വെള്ളച്ചാട്ടമാണ്. അത്ഭുതം തന്നെ ആണേയ്. വലിപ്പം ബഹുവിശേഷം. എന്ന്ച്ചാൽ നമ്മുടെ നഗരങ്ങളിൽ കാണുന്ന കൂറ്റൻ ആനമാളികകളുടെ വലിപ്പം കാണും ഒരു കരിമ്പാറ. അവന്റെ മസ്തകത്തിലൂടെ അങ്ങനെ ഒലിച്ചിറങ്ങി വരുകയാണ് പാൽനുരപോലൊരു കാട്ടരുവി. വിവരണത്തിന്റെ ഭാഷ ശ്ശി മാറീരിക്ക്ണു ല്ലേ... ഇതൊക്കെ കാണുമ്പോൾ വേറെന്ത് പറയാനാണ്. സംസ്കൃതം തിരിഞ്ഞിരുന്നെങ്കിൽ കടുകട്ടിയിലൊരു സ്ലോകം ചൊല്ലാമായിരുന്നു. സംസ്കൃതം വശമില്ലാലോ... എന്താ ചെയ്ക. മലയാളരുടെ ഭാഷയിൽ അങ്ങു തുടരാം.
ബഹുനില കെട്ടിടത്തിന്റെ ഉയരവും ഗജവീരന്റെ തലയെടുപ്പും ഉള്ള കാട്ടു കരിമ്പാറകളിൽ ഒന്നിന്റെ തലയ്ക്കൽ നിന്ന് ഒത്ത ശരീരപുഷ്ഠിയുള്ള നദി ഒരെണ്ണം താഴേയ്ക്കു പതിക്കുകയാണ്. അത്ഭുതമെന്തെന്നു വച്ചാൽ താഴേയ്ക്കു നിപതിക്കുന്ന അഴകളവ് തികഞ്ഞവൾ അവിടുന്നങ്ങോട്ട് ഒഴുകി പോകുന്നില്ല. നേരേ ഭുമിയ്ക്ക് അടിയിലേയ്ക്കാണ് പോകുന്നത്. പാറയുടെ ചുവട്ടിലുള്ള കുഴിയിലേയ്ക്കു വീണ് നദി അപ്രത്യക്ഷ ആകുന്നു. ഒരു വലിയ നദിയെ കുഴി വിഴുങ്ങുന്ന കാഴ്ച. കുഴിയിലൂടെ വെള്ളം കുത്തി ഒലിച്ചുപോകുന്നത് പാറക്കിണറിന്റെ ദാഹം അകറ്റാൻ ആകാം എന്ന് മിറിയം പറഞ്ഞു. ഈ കുഴിയുടെ മറ്റേ അറ്റം പാറക്കിണറിന്റെ ഉള്ളറകളിൽ എവിടെയോ തുറക്കുന്നുണ്ടാകും. കൂർത്ത പാറകളിൽ തട്ടി ഉയരുന്ന വെള്ളത്തുള്ളികൾ മുന്നിൽ മഴവില്ലിന്റ വർണ വിസ്മയം തീർക്കുന്നു. ആ മഴവിൽ മുഖങ്ങൾക്കിടയിലൂടെ പറന്നു കളിക്കുന്ന നീല നിറമുള്ള കുഞ്ഞു കുരുവികൾ. അത്തരം കുരുവികളെ ഞാൻ ആദ്യമായി കാണുകയായിരുന്നു. എത്രനേരം വെള്ളച്ചാട്ടത്തിനെ തൊട്ടുരുമി പറന്നിട്ടും അവയുടെ തൂവലുകൾ നനയുന്നില്ല. എന്തൊരു ഉന്മേഷത്തോടെ ആണ് അവ പറക്കുന്നത്. കലപിലകൂട്ടുന്ന ശബ്ദം വെളളം ശക്തമായി കുഴിയിലേയ്ക്കു പതിക്കുന്നതിന്റെ ഹുങ്കാരത്തോട് മത്സരിക്കുന്ന പോലെ തോന്നി. ഒന്നും മിണ്ടാതെ മണിക്കൂറുകൾ വെള്ളച്ചാട്ടത്തെ മാത്രം നോക്കിയും കലപില ചലപില നീല നീലാ കിളികളെ കണ്ട് അത്ഭുതപ്പെട്ടും ആ നിൽപ്പു നിന്നു. മറ്റൊരു ദിനത്തിനു കൂടി അവസാന വിസിൽ ഊതി സൂര്യൻ പതിയെ വിശ്രമമഞ്ചത്തിലേയ്ക്കു ചാഞ്ഞു.
