മാൽസൂപ്പിയൻ ഗാഥകൾ 15

   മാൽസൂപ്പിയയുടെ രണ്ടു വശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രകൃതിദത്ത കൽതുരങ്കത്തിലൂടെ ആണ് ഞങ്ങളിപ്പോൾ സഞ്ചരിക്കുന്നത്. പടിഞ്ഞാറൻ തീരനഗരവും തലസ്ഥാനവുമായ ക്യാറ്റലയിൽ നിന്നും കിഴക്കൻ തീരനഗരമായ മൗസിയയിലേയ്ക്കുള്ള തുരങ്കം. പണ്ടുകാലത്ത്, വാഹനങ്ങളുടെ കടന്നുവരവിനും മുൻപ് മാൽസൂപ്പിയയുടെ പ്രധാന ഗതാഗത മാർഗ്ഗം ഈ തുരങ്കം തന്നെ ആയിരുന്നു. രണ്ടറ്റത്തും നീരാവി തുപ്പുന്ന പാറക്കിണറുകളോടുകൂടിയത്. പാറക്കിണറുകൾ തുപ്പുന്ന നീരാവി തുരങ്കത്തിനുള്ളിലേയ്ക്കും ഇരച്ചു കയറുന്നു. പാറ ചൂടു വലിച്ചെടുക്കുന്നതോടെ ജലം ചാറ്റൽ മഴ പോലെ പെയ്തുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ മനുഷ്യൻ ഈ പാതയിലൂടെ സഞ്ചരിക്കാറില്ല. വാഹനങ്ങൾ മറ്റെവിടത്തെയും പോലെ ദ്വീപിലൂടെയുള്ള സഞ്ചാരവും കൂടുതൽ സുരക്ഷിതവും വേഗത്തിലുള്ളതും ആക്കി. അപൂർവം സാഹസികരും ഭ്രാന്തന്മാരും മാത്രമാണ് ഇപ്പോൾ ഈ വഴി തിരഞ്ഞെടുക്കാറുള്ളത്.
            ഒരു നൂറ്റാണ്ടോളമായി ഉപേക്ഷിക്കപ്പെട്ട പാത ആണെങ്കിലും കൃത്യമായ ഇടവേളകളിൽ കല്ലിൽ തീർത്ത ചുമടുതാങ്ങികളും വിശ്രമകേന്ദ്രങ്ങളും കാണാം. എല്ലാം ഒരു കാലത്ത് സജീവമായിരുന്ന ഒരു പാതയുടെ സൂചന നൽകുന്നു.
                   ആ പകൽ മുഴുവൻ ഞങ്ങൾ നടന്നു. രാത്രി കല്ലിൽ കൊത്തിയൊരുക്കിയ വിശ്രമ ശയ്യകളിൽ കിടന്നുറങ്ങി. മിറിയം കരുതിയ ഭക്ഷണം കഴിച്ചും നിർത്താതെ പെയ്യുന്ന മഴ നനഞ്ഞും പിറ്റേന്ന് രാവിലേയും നടന്നു തുടങ്ങി. രാത്രി ഇരുട്ടിന് കട്ടി കൂടുതലാണ്. ഒരിറ്റ് വെളിച്ചം പോലുമില്ലാത്ത ബുദ്ധിയെ നശിപ്പിക്കുന്ന ഇരുട്ട്. ഇരുട്ട് എന്തെന്നറിഞ്ഞത് ഈ പാറ തുരങ്കത്തിനുള്ളിൽ കഴിഞ്ഞ രണ്ടു രാത്രികളിലാണ്. ഇരുട്ടിന് മാൽസൂപ്പിയയുടെ ചരിത്രത്തിൽ പ്രത്യേകസ്ഥാനമുണ്ട്. ആ കഥ മിറിയം പറഞ്ഞുതന്നു.
             'അ' യും 'മ' യും ഒഴികെ പന്ത്രണ്ടു പുത്രന്മാരെയും സഖിമാരെയും രാത്രിയിൽ ദൈവം പാറക്കിന്നറിന്റെ പടവിൽ കൊണ്ടു നിർത്തി. എന്നിട്ട് നടക്കാൻ ആജ്ഞാപിച്ചു. മനുഷ്യർ നടന്നു തുടങ്ങിയപ്പോൾ ദൈവം അപ്രത്യക്ഷനായി. പിന്നീട് മാൽസൂപ്പിയയുടെ കാര്യത്തിൽ ദൈവം ഇടപെട്ടിട്ടില്ല. 'അ' യും 'മ' യും മാൽസൂപ്പിയയുടെ പൂർണമായ കാവലും ഏറ്റെടുത്തു. പ്രകാശത്തിന്റെ ചെറു തരി പോലും അന്നു രാത്രി ദ്വീപിൽ പതിക്കാതെ സൂക്ഷിക്കാൻ അവർക്ക് നിർദ്ദേശം നൽകിയാണ് ദൈവം മടങ്ങിയത്. നടന്നു തുടങ്ങിയ മനുഷ്യർക്കും ലഭിച്ചിരുന്നു ശരിയായ നിർദ്ദേശം.

'' ആദ്യത്തെ അഞ്ചു രാത്രികൾ തുടർച്ചയായി നടക്കുക. രാത്രി തീരുന്ന നിമിഷം എത്തിച്ചേരുന്നിടത്ത് പകലുകൾ വിശ്രമിക്കുക. രാത്രിയാകുമ്പോൾ വീണ്ടും നടന്നു തുടങ്ങുക. അഞ്ചാമത്തെ പകലിൽ എത്തിച്ചേരുന്നിടത്ത് വാസമുറപ്പിക്കാം. അവിടെ കൃഷി ചെയ്യാം. ഒരു കാൽ അവിടെ ഉറപ്പിച്ച് ദ്വീപ് മുഴുവൻ സഞ്ചരിക്കുകയും യാത്രയ്ക്കിടെ വേർപിരിഞ്ഞ സഹോദരന്മാരെ കണ്ടെത്തുകയും വേണം. "

        സഞ്ചാരം തുടങ്ങിയ രാത്രിയിൽ തന്നെ സംഘം രണ്ടായി പിരിഞ്ഞു പോയി. ഇരുട്ടിൽ പരസ്പരം കാണാതെ വഴിതെറ്റിയതാകാം. കൽഭിത്തിയിൽ തപ്പിത്തടഞ്ഞു നടന്നവർ ഗുഹയിലേയ്ക്കു കയറുകയും ഞങ്ങൾ ഇപ്പോൾ നടക്കുന്ന ഈ വഴിയേ മൗസിയയിലേയ്ക്ക് നടക്കുകയും ചെയ്തു. ഭിത്തിയിൽ തൊടാതെ നേരേ നടന്നവർ ഗുഹയുടെ സാന്നിധ്യം തിരിച്ചറിയാതെ നടന്നു പോയി. പിറ്റേന്നുപ്രഭാതത്തിൽ പാറക്കിണറിന്റെ പിരിയൻ കൽപാത നടന്നുകയറി കറുകറുത്ത നിറമുള്ള ക്യാറ്റിലയുടെ മണ്ണിൽ അവർ എത്തിയിരുന്നു.
              സൂര്യൻ കണ്ണു ചിമ്മിയപ്പോഴാണ് രാത്രി നടന്നു തുടങ്ങിയ മുഴുവൻ പേരും കൂടെയില്ലാ എന്ന് അവർ മനസിലാക്കിയത്. പകൽ സഞ്ചരിക്കാൻ പാടില്ലെന്ന നിയമം ഓർത്ത് പകൽ മുഴുവൻ കുട്ടം തെറ്റിയവരെ ചൊല്ലി ദുഃഖിച്ച് അവർ കഴിഞ്ഞു. മുന്നിൽ കാണുന്ന പുക തുപ്പുന്ന അപാര ഗർത്തത്തിൽ സോദരന്മാർ വീണെന്നു തന്നെ പാറക്കിണറിനു പുറത്തെത്തിയവർ വിശ്വസിച്ചു.
           തുരങ്കത്തിലൂടെ നടന്നവർക്കരികിൽ പ്രകാശ മെത്തിയത് ഏറെ കഴിഞ്ഞിട്ടാണ്. എല്ലാവരും കൂടെയില്ലെന്ന് അവർക്ക് തിരിഞ്ഞതും വൈകി ആയിരുന്നു. കാരണം മഞ്ഞ് അവരുടെ കാഴ്ചയെ മറച്ചുകൊണ്ടേയിരുന്നു. നിയമം അനുസരിച്ച് അവരും പകൽ വിശ്രമിച്ചു.

                                            

                                               തുടരും ....
                                       A Work by Hari ....

ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു  വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....

Comments