വെളിച്ചം കണ്ട വിടവിലേയ്ക്ക് നടന്നു. ചെന്നു നിന്നത് ചെങ്കുത്തായ ഒരു പാറക്കെട്ടിന്റെ മധ്യത്തിലാണ്. പാത ഏറെ താഴെയാണ്. വളരെ ശ്രദ്ധിച്ച് പാറയിൽ പിടിച്ച് താഴെ ഇറങ്ങാൻ കഴിയും. യാത്രതിരിച്ചിടത്തേതുപോലെ ഒരു പാറക്കിണറിന്റെ പള്ളയിലൂടെ ഉള്ള വഴി തന്നെയാണ് ഇതും. നീരാവി ക്യാറ്റിലയിൽ ഉള്ളതിനേക്കാൾ കുറവാണ്. വിടവിൽ നിന്നും കൂർത്ത പാറകളിൽ ചവിട്ടി ഞാൻ താഴേയ്ക്കിറങ്ങി. രണ്ടു ദിവസമായി ആകെ നനഞ്ഞാണ് നടത്തം. താഴെ എത്തിയാൽ ഉടനേ വസ്ത്രം മാറി ധരിക്കാൻ മിറിയം പറഞ്ഞു. ഞാൻ പാതയിലെത്തി വസ്ത്രം മാറി. എന്തായാലും എത്തിച്ചേർന്നത് ക്യാറ്റിലയിൽ അല്ലെന്ന് ഉറപ്പാണ്. കാരണം പാറക്കിണറിനും പാതയ്ക്കും പ്രകടമായ വ്യത്യാസമുണ്ട്.
മുകളിൽ നിന്നു തന്നെ വസ്ത്രങ്ങൾ മാറിയ ശേഷം ശ്രമപ്പെട്ട് മിറിയവും ഇറങ്ങിവന്നു. അന്ന് നടന്നിറങ്ങിയതുപോലെ വീണ്ടും ഒരു ചുറ്റു ഗോവണി നടന്നു കയറണം കിണറിനു മുകളിൽ എത്താൻ. ഇത്തവണ കിണറിനെ പേടി തോന്നിയില്ല. ഭയം മനസ്സിൽ നിന്നും കടന്നു പോയി കഴിഞ്ഞിരിക്കുന്നു. ഉന്മേഷദായകമായ കാറ്റേറ്റ്, പതിയെ നടന്നു. മിറിയം വളരെ സന്തോഷത്തിലായിരുന്നു. കാരണം വ്യക്തമല്ലേ. മൗസിയയിലാണ് മിറിയത്തിന്റെ പ്രിയതമൻ.
ഒരു മണിക്കൂറിൽ താഴെ സമയമേ ആ കിണറിനു മുകളിൽ എത്താൻ ചിലവായുള്ളൂ. മുകളിലെത്തിയപ്പോൾ ചുറ്റും കാടാണ്.
'' ഇതാണ് മൗസിയ ''
മിറിയം പറഞ്ഞു.
'' കാടോ..? ''
'' കാട്ടിനു വെളിയിൽ ആണ് നഗരം. ഏറെ നടക്കാനില്ല. ''
'' ഉറപ്പാണല്ലോ !!! ''
'' ഈ സ്ഥലം എനിക്ക് ഏറെ പരിജിതം. നമ്മൾ മൗസിയയിൽ എത്തിക്കഴിഞ്ഞു... ''
'' എന്താ ഒരു സന്തോഷം...!!! ''
'' എനിക്ക് സന്തോഷിച്ചൂടേ... ''
'' ഓ... അങ്ങനെ... ഹ ഹ ഹാ... ''
'' മൗസിയയിൽ അല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് എത്തണേ എന്നാ ഞാൻ പ്രാർദ്ധിച്ചത്... മിറിയത്തിനും പരിജയമില്ലാത്ത സ്ഥലങ്ങളിലൂടെ നടക്കാമല്ലോ.... ''
'' ദുഷ്..... ''
മൗസിയയിൽ എത്തി. മൗസിയ. മിറിയത്തിന്റെ കാമുകൻ ഇവിടെയാണ്. അതാണ് പെണ്ണിനിത്രയും സന്തോഷം. ഞാൻ അവളെ കളിയാക്കിയതും അതു പറഞ്ഞു തന്നെ.
'' മൗസിയയിൽ നിന്നും ക്യാറ്റിലയിലേയ്ക്ക് ഒരു കാറിൽ പോകുകയാണെങ്കിൽ ഒന്നര ദിവസത്തെ യാത്ര മാത്രം... ''
'' അറിയാം.. ''
'' അവിടെ നിന്നിങ്ങോട്ട് തുരങ്കത്തിലൂടെ വന്നതു പോലെ തിരിച്ചുള്ള യാത്രയും അടിപൊളി ആക്കണം... ''
'' തീർച്ചയായും... ''
'' അതിനായി മൗസിയയിൽ നിന്നും രണ്ടു പേർ കൂടി നമ്മളോടൊപ്പം ചേരും... ''
'' ഒരാളെ പ്രതീക്ഷിച്ചതാണ്... ''
'' എന്താ വല്ല ബുദ്ധിമുട്ടും ഉണ്ടോ..? ''
'' ഇല്ലേ... ''
'' അങ്ങനെ പറ... ''
കാട്ടിലൂടെ ഉള്ള നടത്തം രസകരമായിരുന്നു. മിറിയം സംസാരിച്ചുകൊണ്ടേയിരുന്നു. മൗസിയയ്ക്കും ക്യാറ്റലയ്ക്കും ഇടയിലെ വിശേഷങ്ങളെ പറ്റി, പരസ്പരം ഒന്നര ദിവസത്തിന്റെ യാത്രാ ദൂരം മാത്രമുള്ള ഈ രണ്ടു നഗരങ്ങൾക്കിടയിൽ വളർന്നു കിടക്കുന്ന കുഞ്ഞു ദ്വീപായ മാൽസൂപ്പിയയെ പറ്റി, ഉടനേ നമ്മൾ കാണാൻ പോകുന്ന കൃഷിയിറക്കൽ ഉത്സവങ്ങളെ പറ്റി ഒക്കെ.
നടന്നു നടന്ന് ഞങ്ങൾ മറ്റൊരു അത്ഭുതത്തിനു മുന്നിൽ എത്തിച്ചേർന്നു.
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment