'മ' വിശ്രമിക്കുന്ന മൂന്നു മാസം മാൽസൂപ്പിയയിൽ അവധിക്കാലമാണ്. കുട്ടികളെ കളിക്കുന്നതിൽ നിന്നും ആരും നിയന്ത്രിക്കാറില്ല. അവർ ഓടി വീഴാതെയും വീണാലും അപകടങ്ങൾ പറ്റാതെയും 'മ' നോക്കിക്കൊള്ളും എന്ന് ജനങ്ങൾ വിശ്വസിക്കുന്നു. സ്ത്രീകൾ പാട്ടിലും നൃത്തത്തിലും മുഴുകി വർഷത്തിലെ മുഴുവൻ തിരക്കുകളും സമ്മർദ്ദങ്ങളും മറക്കുന്നു. 'മ' വരുമ്പോൾ അവൾക്കൊപ്പം ആടി തിമിർക്കാത്തവൾ പെണ്ണല്ല എന്നവർ വിശ്വസിക്കുന്നു.
പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒത്തുചേർന്ന് വരും വർഷത്തേയ്ക്കുള്ള വിത്തുകൾ പാകുന്നത് ഈ കാലത്താണ്. കൃഷി ഇറക്കുന്നതിനെ അധ്വാനമായിട്ടല്ല, ആഘോഷവും വിനോദവും ആയിട്ടാണത്രെ അവർ കാണുന്നത്. ഈ സമയത്ത് മണ്ണിലിടുന്ന വിത്തുകൾക്ക് 'മ' മുലയൂട്ടുമത്രെ! അങ്ങനെ സമൃദ്ധിയുടെ ഒരു വർഷത്തിന് ആ വിശ്രമ കാലം തുടക്കം കുറിക്കും. വിത്തിടലുകൾ നൃത്തവും പാട്ടും ചേർന്ന ഉത്സവങ്ങളാണെന്നാണ് മറിയം പറഞ്ഞത്. ഇതൊക്കെ ഉടനേ കാണാനാകും എന്നത് എന്നെ വളരെയേറെ ആകാംഷാഭരിതനാക്കുന്നു.
മൂന്നു മാസക്കാലം മിറിയത്തിനും ജോലിയൊന്നും ഇല്ല. മാൽസൂപ്പിയ മുഴുവൻ കറങ്ങാൻ എന്നോടൊപ്പം കൂടാം എന്ന് വാക്കു തന്നിട്ടുണ്ട്.
സഖിമാരോടൊപ്പം വാസമുറപ്പിച്ച പന്ത്രണ്ട് ദൈവപുത്രന്മാരുടേയും അവരുടെ മക്കളുടേയും പരമ്പരകളാണ് ഇന്നത്തെ മാൽസൂപ്പിയൻ സമൂഹം. പന്ത്രണ്ട് പുത്രന്മാരും പന്ത്രണ്ട് കലകളിലുത്തമന്മാരായിരുന്നു. അവരുടെ സഖിമാർ ജ്ഞാനത്തിന്റെ നിറകുടങ്ങളും. അവർ മക്കൾക്കെല്ലാവർക്കും തങ്ങളുടെ പൂർണ്ണമായ അറിവും പകർന്നു നൽകി. ആർക്കും സ്വന്തം പുത്രൻ സ്വന്തം പുത്രി എന്നുള്ള സ്വാർദ്ധതകൾ ഇല്ലായിരുന്നു. എല്ലാരും എല്ലാരുടേയും മക്കൾ തന്നെ. ഇന്നും മാൽസൂപ്പിയക്കാർക്ക് ഈ ശീലം പൂർണമായി നഷ്ടപ്പെട്ടിട്ടില്ല. സ്വന്തം മക്കളെ മാത്രം സ്നേഹിച്ചു വളർത്തുന്ന സ്വാർദ്ധത ഇവിടെ ഇല്ല. അവർ എല്ലാ കുഞ്ഞുങ്ങളെയും ഒന്നുപോലെ കാണുന്നു. തങ്ങൾക്കുള്ള അറിവും വിദ്യകളും കലകളും എല്ലാ കുഞ്ഞുങ്ങൾക്കും പകർന്നു നൽകുന്നു. അത് ഓരോരുത്തരുടേയും കടമയായി മാൽസൂപ്പിയക്കാർ വിശ്വസിക്കുന്നു.
മാൽസൂപ്പിയയിൽ വിദ്യാലയങ്ങൾ ഇല്ലാ എന്ന് മിറിയം പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്. ഭൂമിയുടെ ഇതരഭാഗങ്ങളിൽ പോയപ്പോൾ താൻ വിദ്യാലയങ്ങൾ കണ്ടിട്ടുണ്ടെന്നും ആ കെട്ടിടങ്ങൾക്ക് ഉള്ളിൽനിന്ന് എങ്ങനെയാണ് കുട്ടികൾക്ക് അറിവ് ലഭിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും മിറിയം പറഞ്ഞു. ഞാൻ വിദ്യാലയങ്ങളിൽ നിന്നാണ് അറിവുകൾ നേടിയതെന്ന് പറഞ്ഞപ്പോൾ അവൾ എന്നെ കൗതുകത്തോടെ നോക്കി. '' ഞാൻ പൂർണമായും വിശ്വസിക്കുന്നില്ല" അവൾ പറഞ്ഞു. "താങ്കൾ 'ക്യാച് പിച്ച് ' പഠിച്ചത് വിദ്യാലയങ്ങളിൽ പോയി അല്ലല്ലോ ''.
മാൽസൂപ്പിയയിലെ കുട്ടികൾ വിശ്രമത്തിന്റെ മാസങ്ങളിൽ കൃഷിയും നൃത്തവും സംഗീതവും കണ്ടും കേട്ടും ആടിയും പഠിക്കുന്നു. അല്ലാത്തപ്പോൾ അവർ ശാസ്ത്രവും നക്ഷത്രങ്ങളും ഗണിതവും പ്രശ്നങ്ങളും നിറഞ്ഞ ലോകത്തിൽ ജീവിക്കുന്നു. ഓരോ ദിവസവും പുതിയ പാഠങ്ങൾ പഠിച്ചു കൊണ്ട് ഉണരുന്നു. സൂര്യൻ അവരെ പുതിയതെന്തെങ്കിലും പഠിപ്പിക്കാൻവേണ്ടി ഭൂമിക്കു ചുറ്റും പരതി നടക്കുന്നു. അവരവർക്ക് പ്രിയമേറിയ വിഷയങ്ങളിലേയ്ക്ക് ഓരോരുത്തരും പയ്യെ ആണ്ടുപോക്കുന്നു.
മിറിയത്തിന് കുട്ടിക്കാലം തൊട്ടേ പാട്ടുകൾ പാടാനും കഥകൾ മെനയാനും ഒക്കെ ആയിരുന്നത്രേ ഉത്സാഹം. 'ക്യാച് പിച്ച് ' ഭാഷ അവളെ താലോലിച്ചു. ഏറെ സഞ്ചരിച്ച ഒരു അമ്മാവൻ ആണ് മറ്റു ഭാഷകളെക്കുറിച്ച് അവൾക്ക് അറിവുനൾകിയത്. ക്യാറ്റിലയിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ സംസാരിച്ചും പറഞ്ഞും നടപ്പായിരുന്നു കുട്ടിക്കാലം തൊട്ടേ അവളുടെ വിനോദം. അവരിൽ നിന്നും കുഞ്ഞു മിറിയം ഒരുപാട് കഥകൾ കേട്ടു,
ഒരു പാട് ഭാഷകൾ പഠിച്ചു. മാൽസൂപ്പിയയ്ക്ക് പുറത്ത് കുട്ടികളെ പൂട്ടിയിട്ട് നിർബന്ധിച്ച് ഭാഷയും ശാസ്ത്രവും പഠിപ്പിക്കുന്ന രീതി ഉണ്ടെന്നു പറഞ്ഞ ഒരു സഞ്ചാരിയെ പ്രാന്തനമ്മാവൻ എന്നാണ് മിറിയം രഹസ്യമായിട്ട് വിളിച്ചിരുന്നതത്രെ! ആ കുട്ടിക്കാലമാണ് മിറിയം എന്ന പത്രപ്രവർത്തകയെ വാർത്തെടുത്തത്. ഇന്ന് മാൽസൂപ്പിയയിലെ അറിയപ്പെടുന്ന യുവ എഴുത്തുകാരി കൂടിയാണ് മിറിയം. ശാസ്ത്രത്തിലും ആകാശശാസ്ത്രത്തിലും മറ്റും എനിക്ക് സ്വപ്നം കാണാൻ പറ്റാത്ത അത്ര ഉയരത്തിലാണ് മിറിയത്തിന്റെ അറിവ്.
എങ്കിലും ഞാൻ ശാസ്ത്രവും ഭാഷയും പഠിച്ചത് നാലു ചുവരുകൾക്കുള്ളിൽ ഇരുന്നാണ് എന്നു പറഞ്ഞത് മിറിയം പൂർണമായും വിശ്വസിക്കുന്നില്ല.
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍ കഥ ആയതിനാല്‍ കൂടുതല്‍ മികച്ച വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment