'' ഒരു സാഹസത്തിന് തയ്യാറുണ്ടോ? ''
'' എന്നോടുതന്നെ ഇതു ചോതിക്കണോ...? ''
'' ഇന്നത്തെക്കാലത്ത് വിമാനത്തിൽ കയറി മാൽസൂപ്പിയയിലേയ്ക്കു വരുന്നത് ഒരു സാഹസമൊന്നുമല്ല. ''
'' ഒരിക്കലും അല്ല. ''
'' പക്ഷേ സാഹസികമായ മറ്റൊന്നുണ്ട്.... ''
'' സാഹസം എന്തിനും ഞാൻ തയ്യാർ... ''
'' ജീവൻ ഉറപ്പു നൽകാനാവില്ല. ''
'' അടുത്ത നിമിഷം അതുണ്ടാവുമെന്ന് എന്താണ് ഉറപ്പ്. ''
'' പറയുന്നത്ര തമാശ അല്ല. കടലിൽ നീന്താൻ അറിയുമോ..? ''
'' അറിയാം. ''
'' ദിവസങ്ങളോളം അനിശ്ചിതത്വത്തിൽ ജീവിക്കാൻ മനക്കരുത്തുണ്ടോ..? ''
'' മരിക്കുവോളം മരിക്കാതെ ജീവിക്കാനുള്ള മനക്കരുത്തുണ്ട്... ''
'' എങ്കിൽ ഒരുങ്ങിക്കൊള്ളൂ... മാൽസൂപ്പിയ വിടാൻ... ''
'' മാൽസൂപ്പിയ വിടാനോ...? അതും ഈ സമയത്ത്...? ''
'' അസമയത്ത് പുറത്തിറങ്ങുന്നവനല്ലേ ധൈര്യം വേണ്ടൂ.. ''
അങ്ങനെയാണ് മാൽസൂപ്പിയയിൽ നിന്ന് അപ്രതീക്ഷിതമായ മടക്കം തീരുമാനിച്ചത്.
'അഖായ് ', ' മിറിയം', 'ജോഫ്രോ', ഞാൻ. കടൽ വഴി.
ലക്ഷ്യം : അറിയില്ല.
മാർഗ്ഗം : മരിക്കുവോളം കടലിൽ തുടരുക.
അഖായ് പറഞ്ഞ കാര്യങ്ങൾ
മാൽസൂപ്പിയയ്ക്കു പുറത്തേയ്ക്ക് പോകാൻ ശ്രമിക്കുകയാണോ, 'അ' നിങ്ങളെ തടയില്ല. ലോകം കാണേണ്ടവർക്ക് അത് കാട്ടിക്കൊടുക്കണം എന്ന് 'അ' യ്ക്ക് അറിയാം. അല്ലെങ്കിൽ അന്വേഷണ കുതുകിയായ മനുഷ്യൻ തന്നെ തോൽപ്പിക്കും എന്നും.
കടലിൽ ഇറങ്ങുന്ന എല്ലാവരും മറുകരയിൽ എത്തിയാൽ...
അത് പാടില്ല. കടൽ ധീരന്മാർക്കുള്ളതാണ്. കടൽ കടക്കുന്നവർ അതിനുള്ള കഴിവു തെളിയിക്കണം. യോഗ്യതയില്ലാത്തവനെ തിരിച്ചയക്കും 'അ'.
സാധാരണ സാഹചര്യങ്ങളിൽ മാൽസൂപ്പിയൻ തീരത്തുനിന്നും കടൽകടക്കാൻ കഴിയുന്ന യാനങ്ങളും അതിനെ നിയന്ത്രിക്കാൻ പരിശീലനം നേടിയ നാവികരും ഉണ്ട്. ആധുനിക സൗകര്യങ്ങളുടെ സഹായത്തോടെ ആവേശകരവും ആസ്വാദ്യകരവും സാഹസികവുമായ ഒരു യാത്രയിലൂടെ ആ യാനങ്ങൾ മാൽസൂപ്പിയക്ക് പുറത്തേയ്ക്കും പുറത്തുനിന്നും മാൽസൂപ്പിയയിലേയ്ക്കും യാത്രക്കാരെ എത്തിക്കും. ഇന്ന് വളർന്നുവരുന്ന ഒരു വിനോദസഞ്ചാരപാത തന്നെയാണ് ഈ കടൽയാത്ര.
കടൽ ശാന്തമായ നേരത്ത് ഒറ്റയ്ക്ക് കടൽകടക്കാനുള്ള ശ്രമങ്ങൾ അപകടകരമാണ് എന്നാണ് പറയുന്നത്. അങ്ങനെ ഒരു ശ്രമത്തിന്റെ സമ്മാനമാണ് തന്റെ കാലിലെ പരിക്കെന്ന് അഖായ് പറയുന്നു.
'' ഏഴുദിനങ്ങൾ.. ഏഴു ദിനങ്ങൾക്കകം നിങ്ങൾ യാത്ര തുടങ്ങിയ തീരത്തിൽ തിരിച്ചെത്തും... ''
തിരയിൽപ്പെട്ടോ തോണി മറിഞ്ഞോ യാത്ര മുടങ്ങും. പക്ഷേ ഒരിക്കലും ആരും മരിക്കില്ല. യാത്ര തിരിച്ച് ഏഴുനാളുകൾക്കകം സഞ്ചാരി ജീവനോടെ തീരത്ത് തിരിച്ചെത്തും. കൂട്ടമായി വലിയ യാനങ്ങളിൽ സഞ്ചരിക്കുക എന്നതാണ് ഈ സമയത്ത് സഞ്ചരിക്കാവുന്ന മാർഗ്ഗം.
വലിയ കൂട്ടങ്ങളായുള്ള സഞ്ചാരം എന്നെ സംബന്ധിച്ച് വധിക്കുന്നതിനൊപ്പമാണ്.
'' അപ്പോൾ എന്തു ചെയ്യും ''
അഖായ് മറുപടി നൽകി.
കടൽ കോപംകൊണ്ടു നിൽക്കുമ്പോൾ ഒറ്റയ്ക്ക് കടലിലേയ്ക്കിറങ്ങുക. മുങ്ങിപ്പോകാത്ത ഒരു ചെറുവളളത്തിൽ. ഒരു കാര്യം ഉറപ്പാണ്. 'അ' അതിന്റെ പ്രിയപ്പെട്ടവരെ കൊല്ലില്ല.
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment