ആകാശത്തെ പാൽക്കടലാക്കി ചന്ദ്രൻ. കടൽക്കരയിൽ നിർത്തിയിട്ട തോണിയിൽ കയറി ഞങ്ങൾ കാത്തിരിപ്പാണ്. ശുഭസമയം തിരഞ്ഞെടുക്കേണ്ടത് 'അ' ആണെന്നത്രെ അലിഖിത നിയമം. നേരമാകുമ്പോൾ കടൽ കരയ്ക്കുകയറും. വഞ്ചികളെ മെല്ലെ അതിന്റെ മാറിലേയ്ക്ക് അടുപ്പിക്കും.
വെള്ളച്ചാട്ടത്തിന്റെ കരയിൽ കഴിച്ചുകൂട്ടിയ രാത്രിയെ ആണ് ഓർമവന്നത്. കടലാകെ പാൽനുര. അന്ന് ഉദിച്ചുയർന്ന നക്ഷത്രത്തിന്റെ സ്ഥാനത്ത് ഇന്ന് നിറതിങ്കളാണ്.
ചന്ദ്രൻ. പാൽ ചൊരിയുന്ന ചന്ദ്രൻ എങ്ങനെയാണ് ആണായത്...? സംശയം തന്നെ....
കടൽ അടുത്തടുത്ത് വരുന്നു. നോക്കി നിൽക്കെ വഞ്ചികളെ ജലം പൊക്കിയെടുക്കുന്നു. വേലിയേറ്റമാണ്. എത്ര പെട്ടന്നാണ് സംഭവിച്ചത്. കഴിഞ്ഞ നിമിഷം വരെ കടൽത്തീരമായിരുന്നിടം പാലാഴി ആയി മാറി.
'' ആഞ്ഞു തുഴയിൻ...''
അഖായ് വിളിച്ചു പറഞ്ഞു.
ഞങ്ങൾ തുഴഞ്ഞു തുടങ്ങി.
അഖായ് ഉം ജോഫ്രോയും രണ്ട് പാർശ്വങ്ങളിൽ, ഞാനും മിറിയവും മധ്യത്ത്. ഒരൊറ്റ നിരയിൽ ഒരേ വേഗത്തിൽ തുഴയുകയാണ്. തുഴവീഴുന്നത് പാൽനിറത്തിൽ നുരഞ്ഞുപൊന്തുന്ന ജലത്തിലാണ്.
തിര തീരെ ഇല്ലെന്നു തന്നെ പറയാം. നിലച്ച ജലത്തിൽ കൂടി തുഴയും പോലെ അനായാസം.
ജോഫ്രോ പാട്ടുകൾ പാടാൻ തുടങ്ങി. ഞങ്ങൾ ഏറ്റുപാടി. വരികൾ മറ്റേതോ ഭാഷയിലേത്. ജോഫ്രോ പാടിതീർന്നപ്പോൾ മിറിയം പാടിത്തുടങ്ങി. പിന്നെ അഖായ്, ഞാൻ, ജോഫ്രോ, ഞാൻ, മിറിയം... അവസാനിക്കാതെ പാട്ടുകൾ നീണ്ടുനീണ്ടു പോയി.
തുഴയുകയാണെന്നു തന്നെ മറന്ന രാത്രി.
എത്ര നേരം അങ്ങനെ തുഴഞ്ഞു എന്ന് അറിയില്ല. സമയത്തെക്കുറിച്ച് ധാരണവന്നത് കിഴക്ക് ചുവപ്പ് കട്ടപിടിച്ചു തുടങ്ങിയപ്പോഴാണ്. മുതലപ്പുറത്ത് അരുണന്റെ എഴുന്നള്ളത്ത് ആണ്. ഞാൻ കണ്ണിമ ചിമ്മാതെ നോക്കിനിന്നു.
ആഴിക്കപ്പുറമുളള ഏതോ കുഴിയിൽ നിന്നും കടും ചുവപ്പ് പട്ടുപുതച്ച് ബാലാർക്കൻ ഉണർന്നുവരുന്നു.
തുഴച്ചിൽ നിർത്തി ഞാൻ ആ മാസ്മരിക ഭംഗിയിൽ ലയിച്ചു.
ഓരോ നിമിഷവും പുതിയ അനുഭൂതി. ചുവപ്പിന്റെ നുറുനൂറു വ്യത്യസ്ഥ മുഖങ്ങൾ. പൊയ്ക്കഴിഞ്ഞ നിമിഷത്തെക്കാൾ സുന്ദരം വന്നണയുന്ന ഈ നിമിഷം. കണ്ണുചിമ്മുന്ന നേരം കൊണ്ട് പ്രഭാതത്തിന് പുതിയ ഒരു മാനം വരികയായി. പതിയെ മറ്റൊന്നുകൂടി ഞാൻ തിരിച്ചറിഞ്ഞു, ഞാൻ തുഴയാതെതന്നെ കാറ്റുപിടിച്ചതു പോലെ പായുകയാണ് വഞ്ചി. വശങ്ങയിൽ അഖായ് ഇല്ല , മിറിയം ഇല്ല, ജോഫ്രോ ഇല്ല... ഞാൻ... ഞാൻ മാത്രം... വരുണന്റെ ചുവപ്പ് കമ്പളം തട്ടിമാറ്റി സൂര്യൻ ജ്വലിക്കാൻ തുടങ്ങി. വേഗത കാറ്റിന്റെ ചിറകിലല്ല. കടൽ ഒഴുകുകയാണ്. ഭ്രാന്തുപിടിച്ച ഒരു നദിയെപ്പോലെ. നിയന്ത്രിക്കുവാനേതും മാർഗ്ഗമില്ലാതെ ഞാൻ തളർന്നിരുന്നു. ഇവിടെ എനിക്കൊന്നും ചെയ്യാനില്ല. കാത്തിരിക്കുക മാത്രം. ഇതിന് ഒരന്ത്യമുണ്ടാക്കുന്നതു വരെ.
ഞാൻ വാക്കുകൊടുത്തതാണ് മരിക്കുവോളം ധൈര്യം കൈവിടില്ലെന്ന്.
ആദ്യമായി നിരാശ തോന്നി...
ഇത്രയും ദൂരം പറന്നുവന്നിട്ട് ഞാൻ ശരിക്കും മാൽസൂപ്പിയ കണ്ടോ...? അതിന്റെ പർവതങ്ങൾ, കാടുകൾ, മനുഷ്യർ എന്തെങ്കിലും ഞാൻ കണ്ടോ..? കണ്ടത് ഒരു ഗസ്തി മത്സരം മാത്രം. രഹസ്യമൊളിപ്പിച്ച ഒരു വെള്ളച്ചാട്ടം മാത്രം.
ഇനി ഒരു തിരിച്ചുപോക്ക് അസാധ്യം. തൊടുത്തുവിട്ട അസ്ത്രം പോലെ കുതിക്കുകയാണ് വള്ളം. മനസ്സു പറഞ്ഞു, കാത്തിരിക്കാമായിരുന്നു. കരയിൽ ഇനിയും ഏറെ കാഴ്ചകൾ കണ്ടുതീർക്കാനുണ്ടായിരുന്നു. അല്ലെങ്കിലും മനസ്സൊരു ഭീരുവാണ്. ജയിക്കാനാവില്ലെന്നു തോന്നിയാൽ അത് നഷ്ടപ്പെട്ടതിനെയോർത്ത് ദു:ഖിക്കാൻ തുടങ്ങും. നാം എടുത്ത തീരുമാനത്തിന് മറ്റുള്ളവരെ പഴിപറയാൻ തുടങ്ങും.
തീരുമാനം എന്റേതായിരുന്നു. എന്റേതുമാത്രം. ഞാൻ ഇല്ലായിരുന്നെങ്കിലും അഖായ് തന്റെ യാത്രയ്ക്കിറങ്ങിയേനെ. മിറിയത്തിനു പകരം മറ്റൊരാളെ കരയിൽ കൂട്ടുകിട്ടിയേനെ. അതൊന്നും വേണ്ടെന്നു വച്ച് കടലിലേയ്ക്കിറങ്ങിയത് എന്റെ തീരുമാനമായിരുന്നു. എന്റെ മാത്രം തീരുമാനം.
ഭീരുവായ മനസ്സേ... അടങ്ങിക്കിടക്ക്... ഞാൻ ജയിക്കും... കാരണം മരണത്തിനു മുന്നിലും കാണുന്ന കാഴ്ചകളെ ആസ്വദിക്കാനുള്ള കഴിവ് എനിക്കു കൈമോശം വന്നിട്ടില്ല.
മനസ്സേ... അടങ്ങി കിടക്കവിടെ. സാഹസികർക്കുള്ളതാണ് മരണം. അതിനെ ഭയക്കാൻ ഞാനൊരു ഭീരുവല്ല.....
തുടരും ....
A Work by Hari ....
ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment