ഓരോ ദിവസവും കലാവസ്ഥ മെച്ചപ്പെട്ടു വരുന്നുണ്ട്. എന്നു പറഞ്ഞാൽ ചുരുക്കത്തിൽ എന്റെ തലവേദന കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്. ദിവസവും രണ്ടു മണിക്കൂർ എങ്കിലും വ്യായാമവും അതു കഴിഞ്ഞാൽ മിറിയത്തിന്റെ സംസാരം കേൾക്കലും തന്നെയാണ് ഇപ്പോൾ എന്റെ ദിനചര്യകൾ. ജയ് ഇന്ത്യയിലേയ്ക്ക് പറന്നു കഴിഞ്ഞു.
മാൽസൂപ്പിയയിലെ മനുഷ്യരെ പറ്റിയുള്ള അവരുടെ വിശ്വാസം ഞാൻ മുൻപേ പറഞ്ഞതാണ്. മാൽസൂപ്പിയയുടെ ജീവിതങ്ങളെ പറ്റി മിറിയത്തിൽ നിന്നും കേട്ട കാര്യങ്ങൾ ഞാൻ ചുരുക്കി പറയാം.
പൊതുവേ പുറത്തുനിന്നുള്ളവരെ അംഗീകരിക്കാൻ മാൽസൂപ്പിയയിലെ പ്രായമായവർ തയ്യാറല്ല. ഇപ്പോഴത്തെ തലമുറ കുറച്ചൊക്കെ അന്യദേശക്കാരുമായി ചങ്ങാത്തം കൂടാൻ മടിക്കാറില്ല. അതാണ് മിറിയവും ജയ് യും ഒക്കെ എന്റെ സഹായത്തിനെത്തിയത്. മാൽസൂപ്പിയയിലെ ആദ്യത്തെ മനുഷ്യർദൈവത്തിന്റെ പുത്രന്മാരായ പതിനാലു പുരുഷന്മാരും അവരുടെ സഖിമാരായ പന്ത്രണ്ട് സ്ത്രീകളും ആണെന്ന് മാൽസൂപ്പിയക്കാർ വിശ്വസിക്കുന്നു. പന്ത്രണ്ട് സഖിമാർക്കും ഓരോ പുരുഷനെ വീതം നൽകി. ശേഷിക്കുന്ന രണ്ടു പേരിൽ ഒരുവനെ മാൽസൂപ്പിയയുടെ കാവലാളായി നിയമിച്ചു. അവന് ആഴിയോളം ആഴമുള്ള ശാന്തതയും മിന്നൽ പിണറോളം ശൗര്യമുള്ള കരുത്തും നൽകി. കടലിലേയും ആകാശത്തിലേയും മാന്ത്രിക കോട്ടകൾക്ക് ശക്തി ചോരാതെ കാത്തുസൂക്ഷിക്കുന്നത് അവനാണ്. മാൽസൂപ്പിയൻ തീരത്തു നിന്നും കടലിൽ ഇറങ്ങുന്ന ഒരു ചെറു തോണി പോലും മറിച്ചിടാതെ കരുതലോടെ അവൻ തിരകളെ വിന്യസിച്ചു. പുറത്തു നിന്നും അനുവാദമില്ലാതെ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച പടക്കപ്പലുകളെ അവൻ കത്തിച്ച് ചാമ്പലാക്കി. മാൽസൂപിയയിലെ ജനങ്ങക്ക് അവൻ പിതൃസഹോദരനാണ്. ചെറുപ്പക്കാർക്ക് അവൻ യൗവനത്തിന്റേയും കരുത്തിന്‍റേയും പ്രതീകമാണ്.
പതിനാലാമനെ ദൈവം അടുത്തു വിളിച്ചു. അവനായിരുന്നു ഏറ്റവും ഇളയവൻ. ദൈവത്തിന്റെ വത്സല പുത്രൻ. കാറ്റിനേയും കടലിനേയും നിയന്ത്രിക്കാൻ കൈക്കരുത്തും മനക്കരുത്തും ഇല്ലാത്തവൻ. അവന് ദൈവം സ്ത്രീയുടേയും പുരുഷന്റെയും കരുത്തുകൾ പകർന്നു നൽകി. നീ നിന്റെ സഹോദരന്മാരുടെ പുത്രന്മാർക്കും പുത്രിമാർക്കും അമ്മയും അച്ഛനും ആയിരിക്കണം എന്ന് നിർദ്ദേശിച്ചു. നിന്റെ സഹോദരന്മാർക്ക് നീ അരുമയായ സഹോദരിയും അവരുടെ സഹോദരിമാർക്ക് നീ അൻപെഴുന്ന ആപത്തിൽ ആശ്രയമാകുന്ന സഹോദരനും ആകട്ടെ എന്ന് അനുഗ്രഹിച്ചു. കരയുടെ പൂർണ്ണ ചുമതലയും അവനെ ഏൽപ്പിച്ച് ദൈവം മടങ്ങി. അവനാണ് മാൽസൂപ്പിയക്കാരുടെ അമ്മയും അച്ഛനും. അവൻ തന്റെ സഹോദര പുത്രന്മാരെയും പുത്രിമാരെയും ഒരു അമ്മയെപ്പോലെ താലോലിക്കുന്നു. അവർക്ക് മുകളിൽ കുട പിടിച്ച് പിതാവിനെപ്പോലെ അവരുടെ ആപത്തിൽ ഉറക്കമില്ലാതെ അവരെ ശുശ്രൂഷിക്കുന്നു.
കാവലാളായ ദൈവപുത്രന്റെ പേര് 'അ' എന്നായിരുന്നു. സ്ത്രീയും പുരുഷനും സമന്വയിച്ച മണ്ണിന്റെ സംരക്ഷകനും മുലപ്പാലൂട്ടുന്ന അമ്മയും ആയി മാറിയ ഇളയവന്റെ പേര് 'മ' എന്നും. പ്രിയ സഹോദരി 'മ' യ്ക്ക് ജ്യേഷ്ഠൻ 'അ' ഒരു സമ്മാനം കൊടുത്തു. വർഷത്തിൽ മൂന്നു മാസം നീ പൂർണമായി വിശ്രമിച്ചു കൊള്ളുക. കുട്ടികളോടൊപ്പം കളിച്ചും സ്ത്രീകളോടൊപ്പം നൃത്തം ചെയ്തും നീ ഉല്ലസിക്കുക. ആ സമയം കരയുടേയും കടലിന്റെയും സംരക്ഷണം ഞാൻ ഏറ്റെടുത്തു കൊള്ളാം. 'മ' സഹോദരന്റെ നിർദ്ദേശം സ്വീകരിച്ചു. വർഷത്തിൽ മൂന്നു മാസം അവൾ പാട്ടു പാടിയും നൃത്തം ചെയ്തും ഉല്ലസിക്കും. ആ സമയം ' അ' കടലിൽ കർക്കശക്കാരനായ കാവൽക്കാരനും കരയിൽ സ്നേഹനിധിയായ അമ്മാവനും ആകും. തന്റെ പ്രിയപ്പെട്ട പെങ്ങൾക്ക് ഏറ്റവും മികച്ച ഒരു അവധിക്കാലം നൽകാൻ മാൽസൂപ്പിയയിലെ കാലാവസ്ഥ മികവുറ്റതാക്കും. ഈ തക്കം നോക്കി കടൽ വഴി ആരും നുഴഞ്ഞു കയറാതിരിക്കാൻ കടൽ അതി ഭയങ്കരമായ ചുഴികൾ കൊണ്ടും ആകാശം വിനാശകരമായ മിന്നൽ പിണറുകൾ കൊണ്ടും നിറയ്ക്കും. അതാണ് ഇനി വരാൻ പോകുന്ന മൂന്നു മാസം .
വിശ്രമത്തിന്റെ മാസങ്ങൾക്കു മുൻപ് ഒരുമാസക്കാലം 'മ' ജ്യേഷ്ഠന്റെ കടലിലെ കോട്ടകളിൽ സന്ദർശനം നടത്താറുണ്ട്. ആ സമയം കുഞ്ഞു പെങ്ങൾ ഭയന്നു പോകാതിരിക്കാൻ 'അ' കടൽ ചുഴികൾ ഒഴിഞ്ഞതും ആകാശം വലിയ പ്രശ്നങ്ങളില്ലാത്തതും ആക്കി ഒരുക്കും. ആ അവസരം മുതലെടുത്താണ് ഞാൻ പറന്ന് ഇങ്ങു വന്നതും ജയ് പറന്ന് ഇന്ത്യയിലയ്ക്ക് പോയതും.
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍ കഥ ആയതിനാല്‍ കൂടുതല്‍ മികച്ച വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment