നീലനീല കിളികളുടെ കലമ്പൽ കേട്ടാണ് രാവിലേ ഉണർന്നത്. നക്ഷത്രം നിന്നിടത്തു നിന്നും സൂര്യൻ ഉദിച്ചു വരുന്നു. പാൽനുരയിൽ ചുവപ്പുരാശി ചായം ചേർത്തിരിക്കുന്നു. വീണ്ടും ഊഷ്മളമായ ഒരു സുപ്രഭാതം.
പച്ചപ്പുൽ മെത്തയിൽ സുഖനിദ്ര ആയിരുന്നു. വെയിൽ വെട്ടം പരക്കും മുന്നേ സുരസുന്ദരിയായ വെള്ളച്ചാട്ടത്തോട് യാത്ര പറഞ്ഞു നടന്നു തുടങ്ങി. കൊടുംകാട് അല്ല. സമീപത്ത് മനുഷ്യവാസം ഉള്ളതിന്റെ സൂചനയായി നടന്നു തെളിഞ്ഞ വഴികൾ. അപ്രതീക്ഷിതമായി ദർശനം തന്ന ചില ആതിഥേയരും. ഒരു കടുവ. കുറേ നേരം വഴിയ്ക്കു മധ്യേ അങ്ങനെ കിടന്നു. അവൻ എണീറ്റു പോകാതെ മുന്നോട്ടു പോകുക വയ്യ. നഗരപ്രാന്തമായതിനാൽ മനുഷ്യരോട് ഭയമില്ല. ആക്രമിക്കുകയും ഇല്ല. കയ്യിൽ ക്യാമറ ഇല്ലാത്തതിനാൽ അതികഠിനമായ നിരാശ തോന്നി. ക്യാമറ കണ്ണുകളിലൂടെ അല്ലാതെ കടുവയെ കാണാൻ നമ്മൾ മറന്നു പോയിരിക്കുന്നു. വീണു കിടക്കുന്ന ഒരു മരത്തടിയിൽ വിശ്രമിച്ചു കൊണ്ട് ആ രാജകീയമായ കിടത്തം ഞങ്ങൾ ആസ്വദിച്ചു.
കാട്ടിന് ഉള്ളിലും ഒരു അനക്കം. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരെണ്ണം കൂടി ഉണ്ട്. ഞങ്ങളെ സസൂഷ്മം നിരീക്ഷിച്ചു കൊണ്ട് പൊന്തമറവു പിടിച്ച് നിൽക്കുകയാണ്. പെണ്ണൊരുവൾ ആണെന്ന് തോന്നുന്നു. മാർഗമധ്യേ സുഖശയനം നടത്തുന്നവന്റെ കാമുകി ആയിരിക്കുമോ. ഒരു കാട്ടിൽ ഒരു കടുവ എന്നല്ലേ കേട്ടിട്ടുള്ളത്.
'' ഇവിടെ ഇത് ഒരുപാട് എണ്ണം ഉണ്ട്. ഭക്ഷണം സുഭിക്ഷമായതുകൊണ്ടാകാം. മനുഷ്യരെ ആക്രമിക്കാറില്ല. വളർത്തുമൃഗങ്ങളെ തക്കം കിട്ടിയാൽ തപ്പും. ''
കടുവകൾ ഇവിടെ സുരക്ഷിതരാണ്. മനുഷ്യൻ അവരെയും ആക്രമിക്കാറില്ല.
''പ്രകോപനം ഒന്നും വേണ്ട. എപ്പോഴാണ് നിറം മാറുന്നത് എന്ന് പറയാനാകില്ല. ''
കാടിന് ഉള്ളിൽ നിന്നും ഒളിഞ്ഞു നോക്കുന്നവൾ ഒന്ന് ഇളകി. പിന്നെ അവിടെത്തന്നെ കിടന്നു. കിടന്നവളെ കാണാനില്ല. പൊന്തയുടെ നിറത്തിനുള്ളിൽ അത്രയ്ക്കും മറയ്ക്കപ്പെട്ടിരിക്കുന്നു അവളുടെ രൂപം. ഞാൻ അത്ഭുതപ്പെട്ടു. ഇടയ്ക്കിടെ രണ്ടു കണ്ണുകൾ മാത്രം തിളങ്ങി കാണാം.
ഇനിയും പരീക്ഷിക്കേണ്ടതില്ല എന്നു കരുതി ആകാം രാജാവ് പതിയെ എണീറ്റ് കാടിന് ഉളളിലേയ്ക്ക് നടന്നു മറഞ്ഞു. ഇടയ്ക്ക് ഒന്നു തിരിഞ്ഞു നോക്കി. ഇനി പൊയ്ക്കൊള്ളുക എന്ന് സമ്മതം മൂളുന്നതു പോലെ.
അവിടെ നിന്നും ഏറെ ദൂരം ഉണ്ടായിരുന്നില്ല മൗസിയയിലേയ്ക്ക്. മൗസിയയിൽ എത്തിയ ഉടനേ ഞങ്ങൾ കയറി പോയത് ഒരു കൂടാരത്തിലേയ്ക്ക് ആണ്. അവിടെ ഗുസ്തി പോലെ ഒരു കായിക ഇനം പരിശീലിക്കുന്ന കുറേ യുവാക്കളും യുവതികളും ഉണ്ടായിരുന്നു. ബോക്സിങ് റിങ് പോലെ കെട്ടി ഉയർത്തിയ റിങ്ങുകളിൽ ചിലർ പരസ്പരം പൊരിഞ്ഞ യുദ്ധത്തിലാണ്. പരിശീലനത്തിന്റെ ഭാഗം ആണെന്നു തോന്നുന്നു. മിറിയത്തിന്റെ കാമുകൻ 'അഖായ് ' ഇവിടെയാണ്.
'' വർഷാവർഷം മാൽസൂപ്പിയയുടെ വിശ്രമ കാലത്തിന് തുടക്കം കുറിക്കുന്നത് മൗസിയയിലെ ഈ ഗുസ്തി തറകളിൽ നിന്നും ആണ്. ''
മിറിയം പറഞ്ഞു.
''നാളെ മുതൽ ആരംഭിക്കും മാൽസൂപ്പിയയുടെ കായികക്കരുത്ത് പ്രദർശിപ്പിക്കുന്ന ഉഗ്രൻ ഗുസ്തി മത്സരം. ''
അതിനുള്ള അവസാനവട്ട പരിശീലനത്തിൽ ആണ് മല്ലന്മാരും മല്ലകളും.
വിശ്രമ കാലത്തെ ആഘോഷങ്ങൾ തുടങ്ങുന്നത് മൗസിയയിലെ ഗുസ്തി മത്സരത്തിൽ കൂടി ആണ്. മാൽസൂപ്പിയയിൽ അങ്ങോളം ഇങ്ങോളം ഉള്ള ജനങ്ങൾ ഈ സമയത്ത് മൗസിയയിൽ ഉണ്ടാകും. ഓരോ ഗ്രാമത്തിൽ നിന്നും ധാരാളം വീരന്മാരും ധീരകളും മത്സരത്തിൽ പങ്കെടുക്കും. അവർക്കെല്ലാം പ്രോത്സാഹനമേകി ആൾക്കൂട്ടം മൗസിയയിൽ പെരുകും.
'' ദ്വീപിൽ പല ഇടങ്ങളിലായി ചിതറിക്കഴിയുന്ന കുടുംബാങ്ങങ്ങൾക്ക് പരസ്പരം കാണാനും വിശേഷങ്ങൾ പങ്കുവൈക്കാനും ഉള്ള അവസരം കൂടി ആണ് ഇത്. ''
മിറിയത്തെകണ്ട് ഒരു സ്ത്രീ അടുത്തേയ്ക്കു വന്നു. അവർ സ്നേഹത്തോടെ മിറിയത്തെ പുണർന്നു. ശേഷം ഞങ്ങളെ കൂടാരത്തിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് നയിച്ചു.
അവിടെ ഒരു മുറിയിൽ വിശ്രമിക്കാൻ ഉള്ള സൗകര്യം ഒരുക്കിയിരുന്നു. ഒന്ന്.... രണ്ട്... മൂന്ന് ദിവസമായി നടത്തമാണ്. ക്ഷീണം തോന്നുന്നത് ഇപ്പോൾ ഒരു മുറിയും കട്ടിലും കണ്ടപ്പോൾ ആണ്.
നന്നായി കുളിച്ച് ഒന്നുറങ്ങണം.
ബാക്കിയൊക്കെ പിന്നെ...
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment