മാൽസൂപ്പിയൻ ഗാഥകൾ 13

    തിളയ്ക്കുന്ന ജലമുള്ള പാറക്കിണർ. അങ്ങനെ തന്നെയല്ലേ ഞാൻ പറഞ്ഞത്. അതേ, കാരണം മിറിയം എന്നോടു പറഞ്ഞതും അതുതന്നെ ആയിരുന്നു. പക്ഷേ നേരിൽ കണ്ടപ്പോൾ കിണറല്ല. ഒരു കോട്ട. ഒരു രാക്ഷസൻ കോട്ട. കിലോമീറ്ററുകൾ വിസ്താരമുണ്ട് അതിന്റെ വായ് വട്ടത്തിന്. ആകാശത്തേയ്ക്കു നോക്കി വായ്തുറന്ന് മലർന്നു കിടക്കുന്ന ഒരു രാക്ഷസനെപോലെ.
            വൃത്താകൃതിയിൽ ആണ്. പക്ഷേ പൂർണ വൃത്തത്തിൽ കിണർ കാണാൻ നമുക്കു കഴിയില്ല. എവിടെ നിന്നു നോക്കിയാലും വട്ടത്തിന്റെ ഒരു ഭാഗം മാത്രം. ബാക്കി കണ്ണിനു പിടി തരാതെ കിടക്കുന്നു. ആഴത്തിലേയ്ക്കു നോക്കാൻ ധൈര്യം വരുന്നില്ല. ആഴത്തിൽ തിളച്ചു മറിയുകയാണ് ജലം. തിളയ്ക്കുന്ന വെള്ളം കാണാനൊന്നും പറ്റില്ല. എത്ര ആഴമുണ്ടെന്ന് ആർക്കും അറിയില്ല. നീരാവി പൊങ്ങി വന്നുകൊണ്ടിരിക്കുന്നു. നീരാവിയെ തടഞ്ഞു നിർത്തി ശുദ്ധജലമാകുന്ന സംവിധാനം ഒക്കെ ഉണ്ട്. പക്ഷേ ഞാൻ ഒന്നും കണ്ടില്ല. കിണറിന് അകലെ നിന്ന് അതിൽ നിന്നുയരുന്ന ഭയങ്കര ശബ്ദം കേട്ടപ്പോഴേ, ആകാശത്തേയ്ക്കുയരുന്ന ധൂമ ഭീമന്റെ വലിപ്പം കണ്ടപ്പോഴേ എന്റെ ധൈര്യം ചോർന്നു പോയി. പണ്ടു കേട്ടിട്ടുള്ള ഭീമസേനന്റെ കഥയിലെ ബകൻ എന്ന രാക്ഷസനെ ആണ് എനിക്ക് ഓർമ വന്നത്. പക്ഷേ ഈ പാറക്കിണർ കണ്ടാൽ ബകൻ പോലും പേടിച്ചു പോകും. അത്രയ്ക്കുണ്ട് പ്രൗഢി.
               മിറിയം എന്റെ കൈയിൽ പിടിച്ചുവലിച്ച് കിണറിനടുത്തേയ്ക്ക് കൊണ്ടു പോയി. മാൽസൂപ്പിയയിലൂടെ ഉള്ള നമ്മുടെ അത്ഭുത സഞ്ചാരങ്ങളുടെ തുടക്കം ഇവിടെ നിന്നു തന്നെ ആകണം എന്ന് മിറിയം പറയുന്നുണ്ടായിരുന്നു. പറയുന്നതൊന്നും വ്യക്തമായി കേൾക്കാൻ വയ്യ. അത്രയ്ക്കാണ് ശബ്ദം. കിണറിനു ചുറ്റും പ്രദക്ഷിണം വച്ച് താഴേയ്ക്കിറങ്ങിപോകുന്ന വഴിയുണ്ട്. ആ വഴിയുടെ അന്ത്യം എവിടെയാണെന്ന് കാണാൻ വയ്യ. മിറിയം എന്നെ നിർബന്ധിച്ച് ആ വഴിയേ നടത്തുകയാണ്. നല്ല വീതിയുള്ള പാതയാണ്‌. കിണറിൽ നിന്നും പരമാവധി അകലത്തിൽ ആണ് ഞാൻ നടന്നത്. ഒരു വശത്ത് പാറച്ചുവരും മറുവശത്ത് ആഴംതിട്ടപ്പെടുത്താനാകാത്ത കുഴിയും. ഞാൻ പറയുന്നത് മനസിലാകുന്നുണ്ടോ?!
ഒരു സ്ക്രൂവിന്റെ ചുറ്റു കളിലൂടെ നടന്ന് അതിന്റെ അടിയിലേയ്ക്ക് പോകുന്നതു പോലെ. 
മനസിലെ ഭീതി മൂലം കൂടുതൽ വ്യക്തമായി പറയാൻ പറ്റുന്നില്ല. നടക്കുംതോറും ഒരു വശത്തെ പാറമതിലിന് ഉയരം കൂടുന്നു. മറുവശത്തെ അന്ധമായ അനന്തമായ കിണർ മാറ്റമൊന്നുമില്ലാതെ തുടരുന്നു. ഞാൻ കരിങ്കൽ മതിലിനോടു ചേർന്നു നടന്നു. പാറയിൽ ഞങ്ങൾ ഇരുവരും മാത്രം. ഒരു മനുഷ്യ ജീവിയെപ്പോലും കാണുവാനില്ല. നീരാവി വീശിയടിക്കുന്ന ചൂട് അസഹ്യമാണെങ്കിലും തളർച്ച തോന്നുന്നില്ല. ചൂടു തട്ടി വിയർപ്പ് ഒഴുകുന്നുണ്ട്. മിറിയവും വിയർപ്പിൽ കുളിച്ചാണ് നടപ്പ്. എവിടേയ്ക്കാണ് യാത്രയെന്ന് ഒരു സൂചനയും മിറിയം നൽകുന്നില്ല.
            മണിക്കൂറുകളായി നടക്കുന്നു. ഒരേ ദിശയിൽ. മുകളിൽ ആകാശം കണ്ണെത്താത്ത ദൂരത്തിലാണ്. താഴെ എന്താണെന്നു നോക്കാൻ മനസ്സ് അനുവദിക്കുന്നില്ല. ഇനി പിന്നിലേയ്ക്കോടിയാലും ഈ കെണിയിൽ നിന്നും രക്ഷപ്പെടാൻ ആകില്ല. അത്രയ്ക്കും ആഴത്തിൽ ഞങ്ങൾ നടന്നുവന്നു കഴിഞ്ഞിരിക്കുന്നു. പേടിപ്പെടുത്തുന്ന ഇരുട്ട് സാന്നിധ്യം അറിയിക്കാൻ തുടങ്ങുന്നു. ചുറ്റും നോക്കി. കരിങ്കല്ലുകളിൽ പലപല രൂപങ്ങൾ. പേടിപ്പെടുത്തുന്ന രൂപങ്ങൾ. നരി, പുലി, പ്രേതം, പിശാച്‌.... ചുറ്റിലും പാറ മാത്രം.
കാതടപ്പിക്കുന്ന ശബ്ദം, പക്ഷേ അസഹ്യമായ നിശബ്ദത. ഒന്നും മിണ്ടാതെ ഏറെ മുന്നിൽ നടക്കുന്ന മിറിയം. ഞാൻ ആദ്യമായി ചോതിച്ചു. എന്നോടു തന്നെ. ആരാണീ പെണ്ണ്? എന്തു ധൈര്യത്തിൽ ഞാൻ അവൾക്കൊപ്പം ഇറങ്ങി പുറപ്പെട്ടു! ഒന്നു ശ്രമിച്ചിരുന്നെങ്കിൽ കൂടുതൽ വിശ്വസ്തനായ ഒരാളെ കണ്ടെത്താമായിരുന്നു.
         ഭയം മനസിനെ കീഴടക്കിയാൽ നമ്മൾ നമ്മളല്ലാതായി തീരും. എന്റെ മുന്നിൽ നടക്കുന്ന ഈ സ്ത്രീരൂപം ഒരു മായ അല്ലെന്ന് വിശ്വസിക്കാൻ ഞാൻ പാടുപെട്ടു. ഇവൾ ഒരു പിശാചാന്നോ?? യക്ഷി! എന്നെ കൊന്നു തിന്നാൻ പോകുകയാണോ. മാൽസൂപ്പിയ പോലെയുള്ള വിജന ദ്വീപുകളിൽ നരഭോജികളുടെ സാന്നിധ്യം ഉണ്ടാകാൻ ഇടയുണ്ട്. ഇനി മനുഷ്യൻ ആണെങ്കിൽ തന്നെ ഇവളൊരു നരഭോജി ആണോ. കൊല്ലാനാണെങ്കിൽ എന്നെ നീരാവി കിണറിൽ തള്ളിയിട്ട് ഇവൾക്കത് എപ്പോഴേ ആകാമായിരുന്നു. തിന്നാനാണെങ്കിലോ.! വഴിയിൽ പതുങ്ങിയിരിക്കുന്ന കൂട്ടാളികൾ ഉണ്ടാകുമോ!. കൂടുതൽ ശക്തരായ നരഭോജികൾ.
        കാതും മനസ്സും മരവിച്ചു. ഞാൻ യാന്ത്രികമായി ആ സ്ത്രീരൂപത്തെ പിൻതുടർന്നു. വിശന്നില്ല ദാഹിച്ചില്ല. ആകാശത്തിൽ സൂര്യൻ വിതറുന്ന പുഞ്ചിരി മാഞ്ഞു. രാത്രിയായി.
ഇവൾ പിശാചു തന്നെ ആകണം. അല്ലെങ്കിൽ നരഭോജി. രണ്ടായാലും മരണം ഉറപ്പ്. ഇവളെ ആക്രമിച്ചിട്ട് രക്ഷപ്പെടാം എന്ന് ആശ വൈക്കേണ്ട. അതു നടക്കില്ല. ഞാൻ അവശനാണ്. വഴിയിൽ ഞങ്ങൾ മാത്രമല്ലെന്നും ആരൊക്കെയോ പിൻതുടരുന്നുണ്ടെന്നും തോന്നുന്നു.
തോന്നുന്നതാണോ?
യാത്ര തുടങ്ങിയപ്പോൾ മൂന്നാമതൊരാളുടെ സാന്നിധ്യം കൊതിച്ചതാണ്. ഇപ്പോൾ മൂന്നാമതൊരാളുടെ സാധ്യത പോലും പേടിപ്പെടുത്തുന്നു.
ദൂരെ ഒരിടത്തെത്തി അവൾ നിൽക്കുന്നു.
ആഴത്തിലും അരിച്ചിറങ്ങി വന്ന  നിലാവിൽ വ്യക്തമായി കാണാം. അവൾ എന്നെ നോക്കി നിൽക്കുന്നു.
               ഞാൻ മനസിൽ അലമുറയിട്ട് കരഞ്ഞു. ഓടിപ്പോയി ആ കാലുകളിൽ വീണ് കരഞ്ഞ് എന്നെ കൊല്ലല്ലേ എന്ന് അപേക്ഷിച്ചാലോ എന്നു നിനച്ചു . പക്ഷേ ഒന്നും പുറത്തു പ്രകടമായില്ല. അവളുടെ ഇച്ഛാശക്തി എന്നെ അവളിലേയ്ക്ക് വലിച്ചടുപ്പിക്കുന്നതു പോലെ. ആരോ പിന്നിൽ നിന്നും തള്ളുന്നതുപോലെ. ഞാൻ അവൾക്കരികിൽ എത്തി. അവൾ നിൽക്കുന്നതിനു മുന്നിൽ പുതിയൊരു ഗുഹാ കവാടം. ഞാൻ അവളുടെ കാലുകളിൽ വീണ് കരയുന്നതിനെ പറ്റി വീണ്ടും ചിന്തിച്ചു. പക്ഷേ പെട്ടന്നവൾ ഗുഹയിലേയ്ക്കു കയറി. ഞാനും പിന്നാലെ കയറി. ഗുഹാ ഭിത്തിയും തറയും പാറയാകണം. നിലാവിൽ ഗുഹാ കവാടത്തിനടുത്തുള്ള ചുവരുകൾ തിളങ്ങുന്നു. വജ്രമാണോ?!

"ഇന്നു രാത്രി ഇനി യാത്ര വേണ്ട. ഇവിടെ വിശ്രമിക്കാം."

മിറിയം പറഞ്ഞു. അതേ. മണിക്കൂറുകൾക്കു ശേഷം മിറിയം സംസാരിച്ചു. അവൾ എന്നെ കൊല്ലാൻ പോകുന്നില്ല. വിശ്രമിക്കാൻ പറഞ്ഞിരിക്കുന്നു. ഞാൻ നിലാവ് പ്രതിഭലിക്കുന്ന ശിലയിലേയ്ക്ക് ചാരി ഇരുന്നു. അറിയാതെ കിടന്നു. നീരാവിയുടെ ചൂട് അനുഭവപ്പെടുന്നില്ല. ഗാഢമായ നിദ്ര എന്നെ കീഴടക്കിയത് എപ്പോഴാണെന്നുകൂടി എനിക്കറിയില്ല. 

                                            

                                               തുടരും ....
                                       A Work by Hari ....

ഇത് ഒരു തുടര്‍ കഥ ആയതിനാല്‍ കൂടുതല്‍ മികച്ച വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....

Comments