മാല്‍സൂപ്പിയന്‍ ഗാഥകള്‍ 24

     സൂര്യൻ മാനത്ത് ചുവപ്പ് ചായംവരച്ച് അടയാളം കാട്ടിയതോടെ ആദ്യ ദിവസത്തെ മത്സരങ്ങൾ തുടങ്ങാൻ സമയമായി. ആദ്യദിനം തന്നെ ജോഫ്രോ മത്സരിക്കുന്നുണ്ട്. 'പഹാനിയ'ക്കാരി 'മാഫി' യും ആദ്യ ദിനം തന്നെ ഗോഥയിൽ കയറും. ഒരേ സമയം ആറ് വ്യത്യസ്ഥ ഗോഥകളിൽ മത്സരങ്ങൾ നടക്കുന്നുണ്ട്. ഞങ്ങൾ ചെളി നിറഞ്ഞ വയലിൽ ഇറങ്ങി ജോഫ്രോയുടെ ഗുസ്തി നടക്കുന്നിടത്തേയ്ക്ക് പോയി. നഗ്നപാദനായാണ് നടപ്പ്. മുട്ടിനൊപ്പം ചെളി ആണ്. എല്ലാവരും ചെളി ആഘോഷമാക്കുകയാണ്. കുട്ടികൾ അടിമുടി തൊളിയിൽ മുങ്ങിക്കഴിഞ്ഞു. ആർക്കും ഗൗരവമേതുമില്ല.

          ഗുസ്തിയെ കൂടുതൽ സാങ്കേതികമായി വിവരിച്ചു തരാനുള്ള അറിവൊന്നും എനിക്കില്ല. എങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല. കാണികൾ ചേറിൽ കുളിച്ചാണ് നിൽപ്പ്. ആവേശമേറി, പ്രായഭേതമന്യേ അടിമുതൽ മുടിവരെ ചേറുപറ്റി പൊട്ടിച്ചിരിക്കുന്നവരേയും പരസ്പരം തള്ളിയിട്ട് കളിക്കുന്നവരേയും കാണാം. ജോഫ്രോ ആദ്യഘട്ടം ജയിച്ചു. മാഫിയും ജയിച്ചുകയറിയെന്നു കേട്ടു.

        രാത്രി മൗസിയയുടെ കൂടാരത്തിൽ വിശ്രമിക്കും. പകൽ മുഴുവൻ ഉത്സവാന്തരീക്ഷത്തിൽ ചുറ്റി നടക്കും വൈകുന്നേരങ്ങളിൽ ഗുസ്തി. കുറേ ദിനങ്ങളാണ് അപ്പൂപ്പൻതാടി പോലെ അങ്ങനെ പറന്നുപോയത്. ഒടുവിൽ അവധിക്കാലങ്ങൾക്ക് തുടക്കം കുറിക്കുന്ന ഗുസ്തി മത്സരങ്ങൾ അവസാനിച്ചപ്പോൾ മാൽസൂപ്പിയയിലെ മുഴുവൻ ജനങ്ങൾക്കും ഒരു പുതിയ ജീവൻ വീണതുപോലെ തോന്നി. കഴിഞ്ഞ കുറേ ദിനങ്ങൾ അവർ ആഘോഷിക്കുകയായിരുന്നു. ഗുസ്തി ദിനങ്ങളിലെ പകൽ സഞ്ചാരങ്ങളിലൂടെ മാൽസൂപ്പിയയുടെ തൊണ്ണൂറ് ശതമാനവും ഞാൻ കണ്ടു തീർത്തു. ഇടയ്ക്ക് ഒന്നു രണ്ട് ദിനങ്ങൾ സഞ്ചാരങ്ങൾക്ക് വേണ്ടി ഗുസ്തി മാറ്റിവൈക്കേണ്ടി വന്നു. ' അഖായ്'യുടെ തിരക്കൊഴിയുന്നതുവരെ കാത്തു നിൽക്കാതെ കാഴ്ചകൾ കണ്ടുതീർക്കാം എന്നു പറഞ്ഞത് മിറിയം തന്നെയാണ്. ഗുസ്തി മത്സരങ്ങൾ കഴിഞ്ഞ് മിറിയത്തിനും അഖായ്ക്കും മറ്റെന്തോ പദ്ധതി ഉണ്ടെന്നു തോന്നുന്നു.

        ഗുസ്തിയുടെ ഫലങ്ങളിലേയ്ക്കു വരാം. ജോഫ്രോ ജയിച്ചു. മാഫിയും ജയിച്ചു. പതിവുപോലെ കൂടുതൽ കിരീടങ്ങൾ ക്യാറ്റലയിലേയ്‌ക്കുതന്നെ പോയി. അടുത്ത വർഷം കിരീടം നേടാമെന്ന പ്രതിജ്ഞയെടുത്ത് മൗസിയയും പഹാനിയയും നിരാശതീർത്തു. ഇത്തവണ ഏകപക്ഷീയമായിരുന്നില്ല ക്യാറ്റിലയുടെ വിജയം. ഓരോ മത്സരത്തിലും കനത്ത വെല്ലുവിളികൾ പല മത്സരഫലങ്ങളും അട്ടിമറിക്കപ്പെട്ടു. പലതവണ കിരീടമണിഞ്ഞവർ ഇത്തവണ പരാജയത്തിന്റെ നോവറിഞ്ഞു. ജോഫ്രയെ പോലെ ആദ്യ വരവിൽ തന്നെ കിരീടമണിഞ്ഞവർ നാടിന്റെ താരമായി. തുടക്കത്തിനെ വെല്ലുന്ന തരത്തിൽ സമാപനം പൊടിപൊടിച്ചു. മൗസിയയെ പൊരുതാവുന്ന സംഘമാക്കി മാറ്റിയ അഖായിയെ നാട്ടുകാർ സ്നേഹം കൊണ്ടു പൊതിഞ്ഞു. മാൽസൂപ്പിയയുടെ പുറത്തുനിന്നും വന്ന് മൗസിയക്കായി കയ്യടിച്ച എനിക്കും കിട്ടി സ്നേഹത്തിൽ പങ്ക്.

           ഗുസ്തി മത്സരങ്ങൾ കഴിഞ്ഞുള്ള ദിവസങ്ങളിൽ ഞങ്ങൾ മൗസിയ മുതൽ ക്യാറ്റില വരെയുള്ള റോഡുമാർഗ്ഗം സഞ്ചരിച്ചു. ഞങ്ങളെന്നു പറഞ്ഞാൽ ഞാൻ, മിറിയം, അഖായ്, ജോഫ്രോ. സഞ്ചരിച്ചത് മോട്ടോർകാറിൽ. അമിതവേഗതയിൽ അല്ല, മിതമായ വേഗത, അതിയായ സന്തോഷം.

             കുട്ടികളേയും കൂട്ടി നടക്കുന്ന അച്ഛൻമാരേയും അമ്മമാരേയും കാണാം. മാൽസൂപ്പിയ എന്ന പേരിന് പിന്നിലെ കഥ പണ്ടേ പറഞ്ഞതാണല്ലോ. അത് ഓർക്കുക.





തുടരും ....
                                      A Work by Hari ....

ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു  വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....

Comments