തുരങ്കത്തിനുള്ളിലെ രണ്ടാം പ്രഭാതവും ഗംഭീരമായിരുന്നു. കട്ടി കൂടിയ മഞ്ഞ് ചുറ്റിലും നിന്ന് ശ്വാസം മുട്ടിക്കുന്നു. എണീറ്റ് ഏറെ കഴിഞ്ഞാണ് പ്രകാശം കടന്നു വന്നത്. ചുറ്റിലും നിറഞ്ഞു നിൽക്കുന്ന വെളുത്ത മഞ്ഞു മാത്രം. വെള്ളിവെളിച്ചമുള്ള മഞ്ഞ്. കൈ കോർത്ത് പതിയെ മുന്നോട്ടു നടക്കാൻ ഞാനും മിറിയവും തീരുമാനിച്ചു.
തറയിൽ കൂർത്ത മുനയുളള പാറക്കഷണങ്ങൾ ഏറെ ഉണ്ട്. മഞ്ഞിൽ കാഴ്ചശക്തി പരിമിതമായതിനാൽ ഇടയ്ക്കിടെ പാറയിൽ കാലു തട്ടുന്നുണ്ട്. പല തവണ വീഴാൻപോകുക പോലുമുണ്ടായി. നടക്കും തോറും പാത കൂടുതൽ ദുഷ്കരമാകുകയും തുരങ്കത്തിന്റെ വിസ്തൃതി കുറഞ്ഞു കുറഞ്ഞുവരികയും ചെയ്തു. ഒപ്പം യാത്രയിൽ ഏറെ നേരമായി അകന്നു നിന്ന ആ കനത്ത ശബ്ദം. പാറക്കിണറിൽ നിന്നും ഉയരുന്ന നീരാവിയുടെ ശബ്ദം കേട്ടുതുടങ്ങുകയും ചെയ്തു. പാറകൾ കൂർത്ത കല്ലുകൾ കൊണ്ട് ഞങ്ങളെ മുറിപ്പെടുത്തിക്കൊണ്ടേയിരുന്നു. തുരങ്കത്തിന്റെ വിസ്തൃതി കഷ്ടിച്ച് ഒരാൾക്കു മാത്രം നടന്നു പോകാൻ പറ്റുന്നത്ര ചെറുതായി.
''ഇനി നന്നായിട്ട് വെളിച്ചം വരുന്നതുവരെ കാത്തിരുന്നേ പറ്റൂ.''
മിറിയം പറഞ്ഞു. നടന്നു തുടങ്ങി ഏറെ നേരമായെങ്കിലും മഞ്ഞിന്റെ കടുപ്പം കാഴ്ചയെ വിലപിടിപ്പുള്ള ഒന്നാക്കി മാറ്റിയിരിക്കുകയാണ്. തലയ്ക്കു മുകളിൽ നിന്നും മഴ പോലെ പെയ്തിറങ്ങുന്ന ജലത്തിന്റെ ശക്തി കൂടിക്കൊണ്ടിരുന്നു. കുത്തിയിറങ്ങിവരുന്ന വെള്ളത്തിൽ നിന്നും ഒരു ആശ്വാസമായി മഴയേൽക്കാതെ കടന്നു നിൽക്കാൻ പാറചുവരിന്റെ ഇരുവശങ്ങളിലും ഇടവിട്ട് ചെറിയ ചെറിയ വിശ്രമ സൗകര്യങ്ങൾ നിർമിച്ചിട്ടുണ്ട്. അരണ്ട വെളിച്ചത്തിലും അവ കണ്ടെത്താനായത് വലിയ ആശ്വാസമായിരുന്നു. വാഹനങ്ങളുടെ കടന്നുവരവിന് മുൻപ് സജീവമായിരുന്ന ഒരു പാതയുടെ തിരുശേഷിപ്പുകൾ ആയിരിക്കും അവയെല്ലാം. എതിർവശങ്ങളിലുള്ള രണ്ടു പൊത്തു കളിലായി ഞാനും മിറിയവും മഞ്ഞ് പൂർണമായും മാഞ്ഞു പോകുന്നതും കാത്തിരുന്നു.
" ഞാനും ഈ വഴിയേ ആദ്യമായിട്ടാണ് എന്നു പറഞ്ഞാൽ ഞെട്ടരുത്....''
'' എന്ത്...? ''
'' സത്യം. പുസ്തകങ്ങളിൽ വായിച്ചുള്ള അറിവും പലരും പറഞ്ഞുള്ള അറിവും മാത്രമേ എനിക്കും ഈ വഴിയെ പറ്റി ഉളളൂ.. ''
'' വഴി തെറ്റിയിട്ടില്ല എന്ന് ഉറപ്പല്ലേ..? ''
'' വലിയ ഉറപ്പൊന്നും ഇല്ല. ഇരുട്ടിൽ നമ്മൾ നടന്നുവന്ന വഴികളിലെവിടെയോ തുരങ്കം പലതായി പിരിയുന്നുണ്ടായിരുന്നു. അവയിൽ ചിലവഴികൾ നടന്നു തുടങ്ങിയ ഇടത്തു തന്നെ തിരിച്ചു കൊണ്ടെത്തിക്കും. പലതും മനുഷ്യവാസം പോലുമില്ലാത്ത മാൽ സൂപ്പിയയുടെ കൊടും കാടുകളിലേയ്ക്ക് നയിക്കും. കൂടുതൽ വഴികളും നമുക്ക് എത്തേണ്ട ഇടത്തു തന്നെ നമ്മളെ എത്തിക്കും. ''
'' പുറത്ത് പാറക്കിണർ ആണ്. ശബ്ദം കേട്ടില്ലേ.. ഇനി ഇത്രയും ദൂരം നടന്നത് ക്യാറ്റിലയിൽ തന്നെ കറങ്ങി തിരിഞ്ഞെത്തുന്ന വഴിയിലാണോ..? ''
'' മാൽസൂപ്പിയയിൽ ആകെ നാല് വലിയ പാറക്കിണറുകളും പത്തോളം ചെറിയവയും ഉണ്ട്. അവയിൽ ഏതിന്റെ വെളിയിൽ വേണമെങ്കിലും ആകാം. ദിശനോക്കി ഞാൻ നടന്നത് 'മൗസിയ'യുടെ ഭാഗത്തേയ്ക്കാണ്. അവിടെ തന്നെ എത്തിച്ചേർന്നിരിക്കാനാണ് കൂടുതൽ സാധ്യതയും. ''
കിട്ട മേൽക്കുപ്പായം അഴിച്ചു വച്ച് മഞ്ഞ് നേർത്ത പുടവ ഒരെണ്ണം ചുറ്റി. ഇരുവശങ്ങളിലും കൂർത്തു നിൽക്കുന്ന പാറക്കഷണങ്ങൾ വ്യക്തമായി കാണാനാകുന്നു. പലതിനേയും പലരൂപത്തിൽ കൊത്തിയെടുത്തിരിക്കുന്ന മനുഷ്യന്റെ മികവും പ്രകടമാണ്. നാവു നീട്ടി നിൽക്കുന്ന രാക്ഷസന്മാരാണ് അധികവും. പലതിന്റേയും നാവിന്റെ അഗ്രം കൂർത്ത കുന്തമുനകൾ പോലെ തീർത്തിരിക്കുന്നു.
'' ദൈവത്തിന്റെ മക്കളാണെങ്കിലും ഇവിടുത്തുകാരും പൂർണമായും സമാധാന പ്രിയരൊന്നുമല്ല... ''
ഞാൻ പറഞ്ഞു.
'' ഭൂമിയുടെ ഒരു ഭാഗം തന്നെയല്ലേ ഇതും. ഇവിടെ ഉള്ളതും സാധാരണ മനുഷ്യർ തന്നെ. ''
'' ഇപ്പോൾ നമ്മൾ എത്തിച്ചേരുന്നത് മൗസിയയിൽ അല്ലെങ്കിലോ...? ''
'' ആണെന്നു തന്നെ വിശ്വസിക്കാം. അതിനുകാരണവുമുണ്ട്. ''
'' എന്ത്? ''
'' തുരങ്കത്തിനുളളിൽ പ്രവേശിക്കുന്ന ഓരോരുത്തരും എവിടെയാണ് എത്തേണ്ടതെന്ന് 'മ' യ്ക്ക് കൃത്യമായി അറിയാം. വഴിതെറ്റുന്നവരെ മ കൈ പിടിച്ച് നടത്തുന്നു. ''
'' അതുകൊണ്ട്...? ''
'' മൗസിയയിൽ എന്റെ കാമുകൻ ഉണ്ട്. 'മ' എന്നെ അവിടേയ്ക്കു മാത്രമേ കൈ പിടിച്ച് നടത്തൂ. ''
മിറിയം എന്നെ നോക്കി ചിരിച്ചു. അവളുടെ കണ്ണുകളിൽ തിളക്കം. അപ്പോൾ കാമുകന്റെ ചാരത്തേയ്ക്കുള്ള യാത്രയാണ്. വഴിപോലും അറിയാതെ സംഭാവ്യതയ്ക്കു മാത്രം തീരുമാനങ്ങളെ എറിഞ്ഞു കൊടുത്തു കൊണ്ട്.
'' മിറിയം വിവാഹിതയാണോ...? ''
'' പ്രണയം ഞങ്ങളുടെ മിത്തിന്റെ തന്നെ ഭാഗമാണ്. 'പ' യെയും 'പാനി' യേയും പോലെ. ഒരിക്കൽ ചേർന്നു കഴിഞ്ഞാൽ പിന്നെ ജീവിതാവസാനം വരെയും പിരിയുന്ന ശീലം മാൽസൂപ്പിയക്കാർക്കില്ല. ''
ഈ കഥ ഒരു പ്രണയകഥയായി പോകുമോ എന്ന പേടി വിമാനത്തിൽ വച്ച് മിറിയത്തെ കണ്ടതുമുതൽക്കേ എനിക്ക് ഉണ്ടായിരുന്നു. എന്തായാലും ഇനി ആ പേടി വേണ്ട. മിറിയം പ്രണയിക്കുന്നുണ്ട്. ആ പ്രണയത്തിന്റെ ശക്തിയിൽ 'മ' ശരിയായ വഴി തന്നെ കാട്ടിക്കൊടുക്കും എന്ന് മിറിയം വിശ്വസിക്കുന്നു.
സഞ്ചരിച്ചു വന്ന വഴി ദൂരെ ഒരു വിടവായി പുറത്തേയ്ക്ക് തുറന്നിരിക്കുന്നു. വെളിച്ചം വിടവിലൂടെ ഇടിച്ചുകയറുന്നു. രണ്ടു ദിവസമായി നടക്കുകയാണ്. ആ വിടവിനപ്പുറം തേടി വന്ന സ്ഥലമാണ്. മിറിയം കൂടുതൽ ഊർജ്ജസ്വലയായി. ഞങ്ങൾ കൂടുതൽ വേഗത്തിൽ നടന്നു. വെളിച്ചം കാണുന്ന കീറലിലേയ്ക്ക്.
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment