നന്നായിട്ട് ഉറങ്ങി. വൈകിട്ട് ഉണർന്നപ്പോൾ പുറത്ത് 'അഖായ് ' ഉം സുഹൃത്തുകളും വന്നിട്ടുണ്ട്. 'അഖായ് ' മിറിയത്തിന്റെ കാമുകൻ. അഖായ് യുടെ സുഹൃത്ത് 'സോമിയോ ', 'ജോഫ്രോ' അങ്ങനെ കുറച്ചുപേർ. അഖായ് ഗുസ്തി താരമാണ്. ഈ വർഷം മത്സരങ്ങൾക്കില്ല. പരിശീലക വേഷത്തിലാണ് ഇത്തവണ. 'ജോഫ്രോ' മത്സരിക്കാനുണ്ട്. അഖായ് തന്നെയാണ് പരിശീലകൻ. ജോഫ്രോയെ കൂടാതെ അഖായ് യുടെ നിരവധി ശിഷ്യർ ഇത്തവണ ഗോഥയിൽ കയറുന്നുണ്ട്. പ്രാഥമികഘട്ടം നാളെമുതൽ തുടങ്ങും. ഒരു പക്ഷേ അടുത്തവർഷം താൻ വീണ്ടും മത്സരരംഗത്തേയ്ക്ക് മടങ്ങിയെത്തിയേക്കും എന്ന് എല്ലാവരേയും ചിരിപ്പിക്കാൻ വേണ്ടി അഖോയ് പറയുന്നുണ്ട്. പരിശീലകന്റെ കുപ്പായം അണിയേണ്ട പ്രായം അഖോയ്ക്ക് ആയി എന്ന് എനിക്കും തോന്നുന്നില്ല. ഒരു വർഷം മുഴുവൻ നീണ്ട പ്രയത്നമാണ് ഓരോ യോഥാവും, സ്ത്രീയും പുരുഷനും. കൂടാരത്തിലൂടെ ചുറ്റിനടന്നപ്പോൾ ഗൗരവം മുറ്റിയ മുഖങ്ങൾ കണ്ടു. ചിരിച്ചു കളിച്ച് ഒട്ടും സമ്മർദ്ദമില്ലാതെ സമയം കളയുന്നവരും കുറവല്ല.
'' സമ്മർദ്ദത്തെ അതിജീവിക്കുക എന്നതാണ് പ്രധാനം ''
അഖോയ് പറഞ്ഞു.
'' ഗുസ്തിയ്ക്കിടയിൽ സമ്മർദ്ദത്തിന് കീഴടങ്ങിയാൽ അത് പിഴവുകളിലേയ്ക്ക് നയിക്കും. പരാജയത്തിലേയ്ക്കും. ''
മത്സരത്തിന് തയ്യാറാകുന്നവർക്കും പരിശീലനം കാണാനെത്തിയവർക്കും ഇടയിൽ ഞാൻ പെട്ടെന്നൊരു ശ്രദ്ധാകേന്ദ്രമായി. അഖോയ് എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി.
'' ഇന്ത്യയിൽ നിന്നും വരുന്നു. ഗുസ്തിയുടെ നാട്ടിൽ നിന്ന് ''
രാത്രി എല്ലാവരും കൂടിയിരുന്നാണ് ഭക്ഷണം കഴിച്ചത്. ഇന്നുവരെ ഈ കൂടാരത്തിൽ ഒരുമിച്ച് പരിശീലിച്ചവർ നാളെ മത്സരത്തട്ടിൽ നേർക്കുനേർ വന്നേയ്ക്കാം. എല്ലാവർക്കും വിജയിക്കാൻ ഊർജ്ജം പകരുന്ന ഒരു നിശ ആയിരുന്നു അത്. തീറ്റയും ആട്ടവും പാട്ടും. യാത്രയുടെ ക്ഷീണം പൂർണമായും അലിഞ്ഞ് ഇല്ലാതെയായി. നാളെ മുതൽ നടക്കുന്ന മത്സരത്തിൽ മൗസിയയുടെ സംഘത്തോടൊപ്പം ചേരാൻ അഖായ് എന്നെ ക്ഷണിച്ചു. ഞാൻ ക്ഷണം സ്വീകരിച്ചു.
'' വെറുതേയാ.... ഇത്തവണയും ജയിക്കുന്നത് ക്യാറ്റല തന്നെയാവും. ''
മിറിയം കളിയാക്കി. ക്യാറ്റലയാണ് നിലവിലെ ജേതാക്കൾ. ഒരുപാട് വിഭാഗങ്ങളിൽ ആയി ആണ് മത്സരം. ദീർഘകാലങ്ങളായി ക്യാറ്റല പുലർത്തുന്ന മേധാവിത്തത്തെ ചെറുക്കാൻ മറ്റാർക്കും ആയിട്ടില്ല.
'' 'അഖായ് ' രണ്ടു വർഷം മുൻപത്തെ ഒരു കിരീട ജേതാവാണ്. ''
ആരോ പറഞ്ഞുതന്നു. പിന്നീട് പറ്റിയ എന്തോ അപകടത്തിൽ ' അഖായ് ' യുടെ കാലിനു പരിക്കേറ്റു. അത് മൗസിയയ്ക്കാകെ നിരാശയാണ്. ഉറച്ച ഒരു വിജയമാണ് പരിക്കിൽ തട്ടി മാറിപ്പോയത്.
വെല്ലുവിളികളെ അതിജീവിക്കുന്നവനാണ് യദാർത്ഥ വിജയി എന്നു പറയുന്നതുപോലെ പരിശീലക വേഷത്തിൽ മൗസിയയുടെ വിജയത്തിനായി വിയർപ്പൊഴുക്കുകയാണ് അഖായ് ഇപ്പോൾ.
'' ഇത്തവണ മൗസിയ്ക്കു തന്നെ വിജയം. ''
ഞാൻ മിറിയത്തെ ശുണ്ഡിപിടിപ്പിച്ചു.
'' ഇതുപോലെ കാലിന് പരിക്കേറ്റവരൊന്നും അല്ല ക്യാറ്റിലയിലെ പരിശീലകർ. ''
മിറിയം അഖായ് യെ കളിയാക്കി.
അഖായ് മിറിയത്തെ തള്ളി തറയിലേയ്ക്കിട്ടു.
'' ദേ കിടക്കുന്നു ക്യാറ്റിലയുടെ പോരാളി തറയിൽ ''
എല്ലാവരും ചിരിച്ചു.
'' അയ്യട... നാളെമുതൽ കാണാം ആരാണ് തറയിൽ വീഴുന്നതെന്ന്.... ''
'' കാണാം.. ''
ജോഫ്രോ ആണ് പറഞ്ഞത്.
'' ജോഫ്രോ.... നീ സൂക്ഷിച്ചു നിന്നോ... ''
രണ്ടു വർഷം മുൻപ് അഖായ് വിജയിച്ച ഇനത്തിലാണ് ഇത്തവണ ജോഫ്രോ മത്സരിക്കുന്നത്. കഴിഞ്ഞ വർഷം ക്യാറ്റലയിലെ പോരാളിക്കു മുൻപിൽ അഖായ് വീണുപോയിരുന്നു. ഇത്തവണ ശിഷ്യനിലൂടെ വിജയം തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് അഖായ്. വനിതകളുടെ ഗുസ്തിയാണ് ക്യാറ്റിലയുടെ കുത്തക. മറ്റുള്ളവർക്ക് കിരീടം വഴുതിപ്പോകുന്നതും അവിടെത്തന്നെ. ഇത്തവണ സ്ത്രീശക്തിയിൽ കൂടുതൽ പ്രതീക്ഷ അർപ്പിച്ചാണ് മൗസിയയുടേയും വരവ്. കിരീടം നേടണമെങ്കിൽ ക്യാറ്റലയുടെ ശക്തികേന്ദ്രത്തിൽ തന്നെ വിള്ളൽ വീഴ്ത്തണം. അത് ദുഷ്കരമാണ്. അട്ടിമറി പ്രതീക്ഷ നിലനിർത്തുന്ന മൗസിയയുടെ ഗുസ്തിക്കാരികളേയും അഖായ് എനിക്ക് പരിചയപ്പെടുത്തിതന്നു. അവരെല്ലാം മിറിയത്തിനും പരിചയക്കാരായിരുന്നു. കൂട്ടുകാരികൾക്കു മുന്നിൽ മിറിയവും പ്രാദേശികത മറന്നു. അവർക്കെല്ലാം മിറിയം ആത്മാർത്ഥമായ വിജയാശംസകൾ നേരുന്നുണ്ടായിരുന്നു.
നാളെകാണാം.... രണാങ്കണത്തിൽ...
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment