയ്ക്കുള്ള കത്തുകളും വീട്ടിൽ എത്താനുള്ള അഡ്രസും എല്ലാം ജയ്ക്ക് നൽകി കഴിഞ്ഞു. ഞാൻ വിസ്മയലോകത്തേയ്ക്ക് യാത്രയായി എന്നിറഞ്ഞ് കണ്ണീരണിഞ്ഞു കാത്തിരിക്കുകയാവും എന്റെ അച്ഛനും അമ്മയും എന്നതിൽ എനിക്ക് സംശയമില്ല. അവർക്ക് സന്ദോഷവാർത്തയുമായി എത്താൻ ജയ്ക്ക് കഴിയട്ടേ എന്ന്  ആശിക്കാം.
                                 നന്നായി 'ക്യാച് പിച്ച്'  വശത്താക്കാൻ ഈ പതിനഞ്ചു ദിവസങ്ങൾ കൊണ്ട് കഴിഞ്ഞു. ഇനി ഒരു അഞ്ചു ദിവസം കൂടി കഴിഞ്ഞാൽ മാൽസൂപ്പിയ എന്ന സ്വർഗത്തിലേയ്ക്ക് എന്നെ തുറന്നു വിടാം എന്ന് ഡോക്ടർ വാക്കു തന്നിരിക്കുന്നു.

                                            

                                               തുടരും ....
                                       A Work by Hari ....

ഇത് ഒരു തുടര്‍ കഥ ആയതിനാല്‍ കൂടുതല്‍ മികച്ച വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....

Comments