എന്റെ ആശുപത്രിവാസം അവസാനിച്ചിരിക്കുന്നു. ഒപ്പം കൗതുകകരമായ മറ്റൊരു അറിവുകൂടി ഞാൻ പങ്കുവൈക്കുന്നു. മാൽസൂപ്പിയയിലെ ഒരേ ഒരു ആശുപത്രി ആണ് ഞാൻ ഇരുപത് ദിവസത്തോളം കിടന്ന ഈ കെട്ടിടം. സ്വദേശികൾക്കു വേണ്ടിയല്ല മറിച്ച് വിമാനമാർഗ്ഗവും കടൽ കടന്നും മാൽസൂപ്പിയയിൽ എത്തുന്ന വിദേശികൾക്കുവേണ്ടി ആണ് ഈ ആശുപത്രി സ്ഥാപിച്ചിരിക്കുന്നത്. മാൽസൂപ്പിയ എന്ന അത്ഭുത പ്രപഞ്ചത്തിലേയ്ക്ക് ഒറ്റയടിക്ക് തുറന്നു വിടാതെ സന്ദർശകരെ ശാരീരികവും മാനസികവുമായി അതിന് തയ്യാറാക്കുക എന്നതാണ് ഈ ആശുപത്രിയുടെ ലക്ഷ്യം. ഇന്ന് ദ്വീപിൽ ഉള്ള ഒരേയൊരു സന്ദർശകൻ ഞാൻ ആണ് എന്നുകൂടി കൂട്ടിച്ചേർക്കട്ടെ.
മാൽസൂപ്പിയയിൽ ആശുപത്രികളുടെ ആവശ്യം ഇല്ലല്ലോ, കാരണം സ്വന്തം ആരോഗ്യ സംരക്ഷണത്തിനുള്ള വകയൊക്കെ എല്ലാർക്കും അറിയാം മനുഷ്യ ശരീരത്തോട് കൂടുതൽ കൗതുകം തോന്നുന്ന കുട്ടികൾ അതിനെക്കുറിച്ച് കൂടുതൽ അറിവു നേടി വൈദ്യന്മാരായി തീരുന്നു. അല്ലാതെ പ്രത്യേകം വിദ്യാഭ്യാസമോ ബിരുതമോ ഒന്നും ഇല്ല. ഓരോ വ്യക്തിയും ജീവിതത്തിന്റെ അവസാനം വരെയും കൂടുതൽ പഠിച്ചു കൊണ്ടും പഠിച്ചത് പകർന്നു കൊടുത്തുകൊണ്ടും തുടരുന്നതിനാൽ എല്ലാ മേഘലയിലും അവർ ഭൂമിയിലെ ഇതരഭാഗക്കാരിൽ നിന്നും ഏറെ ഉയർന്നു നിൽക്കുന്നു.
മാൽസൂപ്പിയയിൽ ചെന്നാൽ ജീവിത ചിലവുകളെ പറ്റി ചിന്തിക്കുകയേ വേണ്ട എന്ന് ഇന്ത്യയിൽ വച്ച് എംബസി ഉദ്യോഗസ്ഥർ പറഞ്ഞതിന്റെ അർദ്ധം മനസ്സിലായത് ആശുപത്രിയിൽ നിന്നും മിറിയത്തിന്റെ വീട്ടിലേയ്ക്കുള്ള കാർയാത്രയിലാണ്. നല്ല നിരപ്പായ റോഡുകളാണ്. ടാർ ചെയ്തിട്ടില്ല. വാഹനം പോകുമ്പോൾ പൊടി ഉയരുന്നുണ്ട്. എന്നാൽ വാഹനങ്ങൾ ഒന്നും തന്നെ അമിത വേഗത്തിൽ പോകാത്തതിനാൽ പൊടി ഒരു ശല്യമാക്കുന്നില്ല.
റോഡിന് ഇരുവശവും ഫലവൃക്ഷങ്ങളാണ്. ഇടയ്ക്കിടയ്ക്ക് കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടക്കുന്ന ചെളിക്കുണ്ടുകൾ. ഭൂമി ആരുടേയും സ്വന്തമല്ല. ഭൂമിയെ വെട്ടിപ്പിടിക്കുകയും വേലി കെട്ടി തിരിക്കുകയും ചെയ്യുന്ന സമ്പ്രദായമേ ഇല്ല. ഫലവൃക്ഷങ്ങളും കൃഷിയിടങ്ങളും എല്ലാവർക്കും ഉള്ളതാണ്. ഇഷ്ടമുള്ളിടത്ത് പാർപ്പിടം കെട്ടി താമസിക്കാം.
കൃഷിഇറക്കുന്നത് എല്ലാരും ചേർന്ന് 'മ' യുടെ വിശ്രമ കാലത്ത് ആഘോഷമായി ആണ്. ഞാൻ നേരത്തേ സൂചിപ്പിച്ച ചെളിക്കുണ്ടുകളൊക്കെ കൃഷിയിടങ്ങൾ ആണെന്നും ഉടൻ തന്നെ വിത്തിടൽ ആവേശകരമായി തുടങ്ങുമെന്നും മിറിയം പറഞ്ഞു. വിത്തിട്ടുകഴിയുംവരെ അവ കുട്ടികളുടെ കളിസ്ഥലമാണ്. അവർ അവിടെ ചാടിതിമിർത്ത് കളിക്കും. ചെളിയൊക്കെ അവരുടെ തിമിതിമിർപ്പിൽ ഉടഞ്ഞ് ഉഴുതിട്ടതു പോലെയാകും.
ഫലവൃക്ഷങ്ങൾ ആരും നട്ടതല്ല. മാൽസൂപ്പിയയിലെ ഭൂരിപക്ഷം വൃക്ഷങ്ങളും ഭക്ഷ്യയോഗ്യമായ ഫലങ്ങൾ നൽകുന്നവയാണ്. അവയൊക്കെ നട്ടതും നനച്ച് വളർത്തിയതും 'മ' ആണ് ജനങ്ങൾ ഫലങ്ങൾ ഭക്ഷിക്കുന്നു, വലിയ കൃഷിയിടങ്ങളിൽ നിന്നും എല്ലാവർക്കും വേണ്ട വിളവ് ലഭിക്കുന്നു.
പ്രധാനമായും കടൽതീരത്തിനു സമാന്തരമായി ആണ് പാത. ഒരു വശത്ത് വിശാലമായ സാഗരവും മറുവശത്ത് മാൽസൂപ്പിയയുടെ സമ്പന്നത വിളിച്ചോതുന്ന ഫലവൃക്ഷ സമൃദ്ധിയും. കടൽതീരത്തിന്റെ സാനിധ്യം അന്തരീക്ഷത്തെ സുഖകരമാക്കി തീർത്തിട്ടുണ്ട്.
സാഹചര്യങ്ങൾ ആകെ മാറി മറിഞ്ഞത് പെട്ടന്നാണ്. അന്തരീക്ഷത്തിന്റെ ഊഷ്മളത ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു. പെട്ടന്ന് കടലിനു മുകളിൽ ചുവപ്പു രാശി പ്രത്യക്ഷപ്പെടുകയും കണ്ണെത്താത്ത ദൂരത്ത് കടൽപരപ്പിൽ നിന്ന് ആകാശം വരെ തീ ഉയരുകയും ചെയ്തു. ഒപ്പം കാതsപ്പിക്കുന്ന ശബ്ദവും. ഇടിവെട്ടിന്റെ ശബ്ദം പോലെയും അല്ല, അതിലും പതിന്മടങ്ങ് ശക്തിയിൽ, അതും തുടർച്ചയായി. കടൽ തീ തുപ്പുന്നു. ആകാശം വരെ ഉയരത്തിൽ. തീഗോളം അല്ല , ഒരു നിരയായി. കടലിൽ നിന്നും ആകാശത്തിലേയ്ക്ക് ഒരു മതിൽ കെട്ടിയതുപോലെ. മഞ്ഞ മതിൽ. തീമതിൽ. നിലയ്ക്കാത്ത ഇടിമുഴക്കം. ആകാശത്തു നിന്നും കടലിലേയ്ക്ക് തീമഴ പെയ്യുകയാണോ കടലിൽ നിന്ന് ആകാശത്തേയ്ക്ക് തീമതിൽ കെട്ടിയതാണോ എന്ന് പറയാൻ വയ്യ. രാജകീയമായ അഗ്നിയുടെ മുഖം.
അന്തരീക്ഷത്തിന്റെ താപനില ഉയരാൻ തുടങ്ങുകയും അന്തരീക്ഷമർദ്ദം താഴാൻ തുടങ്ങുകയും ചെയ്തു. ഒപ്പം വളരെ പരിചിതമായ ഒരു ദുർഗന്ധവും.
ഞാൻ കാറിന്റെ പിൻസീറ്റിൽ ആയിരുന്നു. കടൽ തുപ്പുന്ന അഗ്നി മതിൽ എപ്പോൾ ശമിച്ചുവെന്നോ അത് എത്ര നേരം തുടർന്നുവെന്നോ എനിക്ക് അറിയില്ല. കാരണം കാഴ്ച കാണാനുള്ള കൗതുകത്തിനും അത്യാപത്ത് സംഭവിക്കാൻ ഇരിക്കുന്നു എന്ന ഭയത്തിനും കൂട്ടുനിൽക്കാതെ എന്റെ ബോധം മറഞ്ഞു കഴിഞ്ഞിരുന്നു.
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍ കഥ ആയതിനാല്‍ കൂടുതല്‍ മികച്ച വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment