കൊട്ടും ആരവങ്ങളുമായി ആഘോഷപൂർവമായിരുന്നു രാവിലേ കൂടാരത്തിൽ നിന്നും മത്സര സ്ഥലത്തേയ്ക്കുള്ള യാത്ര. ചെണ്ട പോലെ തോന്നിക്കുന്ന തുകൽ വരിഞ്ഞ വാദ്യങ്ങൾക്കു തന്നെയാണ് മേൽകൈ. തെരുവു മുഴുവൻ അലങ്കരിച്ചിരിക്കുന്നു. ഞങ്ങളുടെ കൂടാരങ്ങളിൽ നിന്നെന്നതുപോലെ മാൽസൂപ്പിയയിലെ പന്ത്രണ്ടു പ്രവിശ്യകളിൽ നിന്നും ഉള്ള മത്സര സംഘങ്ങളും ആരാധക വൃന്ദവും തെരുവ് കീഴടക്കിയിരിക്കുന്നു. മൗസിയ ഉത്സവ തിമിർപ്പിലാണ്. തിമിതിമിർപ്പിലാണ്.
രാവിലേ ഉണർന്നപ്പോൾ കൂടാരത്തിന്റെ ഭാവമാകെ മാറിയിരിക്കുന്നു. എല്ലാവരും പുത്തൻ വസ്ത്രം അണിഞ്ഞ് ചിരിച്ച മുഖവുമായി വിശ്രമകാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. അഖായ് എനിക്കും പുതിയ വസ്ത്രങ്ങൾ കൊണ്ടുവന്നു തന്നു. മഞ്ഞനിറത്തിൽ ആലോലം മുങ്ങിയ വസ്ത്രങ്ങളാണ്. കൂടാരത്തിൽ എല്ലാവർക്കും മഞ്ഞ തന്നെയാണ് വസ്ത്രപ്പെരുമ. മൗസിയൻ സംഘത്തിന്റെ ഔദ്യോഗിക നിറമാണെന്നു തോന്നുന്നു.
കുളിച്ചൊരുങ്ങി പുറത്തിറങ്ങി. മിറിയത്തെ കാണാനില്ല. മിറിയം ക്യാറ്റലയുടെ സംഘത്തോടൊപ്പം ചേരാൻ പോയെന്നും മത്സര സ്ഥലത്തു വച്ച് വീണ്ടും കണ്ടുമുട്ടാമെന്നും അറിയിച്ചു അഖായ്. എല്ലാവരും വലിയ തിരക്കിലാണ്. ഗോഥയിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നവർ മുതിർന്നവരുടെ അനുഗ്രഹം തേടുന്നു. കുട്ടികൾ രാവിലേ തന്നെ യുദ്ധം തുടങ്ങി. മുതിർന്നവർ പലയിടത്തും വട്ടംകൂടി നിന്ന് സംസാരിക്കുന്നു. എല്ലാവരും നല്ല സന്തോഷത്തിൽ തന്നെയാണ്.
അഖോയി മുഴുവൻ മൗസിയക്കാർക്കും വേണ്ടി തങ്ങളുടെ കായിക സംഘത്തിലെ ഓരോരുത്തരേയും പരിചയപ്പെടുത്തി. യോദ്ധാക്കളും വീര വനിതകളും പ്രത്യേകം അലങ്കരിച്ച പീഠങ്ങളിൽ ഇരുന്നു. 'ജോഫ്ര' യും കൂട്ടത്തിൽ ഉണ്ട്. ഇരുപത് പുരുഷന്മാരും ഇരുപത് സ്ത്രീകളും. നാൽപ്പതുപേർ അടങ്ങുന്ന സംഘമാണ്. എന്റെ സമീപത്തു നിന്ന രണ്ട് പുരുഷന്മാർ അഖായ് യുടെ സംഘാടന മികവിനെ പുകഴ്തുന്നതു കേട്ടു . ഇത്രയും മികച്ച ഒരു കായിക സംഘത്തെ ഗോഥയിൽ ഇറക്കാൻ ഈ അടുത്തൊന്നും മൗസിയക്കാർക്ക് കഴിഞ്ഞിട്ടില്ല.
'' എല്ലാം അഖായ് യുടെ മിടുക്ക്. ''
'' കാലിന് പരിക്ക് സാരമുള്ളതാണോ...?, അല്ലെങ്കിൽ ഉറപ്പിച്ച ഒരു വിജയമായിരുന്നു. ''
'' ജോഫ്രയും മോശക്കാരനല്ല... ''
'' അനുഭവസമ്പത്ത് കുറവാണ് ''
'' അതിനല്ലേ അഖായ് ഉം ബീച്ചു വും ഒക്കെ.. ''
'' പരിശീലനപ്പടകൊണ്ടായോ... ഗോഥയിൽ ഇറങ്ങേണ്ടത് മല്ലന്മാർ അല്ലേ ''
ചർച്ചകനക്കുന്നു. എല്ലാവരും എന്നെ കൗതുകത്തോടെ നോക്കുന്നുണ്ട്.
'' അഖായ് യുടെ സുഹൃത്തായതു കൊണ്ടാണ്. അല്ലെങ്കിൽ പുറത്തു നിന്നുള്ള ഒരാൾക്ക് കൂടാരത്തിനുളളിൽ പ്രവേശിക്കാൻ ആകില്ലായിരുന്നു. ''
ഒരാൾ എന്നോട് പറഞ്ഞു.
അപ്പോൾ മിറിയം രക്ഷിച്ചതാണ്. മിറിയം വിചാരിച്ചിരുന്നെങ്കിൽ മാൽസൂപ്പിയക്കാരുടെ മാമൂലുകൾ തെറ്റിച്ചുകൊണ്ട് ക്യാറ്റലയുടെ കൂടാരത്തിനുള്ളിൽ എന്നെ കയറ്റാൻ പറ്റില്ലായിരുന്നു. 'അഖായ് ' ഇപ്പോൾ മൗസിയൻ സംഘത്തിന്റെ എല്ലാം എല്ലാം ആണ്. അതാണ് എതിർപ്പൊന്നും കൂടാതെ എനിക്ക് മൗസിയൻ സംഘത്തിന് ഒപ്പം ചേരാൻ ആയത്. നന്ദിയുണ്ട് മിറിയം. ഈ ആഘോഷം നഷ്ടമായിരുന്നെങ്കിൽ എന്റെ യാത്ര വിഫലമായേനെ.
'' പുറത്തുള്ളവരും കാണട്ടേ ഇതൊക്കെ. മൗസാന്മാരുടെ പാട്ടുപോലെ ലോകം മുഴുവൻ നമ്മുടെ വാർത്തകൾ പരക്കട്ടേ.... അല്ലേ....! ''
ഒരു അമ്മാവൻ എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാനും ചിരിച്ചു. നമ്മുടെ വടക്കൻപാട്ടുകൾ പാടി പ്രചരിപ്പിച്ച പാണന്മാരെ പോലെ വർഷാവർഷം ഗുസ്തി കഴിഞ്ഞ് വീരന്മാരുടേയും ധീരകളുടേയും വിജയഗാഥകൾ മാൽസൂപ്പിയആകെ പാടി നടക്കുന്ന പാട്ടുകാരാണ് ഈ മൗസാന്മാർ. മൗസിയയിൽ നിന്നും വരുന്നതു കൊണ്ട് മൗസാന്മാർ എന്ന് വിളിക്കുന്നു. മൗസിയ മുതൽ ക്യാറ്റലവരെ ഓരോ ദേശത്തേയും വീരന്മാരുടെ പാട്ടുകൾ അവരങ്ങനെ പാടിനടക്കും.
യോഥാക്കളെ എല്ലാവരേയും സഭയ്ക്ക് പരിചയപ്പെടുത്തി അഖായി വേദി ഒഴിഞ്ഞു. പ്രായമേറിയ ഒരു സംഘം വേദിയിൽ കയറി എനിക്ക് മനസ്സിലാകാത്ത ഭാഷയിൽ പാട്ട് തുടങ്ങി. ഇവരാകണം മൗസാന്മാർ.
''പഴയ മൗസിയൻ പടയാളികളുടെ വീരഗാഥകളാണ്. ''
ഒരാൾ പറഞ്ഞു.
'' വീരന്മാരും ധീരകളും മൗസിയയിൽ ഉള്ളതുപോലെേ വേറേ എങ്ങും ഇല്ല. ''
മറ്റൊരാൾ ഊറ്റം കൊണ്ടു.
ചുറ്റും നിന്നവർ തല കുലുക്കി. അഖായി എന്നെ കൂടുതൽ പേർക്ക് പരിചയപ്പെടുത്തി. ചില മുൻകാല യോഥാക്കൾ, അഖായ് യുടെ അമ്മ, അച്ഛൻ, കുടുംബം...
അഖായ്ക്ക് മത്സരിക്കാൻ കഴിയാത്തതിൽ അമ്മയ്ക്ക് ദുഃഖമുണ്ട്.
'' കുരുത്തക്കേടുകൊണ്ടാ മോനേ... മല്ലന്മാർ കരുത്തുകാട്ടേണ്ടത് ഗോഥയിലാണ്. കടലിനോടല്ല... ''
അമ്മ പറഞ്ഞു. അപ്പോൾ അഖായ് യുടെ കാലിലെ പരിക്ക് പരിശീലനത്തിനിടെ പറ്റിയതല്ല. കടലിനോടുള്ള യുദ്ധത്തിൽ പറ്റിയതാണ്.
പരിക്കിന് കാരണം എന്തെന്ന് ചോതിക്കണം.
ഇപ്പോൾ അതിനുള്ള നേരമല്ല..
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment