രണ്ടാം രാത്രി തുരങ്കത്തിനളളിൽ കടന്നവർ വീണ്ടും രണ്ടായി പിരിഞ്ഞത്രെ! ഒരു സംഘം കിഴക്കോട്ട് തന്നെ നടത്തം തുടർന്നപ്പോൾ 'പ' യും 'പാനി' യും വന്ന വഴിയേ തിരിച്ചു നടന്നു. മിറിയത്തിന്റെ അമ്മയുടെ പേരും 'പാനി' എന്നാണ്. 'പ' യുടെ സഖിയാണ് 'പാനി' അവളുടെ ശരിക്കുള്ള പേര് മിറിയത്തിനും അറിയില്ല. മറ്റു സഹോദരങ്ങൾക്ക് വഴിതെറ്റിയതാകാം എന്ന ഭയമാണ് 'പ' യെയും സഖിയേയും തിരിച്ചു നടക്കാൻ പ്രേരിപ്പിച്ചത്. സഹോദരന്മാരെ കണ്ടെത്തി അവർക്കൊപ്പം ശരിയായ ദിശയിൽ യാത്ര തുടരാം എന്ന് പകരുതി.
പാറക്കിണറിന് മുകളിൽ എത്തിയവരും ആ രാത്രിസഞ്ചാരം തുടർന്നിരുന്നു. അവർ വീണ്ടും പല പല സംഘങ്ങളായി പിരിഞ്ഞു. അങ്ങനെ ഓരോ രാത്രിയും കഴിയുമ്പോൾ സംഘങ്ങൾ ചെറുതായി ചെറുതായി വന്നു. ചിലർ ഒറ്റപ്പെട്ടു. തുണയ്ക്ക് ദൈവം നിയോഗിച്ച കൂട്ടുകാരനോ കൂട്ടുകാരിയോ പോലും കൂടെയില്ലാതെ രാത്രിയിൽ സംഘത്തിൽ നിന്നും പിരിഞ്ഞ് പുതിയ ഒരു ദിശയിലേയ്ക്ക് നടന്നു. അഞ്ചു രാത്രികൾ തുടർച്ചയായി നടന്ന് ദൈവപുത്രർ മാൽസൂപ്പിയയുടെ പല ഭാഗങ്ങളിൽ എത്തിച്ചേർന്നു.
'പ' യ്ക്കും 'പാനി' യ്ക്കും സഹോദരങ്ങളെ കണ്ടെത്താനായില്ല. അവർ പരസ്പരം പിരിയാതെ സൂക്ഷിച്ചു. രാത്രി കൈകോർത്തു പിടിച്ചു മാത്രം നടന്നു. പകൽ പരസ്പരം നോക്കിയിരുന്നു. ഉറക്കത്തിൽ പോലും കൈകോർത്തിരിക്കാൻ അവർ ശ്രദ്ധിച്ചു.
അവർ പ്രണയിച്ചു.
മാൽസൂപ്പിയയിൽ ആദ്യമായി ജീവന്റെ വിത്തു കിളിർത്തത് അവരിലൂടെയാണ്. അവർക്ക് സുന്ദരിയായ ഒരു പെൺകുഞ്ഞു പിറന്നു. 'മ' യും പാനിയും ചേർന്ന് പുതിയ അതിത്ഥിയെ താരാട്ടുപാടി ഉറക്കി. അങ്ങനെ മാൽസൂപ്പിയയിൽ ഭാഷയും സംഗീതവുമുണ്ടായി. സന്ധ്യകളിലും രാത്രികളിലും നിർത്താതെ കരഞ്ഞ ആ കള്ളിപ്പെണ്ണിനെ 'മ' പേരു ചൊല്ലി വിളിച്ചു. ' സ്യാ'... 'സ്യ' മാൽസൂപ്പിയയുടെ ആദ്യ സന്തതി.
അഞ്ചാം പകലിൽ എത്തിച്ചേർന്നിടത്ത് കൂട്ടായി കൃഷി ചെയ്തും അവിടെ പാർപ്പിടങ്ങൾ നിർമിച്ചശേഷം കൂട്ടം തെറ്റിയ മറ്റുള്ളവരെ തേടി പിടിച്ചും പരസ്പരം അറിവുകൾ കൈമാറിയും അവർ പുലർന്നു. പതിയെ പതിയെ സ്യ യ്ക്കൊപ്പം പിച്ചനടക്കാൻ പുതിയ അതിത്ഥികളും എത്തി. ഓരോ കുഞ്ഞിനേയും എല്ലാവരും ചേർന്ന് സ്വാഗതം ചെയ്തു. 'മ' സുന്ദരമായി താരാട്ടുപാടി, നൃത്തം ചെയ്തു. സ്യ വളർന്നു. അനുജന്മാരും അനുജത്തിമാരും വളർന്നു. 'മ'യുടെ പാട്ടും നൃത്തവും അവർ കണ്ടു പഠിച്ചു. ദ്വീപു മുഴുവൻ കുട്ടിപ്പട പൂമ്പാറ്റകളെപ്പോലെ പാറിനടന്നു. മുതിർന്നവർ തങ്ങളുടെ ജ്ഞാനം കുട്ടികൾക്ക് പകർന്നു. മുതിർന്നവർ പകർന്നതിലുമേറെ കുഞ്ഞുപൂമ്പാറ്റകൾ പ്രകൃതിയിൽ നിന്നും നുകർന്നു. ആ രീതി ഇന്നും തുടരുന്നു. കുഞ്ഞുങ്ങൾ പൂമ്പാറ്റകളാണ്. അവരങ്ങനെ പാറിപ്പറക്കും. അവർക്ക് മധുവൊരുക്കി സുന്ദരിപ്പൂവുകൾ കാത്തിരിക്കുന്നുണ്ട്. അവർ തേൻ നുകർന്ന് പാട്ടുപാടി നൃത്തംചെയ്ത് കാര്യങ്ങൾ പഠിച്ച് വളർന്നു. മാൽസൂപ്പിയ വീണ്ടും മൊട്ടിടുകയും പൂക്കുകയും കായ്ക്കുകയും ചെയ്തു. വിത്തുകൾ തറയിൽ വീണ് പുതിയ മുളകൾ പൊട്ടി. ശലഭങ്ങൾ പാറിപ്പറക്കുന്ന വലിയൊരു പൂവാടിയായി ഈ നാട്.
മിറിയം പറഞ്ഞു. '' 'സ്യ' ജനിക്കുന്നതു വരെ മാൽസൂപ്പിയ വിഷാദമൂകമായ ഒരിടമായിരുന്നു. സ്യ പിറന്നു വീണപ്പോൾ 'മ' പുഞ്ചിരിച്ചു 'അ' മാനത്ത് മാരിവിൽ തീർത്തു. ഓരോ ദൈവപുത്രന്മാരും സഖികളും ആനന്ദത്താൽ നൃത്തം ചെയ്തു. മാൽസൂപ്പിയയിൽ ആദ്യമായി മഴ പെയ്യുകയും കടൽ പ്രശാന്തമാകുകയും ചെയ്തു. 'സ്യ' ആണ് മാൽസൂപ്പിയയിൽ ഭാഗ്യം കൊണ്ടുവന്നത്. 'സ്യ' ആണ് മാൽസൂപ്പിയയിൽ ജനിച്ച ആദ്യ മനുഷ്യക്കുഞ്ഞ്. സ്യ യുടെ ജനനം മാൽസൂപ്പിയ ആഘോഷിച്ചതുപോലെ ഓരോ കുഞ്ഞിന്റേയും ജനനം മാൽസൂപ്പിയ ആഘോഷിക്കുന്നു. സ്യ മുതൽ ഇങ്ങോട്ടുള്ള എല്ലാ കുഞ്ഞുങ്ങളേയും ആദ്യം പാട്ടു പാടി ഉറക്കുന്നത് 'മ' ആണ്. 'മ' യുടെ പുരുഷരൂപവും കനത്ത ശബ്ദവും കണ്ട് കുഞ്ഞുങ്ങൾ പേടിക്കുന്നു. അതാണ് ജനിച്ചാലുടൻ കുഞ്ഞ് കരയുന്നത്. ഇതറിയാവുന്ന അമ്മമാർ അതു കണ്ടു ചിരിക്കും. പക്ഷേ മ യെ കാണാൻ കുഞ്ഞുങ്ങൾക്കു മാത്രമേ കഴിയൂ. കുഞ്ഞു കരയുന്നത് കാണുമ്പോൾ അമ്മമാർക്കും 'മ' യുടെ സാനിധ്യം മനസിലാകും. അവർ മ യുടെ കൂടെ പാട്ടുപാടും. അതു കണ്ട് കുഞ്ഞ് കരച്ചിൽ നിർത്തി ചിരിക്കും. 'മ' ആണ് കുഞ്ഞിന് പേരിടുന്നത്. സ്യ യെ മാത്രമാണ് 'മ' നേരിട്ട് പേരു ചൊല്ലി വിളിച്ചത്. പിന്നീടിങ്ങോട്ട് കുഞ്ഞിന്റെ പേര് അമ്മയുടെ ചെവിയിലാകും 'മ' പറയുക. അത് എല്ലാവരും കേൾക്കെ അമ്മ വിളിച്ചുപറയും. അതു കേട്ട് കുഞ്ഞ് വീണ്ടും കരയും.''
" ഞാൻ ജനിച്ചപ്പോൾ അമ്മയുടെ ചെവിയിൽ 'മ' 'മിറിയം' എന്ന് പറഞ്ഞത്രെ! '' ആൻ മിറിയം''. ആ പേര് തന്റെ ചെവിയിൽ വ്യക്തമായി കേട്ടതാണെന്ന് അമ്മ പറയുന്നു. അപ്പോൾ തന്നെ ഞാൻ മ യെ കണ്ടു പേടിച്ച് കരയാനും തുടങ്ങി. ''
മാൽസൂപ്പിയയിൽ ഇന്നോളം ജനിച്ച എല്ലാ കുഞ്ഞുങ്ങൾക്കും പേരിട്ട മ യെ പറ്റി ഞാൻ ഓർത്തു. 'മ' . നല്ല 'മ'...
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment