പ്രഭാതം പതിവുപോലെ സുന്ദരമായിരുന്നു. കടലിൽ നിന്നും കരയിലേയ്ക്ക് വീശിയടിച്ച കാറ്റും ചാറ്റൽമഴയും കാഴ്ചക്കാരന്റെ കൗതുകത്തോടെ ഞാൻ കണ്ടുനിന്നു. മഴ നനയാതിരിക്കാൻ പാമ്പിൻ പടം മുറിച്ചെടുത്ത് തലയിൽ തൊപ്പിപോലെ വച്ച് താടിക്കു കുറുകേ ഒരു കെട്ടുകെട്ടി. അസ്സൽ മഴത്തൊപ്പി. ചെറുമഴയേറ്റ്നടന്നു. തിര കുറച്ചൊന്നുറക്കെയാണ്. കടലിൽ നിന്നും അകന്നു നിൽക്കുവോളം ഈ തിരകളെ പുഞ്ചിരിയോടെ കാണാം. തിരകളിൽ പെട്ടാൽ ഏതെങ്കിലും പാറക്കെട്ടിൽ തല ഇടിച്ച് ചത്തതുതന്നെ, മനസ്സു പറഞ്ഞു. കടലിൽ മുങ്ങി ചത്തതുതന്നെ എന്ന് മനസ്സ് പറഞ്ഞില്ല. മനസ്സേ... നിനക്കിപ്പോഴും കടലിൽ ആണല്ലേ കണ്ണ്.
എങ്ങനെ പെട്ടന്ന് പറയണം എന്നറിയില്ല. കാരണം തയ്യാറെടുപ്പോ സൂചനയോ ഇല്ലാതെ പെട്ടന്നാണ് അതു നടന്നത്.
ഞാൻ മനുഷ്യനെ കണ്ടു.
ഒന്നല്ല, രണ്ടല്ല, മൂന്നുപേരെ. രണ്ടാണും ഒരു പെണ്ണും. കരയ്ക്കടുപ്പിച്ച ബോട്ടിൽ നിന്നും തിരയിലേയ്ക്കിറങ്ങി തീരത്തേയ്ക്കു കയറാൻ കഷ്ടപ്പെടുകയായിരുന്നു അവർ. ഞാൻ അമിതമായ ആനന്ദത്താൽ തുളളിച്ചാടിയില്ല, വിളിച്ചുകൂവിയില്ല, അവർക്കടുത്തേയ്ക്ക് ഓടിയില്ല. എന്റേതു മാത്രമായിരുന്ന സ്വർഗ്ഗത്തിൽ വന്നു കയറിയ കട്ടുറുമ്പായാണ് അവരെ ആദ്യം എനിക്കു തോന്നിയത്.
കുറേ ദിവസങ്ങൾക്കു മുൻപ് എന്റെ ശരീരം പന്താടിയതുപോലെ തിരമാല അവരെയും നൃത്തം പഠിപ്പിച്ചു. പിന്നീട് സുരക്ഷിതമായി കരയിലെത്തിച്ചു. ബോട്ട് വലിയ ഒന്നായിരുന്നു. അതിനെ തകർക്കാൻ തിരകൾക്കാകില്ല.
പെട്ടന്ന് ആ ബോട്ടിൽ നിന്നും ഏറെ പ്രിയപ്പെട്ട ഒന്ന് എന്നെ നോക്കി കൈവീശി കാണിച്ചു. ഞാൻ വീണ്ടും നോക്കി എനിക്ക് തെറ്റിയിട്ടില്ല. രക്ഷപ്പെടാൻ പോകുന്നു എന്ന ബോദ്ധ്യം പൂർണമായും നിറഞ്ഞത് ഇപ്പോഴാണ്. ഞാൻ ഉറക്കെ കൂകിക്കൊണ്ട് അവർക്കടുത്തേയ്ക്ക് ഓടി.
ബോട്ടിൽ നിന്നും എന്നെ കൈ വീശിക്കാട്ടിയത് ഒരു പതാക ആയിരുന്നു. ഭാരതത്തിന്റെ പതാക. അതായത് ഇത് ഇന്ത്യൻ നേവിയുടെ ബോട്ടാണ്, അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യ വ്യക്തിയുടെ. ഏറ്റവും പ്രധാനം ഇത് മാൽസൂപ്പിയയ്ക്കു പുറത്തുള്ള ഒരു ലോകത്തിന്റെ ചിഹ്നമാണ് എന്നതാണ്.
ആ കൊടി കാറ്റിൽ പാറിക്കളിച്ചു. അതെന്നെ സ്നേഹത്തോടെ, അഭിമാനത്തോടെ നോക്കി. തീരത്തേയ്ക്ക് കുതിക്കാൻ എനിക്കു ശക്തി തന്നു. സുരക്ഷിതത്വ ബോധം എന്താണെന്ന് ഞാൻ അറിഞ്ഞു...
ഓടി അടുക്കുന്ന എന്നെ കണ്ട് മൂവരും ഭയപ്പെട്ടു പോയി എന്നത് തീർച്ചയാണ്. അവർക്ക് ഇത് പരിജിതമായ ദ്വീപ് ആകാം. ഇവിടെ മനുഷ്യവാസം അവർ തീരെ പ്രതീക്ഷിച്ചിരിക്കില്ല. തലയിൽ പാമ്പിൻ തോലുമായി ഓടി വരുന്ന ഒരുവനെ ഒരു പ്രേതമായി ആക്കാം അവർ കണ്ടത്.
നിമിഷങ്ങൾക്കകം എനിക്കുനേരേ മൂന്നു തോക്കുകൾ ചൂണ്ടപ്പെട്ടു. എനിക്ക് ചിരി വന്നു. ഞാൻ തലയിൽ നിന്നും പാമ്പിൻ തോൽ വലിച്ചെടുത്ത് കളഞ്ഞു. ചിരിച്ചു കൊണ്ട് ഞാൻ തോക്കുകൾക്ക് അടുത്തേക്ക് നീങ്ങി. തോക്കു ചൂണ്ടി നിൽക്കുന്ന ഒരു മനുഷ്യനോട് ചൂണ്ടപ്പെട്ട മനുഷ്യന് സ്നേഹംതോന്നുക. അത്ഭുതമായിരിക്കാം. ചില സാഹചര്യങ്ങൾ അങ്ങനെയാണ് സാമാന്യബുദ്ധിക്ക് എളുപ്പം അവയെ നിർവചിക്കാൻ ആകില്ല.
ആദ്യമായി വിളിച്ചു പറഞ്ഞു.
'' രക്ഷിക്കൂ...... ഞാനും ഇന്ത്യയിൽ നിന്നാണ്...... ''
തോക്കുകൾ അയഞ്ഞില്ല. മുഖത്തെ കടുപ്പങ്ങൾക്ക് മാറ്റമില്ല. ഞാൻ ഭയമേതുമില്ലാതെ അവർക്കരികിലേയ്ക്കുതന്നെ നീങ്ങി. കയ്യിൽ ആയുധമേതും ഇല്ലാത്തതിനാലാവാം ഇതുവരെ തോക്കുകൾ ശബ്ദിക്കാത്തത്. അവർക്കരികിൽ എത്തി ഞാൻ അറിയാവുന്ന ഭാഷയിലൊക്കെ വിളിച്ചു പറഞ്ഞു.
'' രക്ഷിക്കുക.... ഞാനും ഇന്ത്യയിൽ നിന്നാണ്...''
തോക്കുകൾ താണു. മുഖങ്ങളിൽ ചിരി പടർന്നു. ഞാൻ ഒരു പാകിസ്ഥാനി ആയിരുന്നെങ്കിൽ അവരെന്നെ രക്ഷിക്കുമായിരുന്നില്ലേ..? രക്ഷിക്കുമായിരുന്നു. ഞാൻ പാകിസ്ഥാനി എന്നു പറഞ്ഞിരുന്നെങ്കിലും അമേരിക്കൻ എന്നു പറഞ്ഞിരുന്നെങ്കിലും ആഫ്രിക്കൻ എന്നു പറഞ്ഞിരുന്നെങ്കിലും അവതരുട തോക്കുകൾ താണേനെ. മുഖത്ത് ഇതേ ചിരി പടർന്നേനെ. കാരണം നമ്മളെല്ലാം മനുഷ്യരാണ്. മനുഷ്യനാവുക എന്നതാണ് പ്രധാനം.
ഞാൻ തളർന്നുവീഴാൻ തുടങ്ങിയോ...
രണ്ടു പുരുഷന്മാരും ഓടി വന്ന് എന്നെ താങ്ങി നിർത്തി. വെളളം എവിടെയുണ്ട് എന്നുമാത്രം അവർ ചോതിച്ചു. ഞാൻ അവരുടെ കൈപിടിച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങി. വെള്ളച്ചാട്ടത്തിലേയ്ക്ക്. കൂട്ടത്തിൽ ഒരാൾ തീരത്തു തന്നെ നിന്നു. ബോട്ടിനു കാവലായി. അവരുടെ ചലനങ്ങൾ അതിയായ വേഗത്തിലായിരുന്നു. പെട്ടന്ന് ആവശ്യത്തിന് ജലം ശേഖരിച്ച് നമുക്കിവിടം വിടണം.
രണ്ടു പുരുഷന്മാരും ഓടി വന്ന് എന്നെ താങ്ങി നിർത്തി. വെളളം എവിടെയുണ്ട് എന്നുമാത്രം അവർ ചോതിച്ചു. ഞാൻ അവരുടെ കൈപിടിച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങി. വെള്ളച്ചാട്ടത്തിലേയ്ക്ക്. കൂട്ടത്തിൽ ഒരാൾ തീരത്തു തന്നെ നിന്നു. ബോട്ടിനു കാവലായി. അവരുടെ ചലനങ്ങൾ അതിയായ വേഗത്തിലായിരുന്നു. പെട്ടന്ന് ആവശ്യത്തിന് ജലം ശേഖരിച്ച് നമുക്കിവിടം വിടണം.
തുടരും ....
A Work by Hari ....
A Work by Hari ....
ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment