മാല്‍സൂപ്പിയന്‍ ഗാഥകള്‍ 14

പ്രഭാതം സുന്ദരമായിരുന്നു. ഉണർന്നപ്പോൾ ചുറ്റും പുക മാത്രം. തൂവെള്ള പുക. മുകളിലേയ്ക്ക് കുതിച്ചുയരുന്ന നീരാവി ഒരു വശത്ത്.  പക്ഷേ എന്നെ ചുറ്റി നിൽക്കുന്ന തൂവെള്ള മേഘക്കെട്ടുകൾക്ക് ചൂടില്ല. പകരം സുഖകരമായ ഒരു തണുപ്പ്. മറിയവും കുറച്ചകലെയായി എണീറ്റിരിക്കുന്നുണ്ട്. മുകളിലേയ്ക്കു നോക്കി. ആകാശവും പാറക്കെട്ടും ഒന്നും കാണാനാകുന്നില്ല. തലയിൽ തൊട്ട് പഞ്ഞി മേഘങ്ങൾ പറക്കുന്നു. തലയ്ക്കു മുകളിൽ മേഘം കൊണ്ടൊരു കൂടാരം.
                തറയിലെ പാറയിടുക്കുകളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്‌. ഇവിടെ ജലത്തിന്റെ വിവിധ രൂപങ്ങൾ ഒരേ സമയം കാണുന്നു. കിണറിനുള്ളിൽ ജലം തിളച്ചു മറിയുന്നെന്നു പറയുന്നെങ്കിലും ചുറ്റിലും കാണുന്നത് തണുത്ത മേഘക്കെട്ടുകളെ. തറയിലെ പാറക്കുഴികളിൽ തണുതണുത്ത ജലം. ഞാൻ കുറച്ചകലേയ്ക്കുപോയി പ്രാധമിക കൃത്യങ്ങളൊക്കെ നിർവഹിച്ചു വന്നു. പറയുമ്പോൾ എല്ലാം പറയണമല്ലോ അതു കൊണ്ട് പറഞ്ഞതാണ്. തുടർന്നുള്ള യാത്രയിൽ എല്ലാ ദിനവും ഇത് ആവർത്തിച്ച് പറയുകയില്ല. പാറയിടുക്കുകളിൽ വെള്ളമുണ്ട്. മാറി ഇരിക്കാൻ ആവശ്യം പോലെ സ്ഥലവുമുണ്ട്. അല്ലെങ്കിലും കട്ടി മഞ്ഞു കാരണം എനിക്ക് എന്റെ കാലുകളെ തന്നെ കാണാനാകുന്നില്ല. പിന്നെയല്ലേ മിറിയം. അവളും ഇതൊക്കെ കഴിഞ്ഞിട്ടുണ്ടാവണം. എന്തായാലും കുറ കഴിഞ്ഞപ്പോൾ ബാഗിൽ നിന്നും ബ്രഡു പോലെ ഒന്നെടുത്ത് അവൾ എനിക്കു തന്നു. മാൽസൂപ്പിയയുടെ ഫലസമൃദ്ധി കണ്ട് ഞാൻ ഭക്ഷണമൊന്നും കൂടെ കരുതിയിരുന്നില്ല. ആധുനിക മനുഷ്യന് പാകം ചെയ്യാത്ത ഭക്ഷണമില്ലാതെ ജീവിക്കാനാകുമോ എന്ന് ഞാൻ ചിന്തിച്ചില്ല. പക്ഷേ മിറിയം, ബുദ്ധിമതി, എനിക്കു വേണ്ടിയുള്ള ഭക്ഷണം കൂടി കരുതിയിരിക്കുന്നു. ഞാൻ തെറ്റായ ഒരാളുടെ കൂടെയല്ല യാത്ര ചെയ്യാൻ ഇറങ്ങിത്തിരിച്ചത് എന്നെനിക്ക് ബോധ്യമായി. ഇന്നലെ ഇവളെ പറ്റി എന്തൊക്കെയാണ് ഞാൻ ചിന്തിച്ചു കൂട്ടിയത്. മിറിയവും ബ്രഡ്ഡു പോലെ ഉള്ള ആ പലഹാരം കഴിച്ചു. എനിക്ക് വിശപ്പ് പോകാനൊന്നും പാകത്തിന് അത് തികയുമായിരുന്നില്ല. എങ്കിലും നടക്കാം. നല്ല ഉന്മേഷം നൽകുന്ന അന്തരീക്ഷമാണ്.
'' നടന്നു തുടങ്ങാം..''
മിറിയം പറഞ്ഞു.
ഗുഹയിലൂടെ ആണ് നടത്തം. മിറിയം മുൻപേ ഓടി പ്പോയൊന്നും ഇല്ല. പതുക്കെ ആ പ്രദേശത്തിന്റെ എല്ലാ ഭംഗിയും ആസ്വദിച്ചാണ് അവളും നടന്നത്. ഒരുമിച്ച് നടന്നേ പറ്റൂ, കാരണം ഒരു രണ്ടു ചുവട് മുന്നിൽ ആയാൽ മൂടൽമഞ്ഞു മൂലം പരസ്പരം കാണാൻ കഴിയാതെവരും. വഴിയോ ചുറ്റുപാടുകളോ കാണാനിക്കുന്നില്ല. വെറുതേ മുന്നോട്ട് നടക്കുകയാണ്. മിറിയം ഒരു വടക്കുനോക്കിയന്ത്രം കൈയിൽ കരുതിയിട്ടുണ്ട്. ദിശ നോക്കി കിഴക്കോട്ട് നടക്കുകയാണ്. വഴിയിൽ തടസങ്ങൾ ഒന്നും ഇല്ല. പതിയെ പതിയെ മഞ്ഞിന്കട്ടി കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്.
                     മണിക്കൂർ ഒന്നു കഴിഞ്ഞപ്പോഴേയ്ക്കും മഞ്ഞ് പൂർണമായും നീങ്ങി. ഇപ്പോൾ ഗുഹ ഇടുങ്ങിയതാണ്, പക്ഷേ ഉയരം വളരെ കൂടുതലാണ്. കാൽപാദങ്ങളെ നനച്ചു കൊണ്ട് ഒരു നീർച്ചോല ഒഴുകുന്നു. ഗുഹയുടെ മേൽക്കൂരയിൽ നിന്നും ജലം ധാരധാരയായി വീണു കൊണ്ടിരിക്കുന്നു.
ചാറ്റൽ മഴയിൽ നീർച്ചാലിലൂടെ നടന്നുപോകുകയാണ് ഞങ്ങൾ എന്നു തോന്നും. യാത്ര വളരെ മന്ദഗതിയിലാണ്. എങ്ങോട്ടാണ് യാത്ര എന്നതിനെ പറ്റി മിറിയം ഒരു സൂചനയും തരുന്നില്ല. ചോതിക്കുമ്പോളൊക്കെ ഒരു കുസൃതി ചിരിയോടെ കുറുമ്പി ''വാ എന്നോടൊപ്പം...'' എന്നു മാത്രം പറയുന്നു. ഒഴുകുന്ന ജലമായതിനാൽ ഞാൻ അൽപം കുടിച്ചു നോക്കി. മിറിയം തടഞ്ഞില്ല. ഒട്ടും കട്ടിയില്ല. നല്ല ശുദ്ധമായ ജലം. മുകളിൽ നിന്നുള്ള മഴയിൽ മേലാകെ നനഞ്ഞാണ് നടപ്പ്. തണുപ്പും ഉണ്ട്. ഗുഹയിൽ വളവും തിരിവും ഒക്കെ കണ്ടു തുടങ്ങി. മഞ്ഞു പോയതോടെ മിറിയം ദിശ നോക്കിയന്ത്രം ബാഗിൽ വച്ചിരുന്നു. വിശക്കുമ്പോൾ ബാഗിൽ നിന്നും ബ്രഡ് എടുത്ത് വീണ്ടും നീട്ടും. ബ്രഡ്ഡു ചിലവാക്കുന്നതിലെ ധാരാളിത്തം കൊണ്ട് യാത്ര ഏറെ ദൂരം നീളാനിടയില്ലെന്ന് എനിക്ക് ഉറപ്പായി. ഏറെ ദൂരം യാത്രയുണ്ടെങ്കിൽ ഭക്ഷണം വളരെ സൂക്ഷിച്ചല്ലേ കൈകാര്യം ചെയ്യൂ. ഏറിയാൽ ഒരു രാത്രിയും പകലും ഇങ്ങനെ സഞ്ചരിക്കാനുള്ള ഭക്ഷണമേ അവളുടെ കയ്യിൽ കാണൂ. അതു പോലും വേണ്ടി വരില്ല എന്ന് എന്റെ മനസ്സു പറയുന്നു. കൂടുതലൊന്നും ചിന്തിക്കാതെ മിറിയത്തിൽ മാത്രം വിശ്വസിച്ച് അങ്ങു നടന്നു. പെണ്ണിന് വഴി അറിയാം.. പിന്നെന്തിനാ ഞാൻ ബേജാറാകുന്നെ ! പോരാത്തതിന് ഭക്ഷണവും സ്റ്റോക്കുണ്ട്. പെട്ടന്ന് പോയിട്ട് ആരെയും കാണാനില്ലല്ലോ. ഓരോ നിമിഷവു, ഓരോ തമാശയും ആസ്വദിച്ചു തന്നെയായിരുന്നു നടത്തം.
കാൽപാദത്തിൽ കൂടി നീർച്ചോല, തലയ്ക്കു മുകളിൽ നിന്നും ചാറ്റൽ മഴ...

                                            

                                               തുടരും ....
                                       A Work by Hari ....

ഇത് ഒരു തുടര്‍ കഥ ആയതിനാല്‍ കൂടുതല്‍ മികച്ച വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....

Comments