'' രാത്രി ചിലവഴിക്കാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇതാണ്. മൃഗങ്ങൾ ഒന്നും ഇവിടേയ്ക്കു വരില്ല. ''
'' മൗസിയ ഇനിയും അകലെ ആണോ? ''
'' വേണമെങ്കിൽ ഇനി നടന്നാലും പൂർണമായും ഇരുൾ പരക്കും മുൻപ് നമ്മൾ മൗസിയയിൽ എത്തും. നഗരം അത്ര അടുത്താണ്. പക്ഷേ ഒരു രാത്രി വെളളച്ചാട്ടത്തിന് അരികിൽ കഴിച്ചുകൂട്ടുന്ന അനുഭവം നഗരത്തിലെ അടച്ചു കെട്ടിയ മുറികളിൽ കിട്ടില്ല. ''
'' ശരിയാണ്. പ്രകൃതി ആണ് ഏറ്റവും വലിയ സുന്ദരി... ''
നേരം ഇരുട്ടുംതോറും വെള്ളച്ചാട്ടത്തിന്റെ രൂപവും നിറങ്ങളും ഭാവവും മാറി മാറി വന്നു. കിളികളുടെ കലപില ചല പില ശബ്ദം അപ്രത്യക്ഷമായി. കാടിന്റെ നിശബ്ദതയ്ക്കു മുകളിൽ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം ഒരു നാഗത്തെപ്പോലെ ഫണം ഉയർത്തി നിന്നു.
'' വെള്ളച്ചാട്ടത്തിനു മുകളിലേയ്ക്കു നോക്കുക. ''
മിറിയം പറഞ്ഞു.
നേരിയ നിലാവ് ഉയരത്തിൽ നിന്നു പതിക്കുന്ന ജലത്തിന്റെ കെണിയിൽ പെട്ടിരിക്കുന്നു. അത്ഭുതം പോലെ വെള്ളച്ചാട്ടത്തിനു മുകളിൽ ഒരു നക്ഷത്രം. നദിയിൽ നിന്നും ഉയർന്നു വന്നതു പോലെ ഒന്ന്. സമുദ്രത്തിൽ നിന്നും സൂര്യൻ ആകാശത്തേയ്ക്ക് ഉയരുംപോലെ.
പാറയിൽ കൂടി ഒഴുകി വരുന്ന നദിയിൽ നിന്നും ഉദിച്ചുയർന്ന ഒരാൾ വെള്ളച്ചാട്ടത്തിനു തൊട്ടു മുകളിൽ പ്രഭ ചൊരിഞ്ഞു നിൽക്കുന്നു.
'' നിലാവുണ്ട്. പക്ഷേ ചന്ദ്രനെ കാണാനുണ്ടോ എന്നു നോക്ക്... ''
അത്ഭുതം. ചന്ദ്രൻ ആകാശത്തിൽ ഇല്ല.
''ഒരു പക്ഷേ മേഘം മറച്ചതായിരിക്കാം. ''
'' ആയിരിക്കാം. പക്ഷേ ഈ വെളളച്ചാട്ടത്തിനു കീഴിൽ രാത്രി ചിലവഴിക്കുമ്പോൾ ആർക്കും ചന്ദ്രനെ കാണാൻ ആയിട്ടില്ല. ''
നിലാവ് പരത്തുന്നത് മേലേ ഉദിച്ചു നിൽക്കുന്ന നക്ഷത്രമാണെന്നു തോന്നി. അമ്പിളിക്കല എങ്ങുമില്ല. ആരും കണ്ടിട്ടുമില്ല. നക്ഷത്രം പ്രഭചൊരിയുന്ന മാനം. അമ്പിളി ഇല്ലാത്ത നിലാവ്. അത്ഭുത വെട്ടത്തിൽ മുങ്ങിക്കുളിച്ച് വെള്ളച്ചാട്ടം. എല്ലാം ഒരു മായാ പ്രപഞ്ചം.
'' ദൈവത്തിന്റെ കൊട്ടാരത്തിന്റെ കിളിവാതിൽ മാൽസൂപ്പിയയിലേയ്ക്ക് തുറന്നിരിക്കുന്നതാണ്. ''
മിറിയം മൗനം ഭേതിച്ചു.
'' ആ നക്ഷത്രം കാണാൻ ആകുന്നത് ഇവിടെ നിന്നാൽ മാത്രമാണ്. മാൽസൂപ്പിയയിലോ ലോകത്തോ മറ്റെവിടെ നിന്നും നിങ്ങൾക്ക് അതിനെ കാണാനാവില്ല... ''
ദൈവത്തിന്റെ കൊട്ടാരത്തിലെ കിളിവാതിൽ തുറന്നതാണത്രെ! ആരെങ്കിലും അവിടെ നിന്നും താഴേയ്ക്ക് നോക്കുന്നുണ്ടാകുമോ...
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment